ജനഹിതം 2021: കോട്ടയം ആര് പിടിക്കും ?; ഇരുമുന്നണികള്‍ക്കും അഭിമാനപോരാട്ടം
കോട്ടയം: കേരളം വീണ്ടുമൊരു നിയമസഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോള്‍ ഏവരും ഉറ്റുനോക്കുന്ന ജില്ലകളിലൊന്നാണ് കോട്ടയം. മാറിയ രാഷ്ട്രീയസാഹചര്യങ്ങളാണ് കോട്ടയത്തെ തിരഞ്ഞെടുപ്പ് രംഗത്ത് വേറിട്ടതാക്കുന്നത്. കോട്ടയത്തുകാരില്‍ ഭൂരിപക്ഷം പേരും ഏതെങ്കിലുമൊരു കോണ്‍ഗ്രസുകാരായിരിക്കും. അത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസാവാം, കേരളാ കോണ്‍ഗ്രസാവാം. രണ്ടുപാര്‍ട്ടികളും ചേര്‍ന്ന് പതിറ്റാണ്ടുകളായി കോട്ടയം അടക്കിഭരിക്കുകയായിരുന്നു. കേരളത്തിലാകെ എല്‍ഡിഎഫ് തരംഗമുണ്ടായ തിരഞ്ഞെടുപ്പുകളില്‍പോലും യുഡിഎഫിനൊപ്പം നിലകൊണ്ട ചരിത്രമാണ് കോട്ടയത്തിനുള്ളത്.
ജില്ലയിലെ ചുവപ്പുകോട്ടയായി അറിയപ്പെടുന്ന വൈക്കം ഒഴികെയുള്ള എല്ലാ മണ്ഡലങ്ങളും കാലാകാലങ്ങളില്‍ യുഡിഎഫിനെയാണ് പിന്തുണച്ചിട്ടുള്ളത്. കെ എം മാണിയുടെ മരണത്തോടെയാണ് കോട്ടയത്തെ രാഷ്ട്രീയം മീനച്ചിലാറുപോലെ കലങ്ങിമറിഞ്ഞത്. പി ജെ ജോസഫ് കേരളാ കോണ്‍ഗ്രസില്‍ പിടിമുറുക്കാന്‍ ശ്രമിച്ചതോടെ കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി ഇടതുപാളയത്തിലെത്തി. ഇതിനുശേഷം നടക്കുന്ന ആദ്യ നിയമസഭാ തിരഞ്ഞെടുപ്പ് എന്ന നിലയിലാണ് ജില്ല ചര്‍ച്ചകളില്‍ കൂടുതല്‍ ഇടംപിടിക്കുന്നത്. കേരള കോണ്‍ഗ്രസിലെ ജോസ് കെ മാണി വിഭാഗത്തിന്റെ ചുവടുമാറ്റത്തോടെ കോട്ടയം ജില്ലയില്‍ ഇരുമുന്നണികള്‍ക്കും അഭിമാന പോരാട്ടമായി മാറിയിരിക്കുകയാണ്. ജില്ലയിലെ സാഹചര്യങ്ങളെല്ലാം ഇത്തവണ മാറിമറിയുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.
ജോസ് കെ മാണിയെ മുന്നില്‍ നിര്‍ത്തി നേട്ടം കൊയ്യാമെന്നാണ് എല്‍ഡിഫിന്റെ കണക്കുകൂട്ടല്‍. അതേസമയം, ജോസ് വിഭാഗം പോയത് യുഡിഎഫിന് ക്ഷീണമുണ്ടാക്കില്ലെന്നാണ് നേതൃത്വത്തിന്റെ വാദം. മാണി സി കാപ്പനെ ഉപയോഗിച്ച് പാലാ പിടിക്കാമെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഏറ്റുവാങ്ങിയ പി ജെ ജോസഫിനും കരുത്ത് തെളിയിക്കേണ്ടത് അനിവാര്യമാണ്. മുന്നണികള്‍ തമ്മിലുള്ള ബലപരീക്ഷണത്തിനാവും കോട്ടയത്തെ അങ്കത്തട്ട് സാക്ഷ്യം വഹിക്കുക. കടുത്തുരുത്തി, കോട്ടയം, പുതുപ്പള്ളി, പാലാ, ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി, വൈക്കം, ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ എന്നിങ്ങനെ ആകെ ഒമ്പത് നിയമസഭാ സീറ്റുകളാണ് ജില്ലയിലുള്ളത്. 2011 ല്‍ ജില്ലയിലെ ഒമ്പത് മണ്ഡലങ്ങളില്‍ ഏഴും യുഡിഎഫിനെ തുണച്ചപ്പോള്‍ രണ്ടിടങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ജയിക്കാനായത്.
2016 ല്‍ ആറ് മണ്ഡലങ്ങളില്‍ യുഡിഎഫും രണ്ടുമണ്ഡലങ്ങളില്‍ എല്‍ഡിഎഫും ജയിച്ചപ്പോള്‍ മൂന്നു മുന്നണികളെയും നേരിട്ട് പി സി ജോര്‍ജ് പൂഞ്ഞാര്‍ നിലനിര്‍ത്തി. ഇടതുതരംഗത്തിലും നിലവിലുണ്ടായിരുന്ന കോട്ടയം, പുതുപ്പള്ളി, പാലാ, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി, കടുത്തുരുത്തി സീറ്റുകള്‍ നിലനിര്‍ത്താന്‍ യുഡിഎഫിനു കഴിഞ്ഞു. വൈക്കവും ഏറ്റുമാനൂരുമാണ് എല്‍ഡിഎഫ് പക്ഷത്തുനിന്നത്. ഏറ്റവും വാശിയേറിയ മല്‍സരം നടന്നത് പാലാ, പൂഞ്ഞാര്‍, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, ചങ്ങനാശ്ശേരി മണ്ഡലങ്ങളിലായിരുന്നു. ശക്തമായ വെല്ലുവിളി നേരിട്ടശേഷമാണ് സി എഫ് തോമസും (ചങ്ങനാശ്ശേരി) ഡോ.എന്‍ ജയരാജും (കാഞ്ഞിരപ്പള്ളി) കെ എം മാണിയും (പാലാ) വിജയിച്ചത്. മുഖ്യമന്ത്രിയെന്ന നിലയില്‍ മല്‍സരത്തിനിറങ്ങിയ ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലും മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്തും മോന്‍സ് ജോസഫ് കടുത്തുരുത്തിയിലും കാര്യമായ വെല്ലുവിളികളില്ലാതെ നിയമസഭയിലെത്തി.
