ഇടുക്കി: മലയോര ജില്ലയായ ഇടുക്കിയുടെ രാഷ്ട്രീയം ഏറെ പ്രത്യേകതകള്‍ നിറഞ്ഞതാണ്. കോണ്‍ഗ്രസിനും യുഡിഎഫിനും നല്ല വേരോട്ടമുള്ള ഇടുക്കിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കുകള്‍ വേറിട്ടതാണ്. ആകെയുള്ള അഞ്ച് സീറ്റില്‍ 2006 മുതല്‍ മേല്‍ക്കൈ എല്‍ഡിഎഫിനാണ്. അന്ന് അഞ്ചില്‍ നാല് സീറ്റും എല്‍ഡിഎഫ് നേടി. തുടര്‍ന്നിങ്ങോട്ട് രണ്ട് തിരഞ്ഞെടുപ്പിലും എല്‍ഡിഎഫ്-3, യുഡിഎഫ്-2 എന്നിങ്ങനെയാണ് കക്ഷിനില. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എല്‍ഡിഎഫില്‍ ചേക്കേറിയതോടെ ഇടുക്കി മണ്ഡലം ഇടതുപക്ഷത്തിന്റെ പട്ടികയിലായി. എല്‍ഡിഎഫിന്റെ സീറ്റ് നാലായി ഉയരുകയും ചെയ്തു. യുഡിഎഫിന് തൊടുപുഴ മാത്രമാണ് സമ്പാദ്യം.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ മേല്‍ക്കൈ നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ് ക്യാംപ്. നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള വാശിയിലാണ് യുഡിഎഫ് നേതൃത്വം. എന്‍ഡിഎയും മല്‍സരരംഗത്തുണ്ട്. ഉടുമ്പന്‍ചോല, ദേവികുളം (പട്ടികജാതി), പീരുമേട്, തൊടുപുഴ, ഇടുക്കി എന്നിങ്ങനെ അഞ്ച് മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. 2016 നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോല, ദേവികുളം, പീരുമേട് എന്നീ മണ്ഡലങ്ങള്‍ എല്‍ഡിഎഫിനെ പിന്തുണച്ചപ്പോള്‍ രണ്ടെണ്ണം യുഡിഎഫിനൊപ്പംനിന്നു. എം എം മണി, എസ് രാജേന്ദ്രന്‍, ഇ എസ് ബിജിമോള്‍ എന്നിവര്‍ ജില്ലയിലെ ഇടതുപ്രതിനിധികളായി. കേരള കോണ്‍ഗ്രസിന്റെ പി ജെ ജോസഫ് തൊടുപുഴയില്‍നിന്നും റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍നിന്നും യുഡിഎഫ് പ്രതിനിധികളായി.
എന്നാല്‍, ഇക്കുറിയാണ് സാഹചര്യം ആകെ മാറിമറിഞ്ഞു. കേരള കോണ്‍ഗ്രസ് (എം) ഇടതുപാളയത്തിലെത്തിയതോടെ റോഷി അഗസ്റ്റിന്‍ എല്‍ഡിഎഫിന്റെ ഭാഗമായി. ഇതോടെ തൊടുപുഴയെ പ്രതിനിധാനം ചെയ്യുന്ന പി ജെ ജോസഫ് ജില്ലയിലെ യുഡിഎഫിന്റെ ഏക എംഎല്‍എയായി. എല്‍ഡിഎഫിനും കേരള കോണ്‍ഗ്രസ് (എം)നും ഇത്തവണത്തെ തിരഞ്ഞെടുപ്പ് അഭിമാനപോരാട്ടമാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ല ഇടതുപക്ഷത്തെ പിന്തുണച്ചെന്നു തന്നെ പറയാം. ജോസ് കെ മാണി വിഭാഗം ഒപ്പമില്ലെങ്കിലും സര്‍ക്കാരിനെതിരായ ആരോപണങ്ങളും ഭൂപ്രശ്‌നങ്ങളും നിയമസഭാ തിരഞ്ഞെടുപ്പില്‍ അനുകൂലമാവുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്.
