നിയമസഭാ തിരഞ്ഞെടുപ്പ്: തിരൂര്‍ നിയോജക മണ്ഡലത്തില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ അയച്ചതില്‍ ക്രമക്കേട്

Update: 2021-04-17 05:44 GMT

മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ തിരൂര്‍ നിയോജക മണ്ഡലത്തിലെ അര്‍ഹരായ വോട്ടര്‍മാര്‍ക്ക് റിട്ടേണിങ് ഓഫിസര്‍ തപാല്‍ വഴി അയച്ചുകൊടുത്ത പോസ്റ്റല്‍ ബാലറ്റുകള്‍ അപൂര്‍ണമാണെന്ന് പരാതി. സത്യവാങ്മൂലം നല്‍കേണ്ട ഫോം 13 A, കവര്‍ B എന്നിവ ഇല്ലാതെയാണ് ബാലറ്റ് പേപ്പറും കവര്‍ A യും മാത്രമായി അയച്ചുകൊടുത്തിരിക്കുന്നത്. ഫോം 13A ഇല്ലാതെ ബാലറ്റ് എണ്ണുന്ന സമയത്ത് സ്വീകരിക്കുന്നതല്ലെന്ന് അറിയാമായിരുന്നിട്ടും റിട്ടേണിങ് ഓഫിസറുടെ കാര്യാലയത്തില്‍നിന്നും കുറേ പേര്‍ക്ക് ഈ രീതിയില്‍ തപാല്‍ വോട്ട് അയച്ചുകൊടുത്തത് ഗുരുതരമായ അലംഭാവവും ചട്ടലംഘനവുമാണ്.

ഇക്കാര്യം റിട്ടേണിങ് ഓഫിസറെ വിളിച്ച് പരാതിപ്പെട്ടപ്പോള്‍ കുറച്ചുപേര്‍ക്ക് തപാല്‍ വോട്ട് അയച്ചപ്പോള്‍ പാളിച്ച പറ്റിയതായി മനസ്സിലാക്കുന്നുവെന്നും ആവശ്യക്കാര്‍ക്ക് തിരൂര്‍ മിനി സിവില്‍ സ്റ്റേഷനിലെ ഇറിഗേഷന്‍ ഓഫിസില്‍ ബന്ധപ്പെടാവുന്നതുമാണെന്നായിരുന്നു മറുപടി. പിശക് പറ്റിയെന്ന് മനസ്സിലായിട്ടും തീരെ ഉത്തരവാദിത്വ ബോധമില്ലാത്ത രീതിയില്‍ മറുപടി പറഞ്ഞ് കൈയൊഴിയുകയാണ് റിട്ടേണിങ് ഓഫിസര്‍ ചെയ്തതെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇതുമൂലം തിരൂര്‍ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തപാല്‍ വോട്ടിന് അര്‍ഹരായവര്‍ കൊവിഡ് കാലത്ത് മിനി സിവില്‍ സ്റ്റേഷനില്‍ പോയി ഇറിഗേഷന്‍ ഓഫിസ് കണ്ടുപിടിച്ച് ഫോമുകളും കവറുകളും സ്വീകരിക്കണമെന്ന് പറയുന്നത് തികച്ചും ഉത്തരവാദിത്വലംഘനമാണെന്ന വിമര്‍ശനമാണ് ഉയരുന്നത്. മാത്രമല്ല, പിഴവ് ബോധ്യമായ സ്ഥിതിക്ക് ഫോണിലൂടെ പരാതി പറയുന്നവരെ മാത്രം അറിയിക്കുന്നതിന് പകരം എല്ലാവരെയും അറിയിക്കാന്‍ സംവിധാനമൊരുക്കണമെന്നുമാണ് ആവശ്യം.

Tags:    

Similar News