വൈക്കത്ത് എല്‍ഡിഎഫിന്റെ വിജയവും ഏകപക്ഷീയമായിരുന്നു. ഏറ്റുമാനൂരില്‍ തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പിലെ ലീഡ് മെച്ചപ്പെടുത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരേഷ് കുറുപ്പ് മണ്ഡലം നിലനിര്‍ത്തിയത്. അതേസമയം, പൂഞ്ഞാറില്‍ ഒറ്റയ്ക്ക് മല്‍സരിച്ച് വിജയിച്ച പി സി ജോര്‍ജിന്റെ കാര്യം ഇത്തവണ പരുങ്ങലിലാണ്. വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചും മുസ്‌ലിം വിരുദ്ധത മുഖമുദ്രയാക്കിയും സമൂഹത്തില്‍ സ്പര്‍ധയുണ്ടാക്കുന്ന പി സി ജോര്‍ജിന് ശക്തമായ മറുപടി നല്‍കാനൊരുങ്ങുകയാണ് പൂഞ്ഞാര്‍ മണ്ഡലം നിവാസികള്‍. എല്‍ഡിഎഫിനും യുഡിഎഫിനും ഒരുപോലെ അനഭിമതനായ ജോര്‍ജ് വീണ്ടും എന്‍ഡിഎയില്‍ അഭയം തേടാന്‍ നടത്തിയ ശ്രമങ്ങളും വിഫലമായി. ഒടുവില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ജോര്‍ജ്.
എന്തുവിലകൊടുത്തും ജോര്‍ജിനെ പരാജയപ്പെടുത്തുമെന്നാണ് പൂഞ്ഞാറിലെ ജനങ്ങള്‍ ഒന്നടങ്കം പറയുന്നത്. കേരള കോണ്‍ഗ്രസ് എമ്മില്‍നിന്ന് പിളര്‍ന്നുമാറി എല്‍ഡിഎഫിനൊപ്പം മല്‍സരിച്ച ജനാധിപത്യ കേരള കോണ്‍ഗ്രസിന് കോട്ടയം ജില്ലയില്‍ സമ്പൂര്‍ണ പരാജയം നേരിട്ട തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 2016ലേത്. ചങ്ങനാശ്ശേരി (ഡോ. കെ സി ജോസഫ്), പൂഞ്ഞാര്‍ (പി സി ജോസഫ്) മണ്ഡലങ്ങളിലാണ് ജനാധിപത്യ കേരള കോണ്‍ഗ്രസ് മല്‍സരിച്ചത്. വര്‍ഗീയത പറഞ്ഞ് വോട്ടുതേടുന്ന ബിജെപിക്ക് ഇതുവരെ കോട്ടയം ജില്ലയില്‍ ഇതുവരെയായും കാര്യമായ നേട്ടമുണ്ടാക്കാനൊന്നും കഴിഞ്ഞിട്ടില്ല. അഴിമതിയും സ്വജനപക്ഷപാതവും മുഖമുദ്രയാക്കുകയും ജനങ്ങളെ വോട്ടുബാങ്കായി മാത്രം കാണുകയും ചെയ്യുന്ന മുന്നണികള്‍ക്കെതിരേ തിരഞ്ഞെടുപ്പില്‍ ശക്തമായ സാന്നിധ്യമായി മാറാനുള്ള ഒരുക്കത്തിലാണ് നവരാഷ്ട്രീയപ്രസ്ഥാനങ്ങളായ എസ് ഡിപിഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും.
ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മുന്നണികളോട് ഒറ്റയ്ക്ക് പൊരുതി കോട്ടയം ജില്ലയില്‍ എസ് ഡിപിഐ മിന്നും പ്രകടനം കാഴ്ചവച്ചു. നഗരസഭ, ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളില്‍ അടക്കം ജില്ലയില്‍ 10 സീറ്റുകളിലാണ് എസ് ഡിപിഐ വിജയക്കൊടി പാറിച്ചത്. കഴിഞ്ഞ തവണ ലഭിച്ച ആറ് സീറ്റുകള്‍ ഇത്തവണ പത്തിലേക്ക് ഉയര്‍ത്തുകയാണ് ചെയ്തത്. ഈരാറ്റുപേട്ട നഗരസഭയിലാണ് എസ് ഡിപിഐ ശ്രദ്ധേയമായ മുന്നേറ്റം നടത്തിയത്. 2015 ലെ തിരഞ്ഞെടുപ്പില്‍ ലഭിച്ച നാല് സീറ്റുകള്‍ നിലനിര്‍ത്തിയതിന് പുറമെ ഒരുസീറ്റില്‍ക്കൂടി എസ് ഡിപിഐ വിജയക്കൊടി പാറിച്ചു. തീക്കോയി, പായിപ്പാട്, പാറത്തോട്, തിരുവാര്‍പ്പ് പഞ്ചായത്തുകളിലായി അഞ്ചുസീറ്റുകളിലും എസ് ഡിപിഐ വിജയിച്ചു. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലെ നേട്ടം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാവുമെന്ന പ്രതീക്ഷയിലാണ് എസ് ഡിപിഐ നേതൃത്വം.
നിയമസഭാ തിരഞ്ഞെടുപ്പ് 2016
കടുത്തുരുത്തി മണ്ഡലം
കേരള കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായാണ് കടുത്തുരുത്തി നിയോജകമണ്ഡലം അറിയപ്പെടുന്നത്. പുതിയ രാഷ്ട്രീയസാഹചര്യത്തില്‍ കടുത്തുരുത്തിയിലെ വിധി നിര്‍ണയം പ്രവചനാതീതമാണ്. മണ്ഡലത്തില്‍ കരുത്ത് തെളിയിച്ചിരുന്ന കേരള കോണ്‍ഗ്രസ് (എം) ഇന്ന് ഒറ്റക്കെട്ടല്ല.ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിനൊപ്പം പോയത് ആര്‍ക്കാണ് ഗുണംചെയ്യുകയെന്നത് കണ്ടറിയണം. ജില്ലയിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷത്തോടെയാണ് കേരള കോണ്‍ഗ്രസ് (എം) സ്ഥാനാര്‍ഥി മോന്‍സ് ജോസഫ് 2016 ല്‍ വീണ്ടും ജയിച്ചത്. 42,256 വോട്ടിന്റെ ഭൂരിപക്ഷം നേടിയ മോന്‍സ് ജോസഫ് ഭൂരിപക്ഷത്തില്‍ സംസ്ഥാനത്ത് മൂന്നാം സ്ഥാനത്തെത്തി.