എന്നാല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ ജോസഫ് വിഭാഗത്തിനു കാര്യമായ നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതും ഗ്രൂപ്പ് തര്‍ക്കവും യുഡിഎഫിന് ജില്ലയില്‍ വെല്ലുവിളി സൃഷ്ടിക്കുന്നു. യുഡിഎഫില്‍ തൊടുപുഴ പി ജെ ജോസഫ് തന്നെ മല്‍സരിക്കും. ബാക്കി സീറ്റില്‍ പരിചയ സമ്പന്നരെയും പുതുമുഖങ്ങളെയുമാണ് പരിഗണിക്കുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ പറയുന്നു. കേരള കോണ്‍ഗ്രസ് എം ജോസ് വിഭാഗം ഒപ്പം നില്‍ക്കുമ്പോള്‍ യുഡിഎഫിനെ ഹൈറേഞ്ചില്‍നിന്നു പുറത്താക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇടതുപക്ഷം. ഇടുക്കിയില്‍ റോഷി അഗസ്റ്റിനും ഉടുമ്പന്‍ചോല എം എം മണിയും വീണ്ടും മല്‍സരിക്കുമെന്നാണ് അറിയുന്നത്. പീരുമേടും ദേവികുളത്തും പുതുമുഖ സ്ഥാനാര്‍ഥികളാണ്. പീരുമേട് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. സിപിഐയുടെ വാഴൂര്‍ സോമനായിരിക്കും മല്‍സരിക്കുക.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണച്ച ഇടുക്കിയില്‍നിന്ന് ഡീന്‍ കുര്യാക്കോസ് റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയം നേടിയത്. സിറ്റിങ് എംപിയായിരുന്ന സിപിഎം സ്വതന്ത്രന്‍ ജോയ്‌സ് ജോര്‍ജിനെയാണു ഡീന്‍ പരാജയപ്പെടുത്തിയത്. പക്ഷേ, തദ്ദേശതിരഞ്ഞെടുപ്പില്‍ യുഡിഎഫിന് കാലിടറി. 52 ഗ്രാമപ്പഞ്ചായത്തില്‍ 22 എണ്ണം മാത്രമാണ് യുഡിഎഫ് നേടിയത്. എട്ട് ബ്ലോക്ക് പഞ്ചായത്തില്‍ നാലെണ്ണം വീതം എല്‍ഡിഎഫും യുഡിഎഫും നേടി. ജില്ലാ പഞ്ചായത്തിന്റെ ഭരണവും എല്‍ഡിഎഫ് സ്വന്തമാക്കി. എന്‍ഡിഎയ്ക്ക് ജില്ലയില്‍ കാര്യമായ വേരോട്ടമൊന്നുമില്ല.
അണ്ണാ ഡിഎംകെയുമായി ചേര്‍ന്ന് തോട്ടം മേഖലയില്‍നിന്ന് കൂടുതല്‍ വോട്ടുകള്‍ നേടാമെന്ന പ്രതീക്ഷയിലാണ് എന്‍ഡിഎ. ജനപക്ഷ രാഷ്ട്രീയം ഉയര്‍ത്തിക്കാട്ടി മണ്ഡലത്തില്‍ ശക്തമായ സാന്നിധ്യമറിയിക്കാനുള്ള തയ്യാറെടുപ്പിലാണ് എസ് ഡിപിഐ. പെമ്പിളൈ ഒരുമ, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നീ സംഘടനകള്‍ക്കും ജില്ലയില്‍ സ്വാധീനമുണ്ട്. പെമ്പിളൈ ഒരുമ മല്‍സരിക്കില്ലെന്ന് പ്രസിഡന്റ് ലിസി സണ്ണി വ്യക്തമാക്കിയിരുന്നു.