കടുത്തുരുത്തി നിയോജക മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണിത്. നിയോജകമണ്ഡലത്തിലെ 11 പഞ്ചായത്തുകളിലും മോന്‍സ് വ്യക്തമായ ലീഡ് നേടി. പോസ്റ്റല്‍ വോട്ട് അടക്കം 1,27,172 വോട്ട് പോള്‍ ചെയ്തതില്‍ 73,793 വോട്ട് മോന്‍സ് ജോസഫിന് ലഭിച്ചു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിലെ സ്‌കറിയാ തോമസിനു ലഭിച്ച ആകെ വോട്ടുകളുടെ എണ്ണം മോന്‍സ് ജോസഫിന് ലഭിച്ച ഭൂരിപക്ഷത്തേക്കാളും 10,719 വോട്ട് കുറവായിരുന്നു.
31,537 വോട്ടാണ് സ്‌കറിയാ തോമസിന് ആകെ ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി സ്റ്റീഫന്‍ ചാഴികാടന് 17,536 വോട്ട് ലഭിച്ചു. 2011ലെ തിരഞ്ഞെടുപ്പില്‍ 23,957 വോട്ടായിരുന്നു മോന്‍സ് ജോസഫിന്റെ ഭൂരിപക്ഷം. അതേസമയം, ജോസ് കെ മാണിയുടെ അഭാവത്തില്‍ കടുത്തുരുത്തിയില്‍ ഇത്തവണ പി ജെ ജോസഫ് വിഭാഗത്തിന്റെ ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് കൂടിയാവും ഇത്. വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന കടുത്തുരുത്തി, മാഞ്ഞൂര്‍, മുളക്കുളം, ഞീഴൂര്‍ എന്നീ പഞ്ചായത്തുകളും മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന കടപ്ലാമറ്റം, കാണക്കാരി, കിടങ്ങൂര്‍, കുറുവിലങ്ങാട്, മരങ്ങാട്ടുപിള്ളി, ഉഴവൂര്‍, വെളിയന്നൂര്‍ എന്നീ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കടുത്തുരുത്തി നിയമസഭാമണ്ഡലം.
കോട്ടയം മണ്ഡലം
1957 മുതല്‍ ഇതുവരെ നടന്ന 15 നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പത്തുതവണ ഇടതുപക്ഷത്തെയും മൂന്ന് തവണ കോണ്‍ഗ്രസ്സിനെയും ഒരുതവണ കോണ്‍ഗ്രസ് സ്വതന്ത്രനെയും പിന്തുണച്ച മണ്ഡലമാണ് കോട്ടയം. നിലവില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മണ്ഡലത്തില്‍നിന്നുള്ള എംഎല്‍എ. ഇക്കുറിയും മണ്ഡലത്തില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എന്നാല്‍, ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിന്റെ വരവോടെ മണ്ഡലത്തില്‍ കടുത്ത ആവേശത്തിലാണ് ഇടതുമുന്നണി. ശക്തമായ സ്ഥാനാര്‍ഥിയെ രംഗത്തിറക്കി തിരുവഞ്ചൂരില്‍നിന്ന് മണ്ഡലം തിരിച്ചുപിടിക്കാമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ.
ശക്തനെ തന്നെ മണ്ഡലത്തിലിറക്കാനാണ് സിപിഎം ഇവിടെ ഒരുങ്ങുന്നത്. ചരിത്രനേട്ടത്തോടെയാണ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കോട്ടയത്ത് വെന്നിക്കൊടി പാറിച്ചത്. 2011ല്‍ 711 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തില്‍ വിജയിച്ച തിരുവഞ്ചൂര്‍ 2016 ല്‍ നേടിയത് 33,632 വോട്ടിന്റെ ഭൂരിപക്ഷമാണ്. ആകെ 73,894 വോട്ടാണ് തിരുവഞ്ചൂരിന് ലഭിച്ചത്. ജില്ലയിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു ഇത്. വോട്ടെണ്ണലിന്റെ എല്ലാ ഘട്ടത്തിലും പൂര്‍ണ മേധാവിത്വം നിലനിര്‍ത്തിയ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി റെജി സഖറിയയെയാണ് പരാജയപ്പെടുത്തിയത്. 40,262 വോട്ടുകളാണ് റെജിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
ജില്ലയിലെ രണ്ടാമത്തെ ഉയര്‍ന്ന ഭൂരിപക്ഷമായിരുന്നു ഇത്. ഇതുവരെയുള്ള തന്റെ തിരഞ്ഞെടുപ്പ് പോരാട്ടങ്ങളിലെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷവും ഈ ജയത്തോടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നേടി. ഇത്തവണ റെജി സക്കറിയയെ മല്‍സരിപ്പിക്കാന്‍ സാധ്യതയില്ല. കോടികള്‍ ചെലവിട്ട കോട്ടയത്തിന്റെ ആകാശപാത എങ്ങുമെത്താത്തത് തിരഞ്ഞെടുപ്പില്‍ സിപിഎം വലിയ പ്രചാരണായുധമാക്കുന്നുണ്ട്. കോട്ടയത്ത് അഡ്വ. അനില്‍ കുമാറിന്റെ പേരാണ് സിപിഎം സാധ്യതാ പട്ടികയിലുള്ളത്. കോട്ടയം മുനിസിപ്പാലിറ്റിയും കോട്ടയം താലൂക്കില്‍ ഉള്‍പ്പെടുന്ന പനച്ചിക്കാട്, വിജയപുരം എന്നീ പഞ്ചായത്തുകളും ചേര്‍ന്ന മണ്ഡലമാണ്.
പുതുപ്പള്ളി മണ്ഡലം
കേരളം ഉറ്റുനോക്കുന്ന മണ്ഡലമാണ് പുതുപ്പള്ളി. 50 വര്‍ഷമായി ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റൊരു എംഎല്‍എയുടെ പേര് പുതുപ്പള്ളിക്കാര്‍ ചിന്തിച്ചിട്ട് പോലുമില്ല. പാലായ്ക്ക് മാണി എന്താണോ അതാണ് പുതുപ്പള്ളിക്കാര്‍ക്ക് ഉമ്മന്‍ചാണ്ടി. കൊമ്പുകോര്‍ക്കാന്‍ എതിരാളികള്‍ പലരും വന്നു, നിന്നു, തോറ്റു. പക്ഷേ, ഇത്തവണ കാര്യങ്ങള്‍ അത്ര സുഗമമാണോയെന്ന് കണ്ടറിയണം. തദ്ദേശതിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിയും മണര്‍കാടും അടക്കം യുഡിഎഫ് കോട്ടകള്‍ പലതും ഇടതിന്റെ കൈയിലായി. യാക്കോബായ സഭയുടെ അകമഴിഞ്ഞുള്ള പിന്തുണയാണ് മണര്‍കാട് പഞ്ചായത്തില്‍ അട്ടിമറിയിലേക്ക് നയിച്ചത്.
നേമത്തേക്ക് മാറുമെന്ന അഭ്യൂഹങ്ങളുണ്ടെങ്കിലും 12ാം അങ്കവും പുതുപ്പള്ളിയില്‍ തന്നെയായിരിക്കുമെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കിക്കഴിഞ്ഞു. ഇനി എതിരാളി ആരായിരിക്കും എന്നേ അറിയാനുള്ളൂ. എസ്എഫ്‌ഐ മുന്‍ സംസ്ഥാന പ്രസിഡന്റും ഡിവൈഎഫ്‌ഐ നേതാവുമായ ജെയ്ക്ക് സി തോമസിന്റെ പേരിന് തന്നെയാണ് മുന്‍ഗണന.
2016ല്‍ ജെയ്ക്ക് തന്നെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ എതിരാളി. അന്ന് 44,505 വോട്ടുകളാണ് ജെയ്ക്ക് സ്വന്തമാക്കിയത്. സോളാര്‍ ഉള്‍പ്പെടെയുള്ള പ്രതികൂല സാഹചര്യങ്ങളുണ്ടായിട്ടും ഉമ്മന്‍ചാണ്ടിക്ക് പുതുപ്പള്ളിക്കാര്‍ 71,597 വോട്ടുകള്‍ നല്‍കി സഭയിലെത്താനുള്ള വഴിയൊരുക്കി. 27,902 വോട്ടുകളുടെ ഭൂരിപക്ഷം തുടക്കം മുതല്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്തിയാണ് ഉമ്മന്‍ചാണ്ടി മുന്നേറിയത്. 1970 മുതല്‍ ഉമ്മന്‍ചാണ്ടിയാണ് പുതുപ്പള്ളിയുടെ നായകന്‍.
അതേസമയം, 2016ലെ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷത്തില്‍നിന്ന് 6163 വോട്ടുകള്‍ കുറയ്ക്കാന്‍ ജെയ്ക്കിനായി എന്നത് കോണ്‍ഗ്രസ് ക്യാംപിനെ അസ്വസ്ഥമാക്കുന്നുണ്ട്. അതായത് 2011ല്‍ ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം 33,255 വോട്ടുകളായിരുന്നു. ജെയ്ക്ക് അത് 27,092 ആയി കുറച്ചു. ജെയ്ക്ക് മണ്ഡലത്തില്‍തന്നെയുള്ള ആളാണ് എന്നതാണ് വീണ്ടും ജെയ്ക്കിന്റെ പേര് ഉയര്‍ന്നുവരാനുള്ള കാരണങ്ങളിലൊന്ന്.
പാലാ മണ്ഡലം
ഏറെ രാഷ്ട്രീയകാലുമാറ്റങ്ങള്‍ക്കും പിളര്‍പ്പുകള്‍ക്കും സാക്ഷ്യംവഹിച്ച മണ്ഡലമാണ് പാലാ. നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കൂടുതല്‍ ചര്‍ച്ച നടക്കുന്നതും പാലാ മണ്ഡലത്തെക്കുറിച്ചായിരിക്കും. കെ എം മാണിയുടെ നിര്യാണത്തോടെ രാഷ്ട്രീയസാഹചര്യങ്ങള്‍ മാറിയ പാലായില്‍ ഇരുമുന്നണികള്‍ക്കും വിജയിക്കേണ്ടത് അനിവാര്യഘടകമായി മാറിയിരിക്കുകയാണ്. രണ്ട് മുന്നണികള്‍ തമ്മിലുള്ള മല്‍സരം എന്നതിലുപരി നിരവധി ഘടകങ്ങളാണ് പാലായെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. അഞ്ച് പതിറ്റാണ്ടോളം കെ എം മാണി അടക്കിഭരിച്ചിരുന്ന മണ്ഡലം മാണി സി കാപ്പനിലൂടെയാണ് എല്‍ഡിഎഫ് പിടിച്ചെടുത്തത്. അതിന് പ്രധാന കാരണം കേരള കോണ്‍ഗ്രസിലെ തമ്മിലടിയായിരുന്നു. ചിഹ്‌നവും പേരും അടക്കം കേരള കോണ്‍ഗ്രസിലെ മേധാവിത്വത്തിനുവേണ്ടിയുള്ള പോര്‍വിളിക്കൊടുവില്‍ ഒരിക്കല്‍ക്കൂടി പാര്‍ട്ടി പിളര്‍ന്നു. കോണ്‍ഗ്രസും കേരള കോണ്‍ഗ്രസും തമ്മിലുള്ള പോരാവും പാലായില്‍ നടക്കുക.
ഇടതുപാളയത്തിലെത്തിയ ജോസ് കെ മാണിക്ക് വേണ്ടി പാലാ വിട്ടുകൊടുക്കുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനമാണ് മാണി സി കാപ്പനെ യുഡിഎഫിലെത്തിച്ചത്. ഉപതിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ തട്ടകത്തില്‍ എല്‍ഡിഎഫിനുവേണ്ടി വിജയക്കൊടി പാറിച്ച കാപ്പനെ മറന്നാണ് ജോസ് കെ മാണിക്കൊപ്പം എല്‍ഡിഎഫ് നിലകൊണ്ടത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒപ്പം നിന്നവര്‍ക്കെതിരേയാണ് ഇത്തവണ ഇരുമുന്നണികളും പോരടിക്കുന്നതെന്ന അപൂര്‍വതയ്ക്കാണ് പാലാ സാക്ഷിയാവുന്നത്. പ്രവചനങ്ങളെയും എക്‌സിറ്റ് പോളുകളെയും തള്ളിയാണു പാലായില്‍ കേരള കോണ്‍ഗ്രസ് ലീഡര്‍ കെ എം മാണി വിജയിച്ചത്.