ഇടുക്കി മണ്ഡലം
ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കില്‍ ഉള്‍പ്പെടുന്ന അറക്കുളം, ഇടുക്കി, കഞ്ഞിക്കുഴി, വാഴത്തോപ്പ്, കുടയത്തൂര്‍ പഞ്ചായത്തുകളും ഉടുമ്പഞ്ചോല താലൂക്കിലെ കാമാക്ഷി, കാഞ്ചിയാര്‍, കൊന്നത്തടി, മരിയാപുരം, വാത്തിക്കുടി എന്നീ പഞ്ചായത്തുകളും കട്ടപ്പന മുനിസിപ്പാലിറ്റിയും ഉള്‍പ്പെടുന്നതാണ് ഇടുക്കി നിയമസഭാ മണ്ഡലം. 1977 മുതലുള്ള വിജയ ചരിത്രമെടുത്താല്‍ പരമ്പരാഗതമായി കേരള കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും കൂടെ നിന്ന മണ്ഡലമാണ് ഇടുക്കി. 1996ല്‍ ജനതാദളിലെ പി പി സുലൈമാന്‍ റാവുത്തറാണ് ഇവിടെ വിജയിച്ച ഏക എല്‍ഡിഎഫ് സ്ഥാനാര്‍ഥി. 2001 മുതല്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ റോഷി അഗസ്റ്റിനാണ് ഇവിടെ നിന്നും വിജയിക്കുന്നത്.
മണ്ഡലത്തില്‍ മിടുക്കു തെളിയിച്ച ചരിത്രമാണു കേരള കോണ്‍ഗ്രസിന്. 77 മുതല്‍ 6 തവണ കേരള കോണ്‍ഗ്രസിനു തന്നെയായിരുന്നു വിജയം. 3 തവണ കോണ്‍ഗ്രസും ഒരുതവണ ജനതാദളും ജയിച്ചു. 2001 മുതല്‍ തുടര്‍ച്ചയായി 4 തവണ കേരള കോണ്‍ഗ്രസിലെ (എം) റോഷി അഗസ്റ്റിനാണു വിജയിച്ചത്. കേരള കോണ്‍ഗ്രസ് (എം) ഇത്തവണ എല്‍ഡിഎഫിനൊപ്പമാണ്. 2016ലെ തിരഞ്ഞെടുപ്പില്‍ 9,323 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് റോഷി അഗസ്റ്റിന്‍ വിജയിച്ചത്. റോഷിക്ക് 60,556 വോട്ടുകളും എതിരാളിയായ കെ ഫ്രാന്‍സിസിന് 50,758 വോട്ടുകളും ലഭിച്ചു. എന്‍ഡിഎയിലെ ബിഡിജെഎസ് സ്ഥാനാര്‍ഥി ബിജു മാധവന് 27,403 വോട്ടുകള്‍ മാത്രമാണ് നേടാനായത്. 3 പഞ്ചായത്തുകളിലും കട്ടപ്പന നഗരസഭയിലും യുഡിഎഫിനാണു ഭരണം.
6 പഞ്ചായത്തുകളില്‍ എല്‍ഡിഎഫ്. കേരള കോണ്‍ഗ്രസ് (എം) എല്‍ഡിഎഫിന്റെ ഭാഗമായതോടെ ഇടതുപക്ഷത്തിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചെന്നാണ് അവരുടെ അവകാശവാദം. ജോസ് കെ മാണിക്കൊപ്പം എംഎല്‍എ റോഷി അഗസ്റ്റിനും ഇടതുപക്ഷത്താണ്. കഴിഞ്ഞതവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഫ്രാന്‍സിസ് ജോര്‍ജായിരുന്നു. ജനാധിപത്യ കേരള കോണ്‍ഗ്രസില്‍നിന്ന് ഫ്രാന്‍സിസ് ജോര്‍ജ് കൂടുമാറി ജോസഫിന്റെ കൂടെയാണിപ്പോള്‍. എന്‍ഡിഎയിലെ ഘടകകക്ഷിയായ ബിഡിജെഎസായിരുന്നു കഴിഞ്ഞ തവണ മല്‍സരിച്ചത്.