ലീഡുകള്‍ മാറിമറിഞ്ഞ മല്‍സരത്തിനൊടുവില്‍ 4,703 വോട്ടുകളുടെ വ്യത്യാസത്തിലാണ് അദ്ദേഹം എല്‍ഡിഎഫിലെ മാണി സി കാപ്പനെ തോല്‍പിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതല്‍ രണ്ടര മണിക്കൂര്‍ സമയത്തേക്കു ലീഡ് മാറിമറിഞ്ഞു. തുടര്‍ന്ന് ലീഡ് പിടിച്ച കെ എം മാണി മണ്ഡലം നിലനിര്‍ത്തുകയായിരുന്നു. നിയോജകമണ്ഡലം കൂടെ നിന്നെങ്കിലും പൂഞ്ഞാര്‍ മണ്ഡലത്തില്‍നിന്ന് പാലായിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെട്ട ആറുപഞ്ചായത്തുകളില്‍ രണ്ടിടത്തും മാണി പിന്നിലായി. തലനാട്ടില്‍ 372 വോട്ടിനും തലപ്പലത്ത് 624 വോട്ടിനുമാണ് പിന്നിലായത്. ഒരിക്കലും തോല്‍ക്കാതെ മാണിയുടെ പതിമൂന്നാം വിജയമായിരുന്നു ഇത്.
50 വര്‍ഷമായി ഒരു നിയോജകമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന എംഎല്‍എ എന്ന നേട്ടം ഈ ജയത്തോടെ മാണി സ്വന്തമാക്കി. പാലാ ഉപതിരഞ്ഞെടുപ്പില്‍ എന്‍സിപിയുടെ ഇടതുപക്ഷ സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ 2,943 വോട്ടുകള്‍ക്കാണ് യുഡിഎഫിന്റെ ജോസ് ടോമിനെ പരാജയപ്പെടുത്തിയത്.
മാണി സികാപ്പന് 54,137 വോട്ടും ജോസ് ടോമിന് 51,194 വോട്ടും എന്‍ ഹരിക്ക് 18,044 വോട്ടും ലഭിച്ചു. പാലാ മുനിസിപ്പാലിറ്റിയെ കൂടാതെ മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഭരണങ്ങാനം, കടനാട്, കരൂര്‍, കൊഴുവനാല്‍, മീനച്ചില്‍, മേലുകാവ്, മൂന്നിലവ്, മുത്തോലി, രാമപുരം, തലനാട്, തലപ്പലം എന്നീ പഞ്ചായത്തുകളും; കാഞ്ഞിരപ്പള്ളി താലൂക്കില്‍ ഉള്‍പ്പെടുന്ന എലിക്കുളം എന്ന പഞ്ചായത്തും ചേര്‍ന്നതാണ് പാലാ നിയമസഭാ മണ്ഡലം
കാഞ്ഞിരപ്പള്ളി മണ്ഡലം
രാഷ്ട്രീയസമവാക്യങ്ങള്‍ മാറിമറിഞ്ഞ മണ്ഡലമാണ് കാഞ്ഞിരപ്പള്ളിയും. 2016ല്‍ ശക്തമായ പോരാട്ടം നടന്ന കാഞ്ഞിരപ്പള്ളിയില്‍, യുഡിഎഫ് സ്ഥാനാര്‍ഥി ഡോ.എന്‍ ജയരാജ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി ബി ബിനുവിനെ 3,890 വോട്ടുകള്‍ക്കു പരാജയപ്പെടുത്തിയാണ് സീറ്റ് നിലനിര്‍ത്തിയത്.
അതേസമയം, ഇത്തവണ ജോസ് കെ മാണിയ്‌ക്കൊപ്പമുള്ള ജയരാജ് ഇടതുപാളയത്തിലാണ്. കോണ്‍ഗ്രസിനും പി ജെ ജോസഫ് വിഭാഗത്തിനും മണ്ഡലത്തിലും കാര്യമായ സ്വാധീനമുണ്ട്. അതുകൊണ്ടുതന്നെ എന്‍ ജയരാജിന് ഇത്തവണ കനത്ത മല്‍സരം നേരിടേണ്ടിവരുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
കേരള കോണ്‍ഗ്രസ് യുഡിഎഫ് വിട്ടതോടെ വിജയസാധ്യത വര്‍ധിച്ചിട്ടുണ്ടെന്നാണ് എല്‍ഡിഎഫിന്റെ അവകാശവാദം. പഴയ വാഴൂര്‍ മണ്ഡലം പരിഷ്‌കാരം വരുത്തി രൂപീകരിച്ചതാണ് കാഞ്ഞിരപ്പള്ളി. ഇടതുപക്ഷവും വലതുപക്ഷവും മാറിമാറി ജയിച്ച മണ്ഡലം. കാഞ്ഞിരപ്പള്ളി താലൂക്കിലെ ചിറക്കടവ്, കാഞ്ഞിരപ്പള്ളി, മണിമല എന്നീ പഞ്ചായത്തുകളും, ചങ്ങനാശ്ശേരി താലൂക്കില്‍ ഉള്‍പ്പെട്ട കങ്ങഴ, കറുകച്ചാല്‍, നെടുംകുന്നം, വാഴൂര്‍, വെള്ളാവൂര്‍ എന്നീ പഞ്ചായത്തുകളും കോട്ടയം താലൂക്കിലെ പള്ളിക്കത്തോട് പഞ്ചായത്തും ഈ നിയമസഭാമണ്ഡലത്തില്‍ ഉള്‍പ്പെടുന്നു. ഇന്നു കാണുന്ന കാഞ്ഞിരപ്പള്ളി മണ്ഡലം നിലവില്‍ വന്നത് 2011 മുതലാണ്. ഇപ്പോള്‍ മണ്ഡലത്തിലെ ഒമ്പത് പഞ്ചായത്തുകളില്‍ ഏഴും എല്‍ഡിഎഫ് ഭരിക്കുന്നു. പള്ളിക്കത്തോട്ടില്‍ ബിജെപിയും നെടുങ്കുന്നത്ത് യുഡിഎഫുമാണ് ഭരണം.
ചങ്ങനാശ്ശേരി മണ്ഡലം
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ചങ്ങനാശ്ശേരിയില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സി എഫ് തോമസ് വിജയം ഉറപ്പിച്ചത്. തുടക്കത്തില്‍ മുന്നിട്ടുനിന്ന എല്‍ഡിഎഫിന്റെ ഡോ. കെ സി ജോസഫ് യുഡിഎഫ് സ്ഥാനാര്‍ഥി സി എഫ് തോമസിനു ശക്തമായ പ്രതിരോധം തീര്‍ത്തു. വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ ഡോ.കെ സി ജോസഫിന് 27 വോട്ടുകളുടെ ലീഡുണ്ടായിരുന്നു. ഒരുമണിക്കൂറോളം കെ സി ജോസഫ് ലീഡ് നിലനിര്‍ത്തി. തുടര്‍ന്ന് കാര്യങ്ങള്‍ മാറിത്തുടങ്ങി.
പതിയെപ്പതിയെ കളംപിടിച്ചെങ്കിലും സി എഫ് തോമസിന് അവസാന സമയംവരെ ശക്തമായ മത്സരം നേരിടേണ്ടിവന്നു. ഒടുവില്‍ 1849 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി എഫ് തോമസ് വിജയിച്ചു. ഈ ജയത്തോടെ ചങ്ങനാശ്ശേരിയില്‍ ഒമ്പതാം വിജയമാണ് സി എഫ് തോമസ് സ്വന്തമാക്കിയത്. ഒരുതവണ പോലും പരാജയപ്പെട്ടിട്ടില്ല എന്ന റെക്കോര്‍ഡും അദ്ദേഹം നിലനിര്‍ത്തി. ചങ്ങനാശ്ശേരിയില്‍ ഇരുമുന്നണികളും സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിട്ടില്ല. ചങ്ങനാശ്ശേരി സീറ്റ് കോണ്‍ഗ്രസിന് വിട്ട് നല്‍കില്ലെന്ന് അന്തരിച്ച എംഎല്‍എ സി എഫ് തോമസിന്റെ സഹോദരന്‍ നേരത്തെ വ്യക്കമാക്കിയിരുന്നു.
മണ്ഡലത്തില്‍ ഇക്കുറി താനാവും മല്‍സരിക്കുകയെന്ന് സാജന്‍ ഫ്രാന്‍സിസ് ചാനലുകളോട് പറഞ്ഞു. ഇരിക്കൂറില്‍ നിന്ന് മടങ്ങിയെത്തുന്ന കെ സി ജോസഫിന് വേണ്ടി ചങ്ങനാശ്ശേരി ഏറ്റെടുക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നതിനിടെയാണ് സിഎഫിന്റെ സഹോദരന്‍ നിലപാട് വ്യക്തമാക്കിയത്. കെ എം മാണിക്കൊപ്പം നിന്നിരുന്ന സിഎഫ്, മാണിയുടെ മരണശേഷം ജോസഫിനൊപ്പം പോയി. സീറ്റ് വിട്ട് കൊടുക്കില്ലെന്ന് ആദ്യം പ്രഖ്യാപിച്ച ജോസഫ് പക്ഷം ഇരിക്കൂറില്‍നിന്ന് കെ എസി ജോസഫ് ചങ്ങനാശ്ശേരിയിലേക്ക് വരുന്നെന്ന് അറിഞ്ഞതോടെ ഒന്നയഞ്ഞു. പക്ഷേ സി എഫ് തോമസിന്റെ കുടുംബം ചങ്ങനാശേരി ആര്‍ക്കും വിട്ട് കൊടുക്കാന്‍ തയ്യാറല്ല.
തുടര്‍ച്ചയായി ഒമ്പത് തവണ കേരള കോണ്‍ഗ്രസിന്റെ സിഎഫ് തോമസിനെ മാത്രം ജയിപ്പിച്ച മണ്ഡലമാണ് ചങ്ങനാശ്ശേരി. ചങ്ങനാശ്ശേരി മുനിസിപ്പാലിറ്റിയെ കൂടാതെ ചങ്ങനാശ്ശേരി താലൂക്കിലെ കുറിച്ചി, മാടപ്പള്ളി, പായിപ്പാട്, തൃക്കൊടിത്താനം, വാഴപ്പള്ളി എന്നീ പഞ്ചായത്തുകള്‍ ചേര്‍ന്നുള്ള നിയമസഭാമണ്ഡലമാണിത്.
വൈക്കം മണ്ഡലം
വൈക്കം നിയോജകമണ്ഡലം കൂടുതല്‍ കാലവും ഇടതുപക്ഷത്തോടൊപ്പമായിരുന്നു. എന്നാല്‍, ഇക്കുറി രാഷ്ട്രീയക്കാറ്റ് എങ്ങോട്ട് വീശുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ആലപ്പുഴയുടേതിന് സമാനമായ ഭൂപ്രകൃതിയുള്ള വൈക്കത്തിന്റെ രാഷ്ട്രീയവും ജില്ലയിലെ മറ്റുസ്ഥലങ്ങളില്‍നിന്ന് വ്യത്യസ്തം. കോട്ടയം ജില്ലയിലെ ചുവപ്പുകോട്ടയായി അറിയപ്പെടുന്ന വൈക്കത്ത് 2016 ലും പതിവുതെറ്റിയില്ല. തപാല്‍ വോട്ടുമുതല്‍ ആരംഭിച്ച മുന്നേറ്റം അവസാനഘട്ടംവരെ നിലനിര്‍ത്തിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സി കെ ആശ 24,584 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം സ്വന്തമാക്കിയത്.