തൊടുപുഴ മണ്ഡലം
കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഇടത്തരക്കാരും പ്രധാനമായും വിധി നിര്‍ണയിക്കുന്ന മണ്ഡലമാണ് തൊടുപുഴ. എപ്പോഴും വലത്തോട്ടുചായുകയും കേരള കോണ്‍ഗ്രസിനൊപ്പം അടിയുറച്ചുനില്‍ക്കുകയും ചെയ്യുന്ന മണ്ഡലം. കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ തട്ടകംകൂടിയാണിത്. തിരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാല്‍ കൂടുതല്‍ തവണയും വിജയിച്ചത് കേരള കോണ്‍ഗ്രസ് പ്രതിനിധികളാണ്. 1970 മുതല്‍ തുടങ്ങിയ തേരോട്ടത്തിന് ഇടയ്ക്ക് തടസ്സമുണ്ടായി. 10 ല്‍ ഒമ്പത് തവണ വിജയിച്ചപ്പോള്‍ ഒരിക്കല്‍ മാത്രമാണ് ജോസഫിനെ മണ്ഡലം കൈവിട്ടത്. 2001ലാണ് പി ടി തോമസിനോട് പിജെയ്ക്ക് അടിയറവ് പറയേണ്ടിവന്നത്.
തൊട്ടടുത്ത തിരഞ്ഞെടുപ്പില്‍ പി ടിയെ തന്നെ മറിച്ചിട്ട് മറുപടി കൊടുത്ത് മണ്ഡലം തിരിച്ചുപിടിച്ചു. ഇത്തവണ പി ജെ ജോസഫ് പതിനൊന്നാം അങ്കത്തിന് ഇറങ്ങുകയാണ്. ഇപ്പോഴത്തെ രാഷ്ട്രീയകാലാവസ്ഥയില്‍ കാര്യങ്ങള്‍ അത്ര സുഖകരമല്ല. ആത്മവിശ്വാസത്തിന് കുറവില്ലെങ്കിലും മാസങ്ങള്‍ക്ക് മുമ്പുവരെ കൂടെ നിന്നവരാണ് ഇത്തവണ ശത്രുപക്ഷത്ത് നില്‍ക്കുന്നത് എന്നതാണ് തൊടുപുഴയിലെ കാഴ്ച. 2016ല്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷം നേടിയത് തൊടുപുഴയില്‍ ജയിച്ച പി ജെ ജോസഫ് ആയിരുന്നു. 45,587 വോട്ടിനായിരുന്നു ജയം.
എതിരാളി ഇടതുസ്വതന്ത്രന്‍ റോയി വരികാട്ടായിരുന്നു. ഫലം വന്നപ്പോള്‍ അദ്ദേഹം ചിത്രത്തിലേ ഇല്ല. ഇത്തവണ കേരള കോണ്‍ഗ്രസ് പിളര്‍ന്നിരിക്കുന്നു. പി ജെ ജോസഫും ജോസ് കെ മാണിയും രണ്ടുപക്ഷത്തായി. ജോസ് പക്ഷത്തെ പ്രഫ.കെ എ ആന്റണിയോ റെജി കുന്നംകോട്ടിലോ ആവും പി ജെ ജോസഫിന്റെ എതിരാളി എന്നാണ് വിവരം. ആര് വന്നാലും തൊടുപുഴക്കാന്‍ തന്നോടൊപ്പം നില്‍ക്കുമെന്ന് ജോസഫിന് ആത്മവിശ്വാസമുണ്ട്. ജോസ് കൂടുമാറിയിട്ടും തൊടുപുഴ നിയമസഭാ മണ്ഡലത്തിന് കീഴിലെ തദ്ദേശസ്ഥാപനങ്ങളില്‍ യുഡിഎഫിന് കോട്ടമുണ്ടായില്ല.
ഒരു പഞ്ചായത്ത് അധികം കിട്ടുകയാണ് ചെയ്തത്. പക്ഷേ, തൊടുപുഴ മുന്‍സിപ്പാലിറ്റില്‍ പിന്നാക്കം പോയി. ജോസ് കെ മാണിയും രണ്ടില ചിഹ്നവും കൂടെയില്ലാതെയാണ് ഇത്തവണ പി ജെ ജോസഫ് മല്‍സരത്തിനിറങ്ങുന്നത്. തൊടുപുഴ നഗരസഭയും തൊടുപുഴ താലൂക്കില്‍ ഉല്‍പ്പെടുന്ന ആലക്കോട്, ഇടവെട്ടി കരിമണ്ണൂര്‍, കരിങ്കുന്നം, കോടിക്കുളം , കുമാരമംഗലം, മണക്കാട്, മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെളിയാമറ്റം എന്നീ 12 പഞ്ചായത്തുകളും ചേര്‍ന്നതാണ് തൊടുപുഴ നിയമസഭാമണ്ഡലം.
ഇതില്‍ ആലക്കോട്, ഇടവെട്ടി, കരിമണ്ണൂര്‍, കരിങ്കുന്നം, കോടികുളം, കുമാരമംഗലം, മണക്കാട്. മുട്ടം, പുറപ്പുഴ, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, വെള്ളിയാമറ്റം തുടങ്ങിയ പഞ്ചായത്തുകളില്‍ ഒമ്പതും യുഡിഎഫിനൊപ്പം നില്‍ക്കുന്നു. 2015ല്‍ എട്ട് പഞ്ചായത്തുകളായിരുന്നു കൂടെയുണ്ടായിരുന്നത്. ജോസഫ് പക്ഷക്കാര്‍ മികച്ച മുന്നേറ്റം കാഴ്ചവച്ചു. അതുകൊണ്ടുതന്നെ തെല്ലും ആശങ്കയില്ലാതെയാണ് പി ജെ ജോസഫ് കളത്തിലിറങ്ങുന്നത്.
ഉടുമ്പന്‍ചോല മണ്ഡലം
കൃഷിഭൂമികളും തോട്ടങ്ങളും വിനോദസഞ്ചാര കേന്ദ്രങ്ങളുമുള്ള മണ്ഡലം ഏത് പ്രതിസന്ധികളെയും നേരിടാന്‍ കരുത്തുള്ള കുടിയേറ്റ കര്‍ഷകരുടെയും തോട്ടം തൊഴിലാളികളുടെയും മണ്ണാണ്. ഉടുമ്പന്‍ചോല, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, സേനാപതി, ശാന്തന്‍പാറ, വണ്ടന്‍മേട്, ഇരട്ടയാര്‍ എന്നീ 10 പഞ്ചായത്തുകളടങ്ങുന്നതാണ് മണ്ഡലം. പത്തിടത്തും ഭരണം എല്‍ഡിഎഫിനാണ്. 1967 മുതല്‍ മുന്നണികളെ മാറിമാറി വിജയിപ്പിച്ചിട്ടുള്ള മണ്ഡലമാണ് ഉടുമ്പഞ്ചോല. കേരള കോണ്‍ഗ്രസ് നാല് തവണയും സിപിഎം അഞ്ച് തവണയും ജയിച്ചു.
രണ്ടുതവണ വീതം കോണ്‍ഗ്രസും സിപിഐയും വിജയിച്ചു. 2001ല്‍ കെ കെ ജയചന്ദ്രനിലൂടെ പിടിച്ചെടുത്ത മണ്ഡലം തുടര്‍ന്നുള്ള തിരഞ്ഞെടുപ്പുകളിലും സിപിഎമ്മിനൊപ്പം ഉറച്ചുനിന്നു. 2006ലും 2011ലും ജയചന്ദ്രന്‍ വിജയം ആവര്‍ത്തിച്ചപ്പോള്‍ 2016ല്‍ എം എം മണിയാണ് വിജയിച്ചത്. ഇത്തവണയും മന്ത്രി എം എം മണിയാണ് സിപിഎം സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്, ബിജെപി പാര്‍ട്ടികള്‍ ഇതുവരെ സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. കോണ്‍ഗ്രസിന്റെ ഇ എം ആഗസ്തി 91ലും 96ലും ഇവിടെനിന്നു വിജയിച്ചിരുന്നു. 2016ലെ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം എം മണി 1,109 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എതിരാളിയായ കോണ്‍ഗ്രസിന്റെ സേനാപതിയെ തോല്‍പ്പിച്ചത്.