യുഡിഎഫ് സ്ഥാനാര്‍ഥി എ സനീഷ് കുമാറിന് ഒരുഘട്ടത്തില്‍പോലും വെല്ലുവിളി ഉയര്‍ത്താന്‍ കഴിഞ്ഞില്ല. 1977 മുതല്‍ സംവരണമണ്ഡലം. വൈക്കം നഗരസഭയും ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടിവി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍ എന്നീ പഞ്ചായത്തുകളുംകൂടി ചേരുന്നതാണ് വൈക്കം നിയോജക മണ്ഡലം. 1957 ലെ കന്നിതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച കെ ആര്‍ നാരായണനാണ് വിജയിച്ചത്. എന്നാല്‍ 1960 ല്‍ സി.പി.ഐ. പി.എസ്. ശ്രീനിവാസനിലൂടെ മണ്ഡലം തിരിച്ചുപിടിച്ചു. 65 ല്‍ പി പരമേശ്വരനിലൂടെ കോണ്‍ഗ്രസ് മണ്ഡലത്തില്‍ തിരിച്ചുവന്നു. പിന്നീട് നടന്ന 67, 70, 77, 80, 82, 87 തിരഞ്ഞെടുപ്പുകളില്‍ സിപിഐ ഡബിള്‍ ഹാട്രിക്ക് ആഘോഷിച്ചു.
ഇതില്‍ പി എസ് ശ്രീനിവാസന്‍ രണ്ട് തവണയും, എം കെ കേശവന്‍ മൂന്ന് തവണയും പി കെ രാഘവന്‍ ഒരുതവണയും വിജയിച്ചു. 91 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ കെ കെ ബാലകൃഷ്ണനിലൂടെ കോണ്‍ഗ്രസ് വിജയിച്ചു. 96 ല്‍ സിപിഐ എം കെ കേശവനിലൂടെ മണ്ഡലം തിരികെപിടിച്ചു. 98 ലും, 2001 ലും പി നാരായണന്‍ സിപിഐ സ്ഥാനാര്‍ഥിയായി വിജയിച്ചു. 2006 ലും 2011 ലും എം കെ കേശവന്റെ മകനായ കെ അജിത്ത് സിപിഐ സ്ഥാനാര്‍ഥിയായി വിജയിച്ചു.
കെപിസിസി എക്‌സിക്യൂട്ടീവ് അംഗവും, ഡിസിസി ജനറല്‍ സെക്രട്ടറിയുമായ അഡ്വ.എ സനീഷ്‌കുമാര്‍, എന്‍എസ്‌യു ദേശീയ കൗണ്‍സിലംഗം വൈശാഖ് ദര്‍ശന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് ഇത്തവണ പരിഗണിക്കുന്നത്. വൈക്കം താലൂക്കില്‍ ഉള്‍പ്പെടുന്ന വൈക്കം മുനിസിപ്പാലിറ്റിയെ കൂടാതെ ചെമ്പ്, കല്ലറ, മറവന്‍തുരുത്ത്, ടിവി പുരം, തലയാഴം, തലയോലപ്പറമ്പ്, ഉദയനാപുരം, വെച്ചൂര്‍, വെള്ളൂര്‍ എന്നീ പഞ്ചായത്തുകളും ചേര്‍ന്ന നിയമസഭാമണ്ഡലമാണ് വൈക്കം.
ഏറ്റുമാനൂര്‍ മണ്ഡലം
ഇടത്തോട്ടും വലത്തോട്ടും ചാഞ്ഞിട്ടുണ്ട് ഏറ്റുമാനൂര്‍ മണ്ഡലം. നിയമസഭയിലേക്ക് യുഡിഎഫിനെ വിജയിപ്പിച്ചപ്പോള്‍തന്നെ പാര്‍ലമെന്റിലേയ്ക്ക് എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് ഭൂരിപക്ഷം നല്‍കിയ ചരിത്രവും മണ്ഡലത്തിനുണ്ട്. 1957ല്‍ ജോര്‍ജ് ജോസഫ് പൊടിപാറ (ഐഎന്‍സി) യാണ് ആദ്യ എംഎല്‍എ. 60ലും അദ്ദേഹം പ്രതിനിധിയായി. 1965ല്‍ കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേര്‍ക്കുനേര്‍ മല്‍സരമായിരുന്നു. കേരള കോണ്‍ഗ്രസിലെ എം എം ജോസഫ് വിജയിച്ചു. 1967നും 70ലും ത്രികോണമത്സരങ്ങളായിരുന്നു. 67ല്‍ പി പി വില്‍സണും, 70ല്‍ പിബിആര്‍ പിള്ളയ്ക്കുമായിരുന്നു വിജയം.
87ല്‍ സീറ്റുനിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്രനായി മല്‍സരിച്ച് ജോര്‍ജ് ജോസഫ് പൊടിപാറ ഇരുമുന്നണികളെയും ഞെട്ടിച്ച് വിജയിച്ചു.1991ല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇടിമിന്നലേറ്റ് യുഡിഎഫ് സ്ഥാനാര്‍ഥി ബാബു ചാഴിക്കാടന്‍ മരിച്ചു. രമേശ് ചെന്നിത്തലയ്ക്ക് പരിക്കേറ്റു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ തോമസ് ചാഴിക്കാടന്‍ തുടര്‍ച്ചയായി 4തവണ ഏറ്റുമാനൂരിനെ പ്രതിനിധീകരിച്ചു. എന്നാല്‍, 2011ല്‍ സിപിഎമ്മിന്റെ സുരേഷ് കുറുപ്പിലൂടെ എല്‍ഡിഎഫ് സീറ്റ് തിരിച്ചുപിടിച്ചു. മുന്‍തവണത്തേതിനു സമാനമായി മല്‍സരം ഫോട്ടോ ഫിനിഷിലേക്കു നീങ്ങുന്ന ഘട്ടംവരെയെത്തിയ ശേഷമാണ് ഏറ്റുമാനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സുരേഷ് കുറുപ്പ് വിജയം ഉറപ്പിച്ചത്.
എന്‍ഡിഎ സ്ഥാനാര്‍ഥി എ.ജി.തങ്കപ്പന്റെ സാന്നിധ്യം സുരേഷ് കുറുപ്പിന്റെ വിജയസാധ്യത കുറയ്ക്കുമെന്ന് ആശങ്കയുണ്ടായിരുന്നെങ്കിലും 8,899 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കുറുപ്പ് വിജയിച്ചു. യുഡിഎഫ് വിമതനായി മത്സരിച്ച ജോസ് മോന്‍ മുണ്ടയ്ക്കല്‍ 3,774 വോട്ട് നേടി. ഏറ്റുമാനൂരില്‍ സിറ്റിങ് എംഎല്‍എയായ സുരേഷ് കുറുപ്പ് തന്നെ മല്‍സരിക്കാനാണ് സാധ്യത. എന്നാലും വി എന്‍ വാസവന്‍, കെ അനില്‍കുമാര്‍ എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.