എം എം മണിക്ക് 50,813 വോട്ടും യുഡിഎഫ് സ്ഥാനാര്‍ഥിക്ക് 49,704 വോട്ടുമാണ് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസ്സിന്റെ സജി പറമ്പത്തിന് 21,799 വോട്ടുകളാണ് ലഭിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് 63,550 ഉം എല്‍ഡിഎഫ് 51,056 ഉം എന്‍ഡിഎ 10,863 ഉം വോട്ടുകള്‍ മണ്ഡലത്തില്‍ ലഭിച്ചു. 2020 ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ ഉടുമ്പഞ്ചോല മണ്ഡലത്തില്‍ എല്‍ഡിഎഫിന് 66,279 വോട്ടുകളാണ് കിട്ടിയത്. യുഡിഎഫിന് 50,414 ഉം എന്‍ഡിഎയ്ക്ക് 12,145 ഉം വോട്ടുകള്‍ നേടിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
പീരുമേട് മണ്ഡലം
സിപിഐയ്ക്കു ശക്തമായ വേരുള്ള മണ്ഡലമാണു തേയിലത്തോട്ടങ്ങളുടെ നാടായ പീരുമേട്. താലൂക്കിലെ ഏലപ്പാറ, കൊക്കയാര്‍, കുമളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകളും ഉടുമ്പന്‍ചോല താലൂക്കിലെ അയ്യപ്പന്‍കോവില്‍, ചക്കുപള്ളം പഞ്ചായത്തുകളും ചേര്‍ന്നതാണ് പീരുമേട് നിയമസഭാ മണ്ഡലം. 2006 മുതല്‍ എല്‍ഡിഎഫിലെ ഇ എസ് ബിജിമോളാണ് എംഎല്‍എ. കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ ഭൂരിഭാഗം പഞ്ചായത്തുകളിലും എല്‍ഡിഎഫ് മികച്ച ഭൂരിപക്ഷമാണ് നേടിയത്. രാജഭരണകാലത്തെ വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്ന പീരുമേട് ബ്രിട്ടീഷ് വാഴ്ചക്കാലത്ത് തേയില, കാപ്പി തോട്ടങ്ങളുടെയും നാടായി.
ആദിവാസികളും കുടിയേറ്റ കര്‍ഷകരും തമിഴ് തോട്ടം തൊഴിലാളികളും ഇടത്തരക്കാരും ചേര്‍ന്നതാണ് പീരുമേട്ടിലെ ജനസഞ്ചയം. 6 തവണയാണ് സിപിഐ സ്ഥാനാര്‍ഥികള്‍ ഇവിടെനിന്നു വിജയിച്ചത്. സിപിഐ ദേശീയ കൗണ്‍സില്‍ അംഗം സി എ കുര്യന്‍ 3 തവണ വിജയിച്ചിരുന്നു. സിപിഎമ്മിലെ കെ ഐ രാജന്‍, കോണ്‍ഗ്രസിലെ കെ കെ തോമസ് എന്നിവരും ഇവിടെനിന്ന് 3 തവണ വിജയിച്ചിട്ടുണ്ട്. 2001ല്‍ കോണ്‍ഗ്രസിന്റെ ഇ എം ആഗസ്തിയാണു വിജയിച്ചത്. 2006 മുതല്‍ തുടര്‍ച്ചയായി 3 തവണ സിപിഐയിലെ ഇ എസ് ബിജിമോള്‍ പ്രതിനിധീകരിക്കുന്നു. ഇത്തവണ പോരാട്ടത്തിനു ബിജിമോള്‍ ഉണ്ടാവില്ലെന്ന് ഉറപ്പായി.
സിപിഐയിലെ വാഴൂര്‍ സോമനാണ് എല്‍ഡിഎഫിനുവേണ്ടി മണ്ഡലത്തില്‍ മല്‍സരിക്കുക. 2016 തിരഞ്ഞെടുപ്പില്‍ സിപിഐ സ്ഥാനാര്‍ഥി ഇ എസ് ബിജിമോള്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 314 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. ബിജിമോള്‍ക്ക് 56,584 വോട്ടും എതിരാളി കോണ്‍ഗ്രസിലെ സിറിയക് തോമസിന് 56,270 വോട്ടും ബിജെപിയിലെ കുമാറിന് 11,833 വോട്ടുമാണ് ലഭിച്ചത്. അയ്യപ്പന്‍കോവില്‍, ചക്കുപള്ളം, ഏലപ്പാറ, കൊക്കയാര്‍, കുമളി, പീരുമേട്, പെരുവന്താനം, ഉപ്പുതറ, വണ്ടിപ്പെരിയാര്‍ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് പീരുമേട് മണ്ഡലം. 6 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനും മൂന്നെണ്ണത്തില്‍ യുഡിഎഫിനുമാണ് ഭരണം. (ഉപ്പുതറയില്‍ യുഡിഎഫിനു ഭൂരിപക്ഷം, പക്ഷേ, പ്രസിഡന്റ് സ്ഥാനം സിപിഎമ്മിനാണ്).
ദേവികുളം മണ്ഡലം
13 തിരഞ്ഞെടുപ്പുകളില്‍ സിപിഎം എട്ടുതവണയും കോണ്‍ഗ്രസ് അഞ്ചുതവണയും വിജയിച്ച മണ്ഡലമാണു ദേവികുളം. സിപിഎമ്മിലെ ജി വരദന്‍ 4 തവണ വിജയിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ എ കെ മണി 91 മുതല്‍ 2001 വരെ തുടര്‍ച്ചയായി 3 തവണ മണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 2006, 2011, 2016 വര്‍ഷങ്ങളില്‍ സിപിഎമ്മിലെ എസ് രാജേന്ദ്രനാണു പ്രതിനിധീകരിക്കുന്നത്.
ദേവികുളം താലൂക്കില്‍ അടിമാലി, കാന്തല്ലൂര്‍, മാങ്കുളം, മറയൂര്‍, മൂന്നാര്‍, പള്ളിവാസല്‍, വട്ടവട, വെള്ളത്തൂവല്‍, ഇടമലക്കുടി, ഉടുമ്പഞ്ചോല താലൂക്കില്‍ ബൈസണ്‍വാലി, ചിന്നക്കനാല്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണു ദേവികുളം നിയമസഭാ മണ്ഡലം. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ദേവികുളം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എസ് രാജേന്ദ്രന്‍ 6,232 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എതിരാളിയായ കോണ്‍ഗ്രസിന്റെ എ കെ മോനിയെ തോല്‍പ്പിച്ചത്.
എസ് രാജേന്ദ്രന് 49,510 വോട്ടും എ കെ മോനിക്ക് 43,728 വോട്ടും എഐഎഡിഎംകെ സ്ഥാനാര്‍ഥി ആര്‍ എം ധനലക്ഷ്മിയ്ക്ക് 11,613 വോട്ടും ബിജെപി സ്ഥാനാര്‍ഥി എന്‍ ചന്ദ്രന് 9,592 വോട്ടുമാണ് ലഭിച്ചത്. ഇത്തവണത്തെ മുന്നണികളുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഉടനുണ്ടാവും. 6 പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനും അഞ്ചെണ്ണത്തില്‍ യുഡിഎഫിനുമാണു ഭരണം.
തയ്യാറാക്കിയത്: നിഷാദ് എം ബഷീര്‍