പൂഞ്ഞാര്‍ മണ്ഡലം
പി സി ജോര്‍ജിന്റെ കാലുമാറല്‍കൊണ്ട് വാര്‍ത്തകള്‍ ഇടംപിടിച്ചുകൊണ്ടിരിക്കുന്ന മണ്ഡലമാണ് പൂഞ്ഞാര്‍. മൂന്ന് മുന്നണികളോടും ഒറ്റയ്ക്ക് ഏറ്റുമുട്ടിയാണ് സ്വതന്ത്ര സ്ഥാനാര്‍ഥി പി സി ജോര്‍ജ് പൂഞ്ഞാറില്‍ വന്‍വിജയം നേടിയത്. യുഡിഎഫ് സ്ഥാനാര്‍ഥി ജോര്‍ജ്കുട്ടി ആഗസ്തിയെ 27,821 വോട്ടുകള്‍ക്കാണു പി സി ജോര്‍ജ് പരാജയപ്പെടുത്തിയത്. 63,621 വോട്ടുകള്‍ പി സി ജോര്‍ജ് സ്വന്തമാക്കി. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വ്യക്തമായ ഭൂരിപക്ഷം നിലനിര്‍ത്താനായ ജോര്‍ജിന്റെ വിജയക്കുതിപ്പിന് ഒരുതവണപോലും കടിഞ്ഞാണിടാന്‍ മൂന്നുമുന്നണികള്‍ക്കുമായില്ല. പിണറായി വിജയന്‍ പലവട്ടം നേരിട്ടെത്തി പ്രചാരണം നയിച്ചിട്ടും എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
എന്നാല്‍, ഇത്തവണ കാര്യങ്ങള്‍ മാറിമറിയുകയാണ്. ക്രൈസ്തവ വോട്ടുകളും ഹിന്ദുത്വ വോട്ടുകളും ലക്ഷ്യമിട്ട് മുസ്‌ലിം വിരുദ്ധതയും വര്‍ഗീയതയും ആളിപ്പടര്‍ത്തിക്കൊണ്ടിരിക്കുന്ന ജോര്‍ജിന് കനത്ത തിരിച്ചടി നല്‍കാന്‍ കാത്തിരിക്കുകയാണ് പൂഞ്ഞാര്‍ നിവാസികള്‍. തരാതരംപോലെ അഭിപ്രായങ്ങള്‍ മാറ്റിപ്പറഞ്ഞും നട്ടാല്‍ കിളിര്‍ക്കാത്ത നുണകള്‍ പടച്ചുവിട്ടും ജോര്‍ജ് നടത്തിക്കൊണ്ടിരിക്കുന്ന വായാടിത്തരങ്ങള്‍ മണ്ഡലത്തിലെ ജനങ്ങള്‍ക്കിടയില്‍ വെറുപ്പുളവാക്കിയിരിക്കുകയാണ്. മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ സംഘടകളെല്ലാം പി സിയെ പൂര്‍ണമായും ബഹിഷ്‌കരിച്ച മട്ടാണ്.
നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയില്‍ ഏതെങ്കിവും മുന്നണിയില്‍ കയറിപ്പറ്റാനുള്ള പി സിയുടെ നീക്കങ്ങള്‍ വിഫലമായി. ഇതോടെ പുകഴ്ത്തിപ്പറഞ്ഞ മുന്നണികളെയെല്ലാം അസഭ്യം വിളിച്ചു. ഒടുവില്‍ എന്‍ഡിഎയിലേയ്ക്ക് വീണ്ടും തിരിച്ചുപോവാനുള്ള നീക്കങ്ങളും വിജയിച്ചില്ല. ഇതോടെയാണ് ഒറ്റയ്ക്ക് മല്‍സരിക്കാന്‍ പി സി തീരുമാനിച്ചത്. അതേസമയം, 2016 ആവര്‍ത്തിക്കുക അത്ര എളുപ്പമല്ല. ഇടതിനായി ജോസ് പക്ഷമാണെങ്കില്‍ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ തന്നെയാവും സ്ഥാനാര്‍ഥി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കുളത്തിങ്കല്‍ മണ്ഡലത്തില്‍ പരിചിതനാണ്. കാഞ്ഞിരപ്പള്ളിക്ക് പകരം സിപിഐക്കാണ് പൂഞ്ഞാര്‍ നല്‍കുന്നതെങ്കില്‍ യുവനേതാവ് ശുഭേഷ് സുധാകര്‍ ആവും സ്ഥാനാര്‍ഥി.
മണ്ഡലത്തില്‍പെടുന്ന എരുമേലി ഡിവിഷനില്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം നേടിയ ശുഭേഷിന് യുവത്വം അനുകൂലഘടകമാണ്. യുഡിഎഫില്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തേക്കും. അങ്ങനെയെങ്കില്‍ മുന്‍ ഡിസിസി പ്രസിഡന്റ് ടോമി കല്ലാനിയായിരിക്കും സ്ഥാനാര്‍ഥി. ജോസഫ് പക്ഷത്തുനിന്ന് സജി മഞ്ഞക്കടമ്പന്‍ സീറ്റിനായി രംഗത്തുണ്ട്. ഏതായാലും എതിരാളികള്‍ ഇക്കുറി ദുര്‍ബലരാവില്ല. പൂഞ്ഞാര്‍ മണ്ഡലം ഉള്‍പ്പെടുന്ന ഈരാറ്റുപേട്ട നഗരസഭയില്‍
കാഞ്ഞിരപ്പള്ളി താലൂക്കിലെ എരുമേലി, മുണ്ടക്കയം, പാറത്തോട്, കൂട്ടിക്കല്‍, കോരുത്തോട് എന്നീ പഞ്ചായത്തുകളും, മീനച്ചില്‍ താലൂക്കില്‍ ഉള്‍പ്പെടുന്ന ഈരാറ്റുപേട്ട, പൂഞ്ഞാര്‍, പൂഞ്ഞാര്‍ തെക്കേക്കര, തീക്കോയി, തിടനാട് എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് പൂഞ്ഞാര്‍ നിയമസഭാ മണ്ഡലം.
തയ്യാറാക്കിയത്: നിഷാദ് എം ബഷീര്‍