തരൂരില്‍ ഡോ.പി കെ ജമീലയെ ഒഴിവാക്കി; പി പി സുമോദ് സിപിഎം സ്ഥാനാര്‍ഥിയായേക്കും

ഞായറാഴ്ച ചേര്‍ന്ന പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനമുണ്ടായത്. നേരത്തെ പി കെ ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്.

Update: 2021-03-07 14:34 GMT

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ തരൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍നിന്ന് മന്ത്രി എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയുടെ പേര് ഒഴിവാക്കി. പാലക്കാട് ജില്ലാ നേതൃത്വം ഉയര്‍ത്തിയ കടുത്ത പ്രതിഷേധത്തിനൊടുവില്‍ ജമീലയെ പരിഗണിക്കേണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു. ഞായറാഴ്ച ചേര്‍ന്ന പാലക്കാട് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനും ജില്ലാ കമ്മിറ്റിക്കും ശേഷമാണ് ഈ തീരുമാനമുണ്ടായത്. നേരത്തെ പി കെ ജമീലയുടെ പേരായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് തരൂര്‍ മണ്ഡലത്തിലേക്ക് നിര്‍ദേശിച്ചിരുന്നത്.

ഡിവൈഎഫ്‌ഐ നേതാവ് പി പി സുമോദിനെ മല്‍സരിപ്പിക്കണമെന്ന ഭൂരിപക്ഷ അഭിപ്രായമാണ് സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നത്. നേരത്തെ കോങ്ങാട് മണ്ഡലത്തിലേക്കായിരുന്നു സുമോദിന്റെ പേര് നിര്‍ദേശിച്ചിരുന്നത്. സുമോദ് തരൂരിലേക്ക് മാറുന്ന സ്ഥിതിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് മുന്‍ അധ്യക്ഷ അഡ്വ. കെ ശാന്തകുമാരി കോങ്ങാട് മല്‍സരിക്കാനുള്ള സാധ്യതയാണ് ഉയരുന്നത്. ജമീലയെ സ്ഥാനാര്‍ഥിയാക്കാന്‍ നിര്‍ദേശം വച്ചപ്പോള്‍തന്നെ ശക്തമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇന്ന് എ കെ ബാലന്റെ വീടിനു പരിസരത്തും പാലക്കാട് നഗരത്തിലും സിപിഎം ജില്ലാ കമ്മിറ്റി ഓഫിസിലും പ്രതിഷേധ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

ജമീലയെ ഇറക്കിയാല്‍ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്നാണ് ജില്ലാ സെക്രട്ടേറിയറ്റിലും ജില്ലാ സമിതിയിലും നടന്ന ചര്‍ച്ചകളില്‍ ഭൂരിപക്ഷം നേതാക്കളും പറഞ്ഞതെന്നാണ് സൂചന. ജമീലയെ മല്‍സരിപ്പിക്കുന്നത് തരൂരിലെയും മറ്റു മണ്ഡലങ്ങളിലേയും വിജയസാധ്യതയെ ബാധിക്കുമെന്നും അഭിപ്രായമുണ്ടായി. ഇതോടെയാണ് തീരുമാനം പുനപ്പരിശോധിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയഘട്ടത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെത്തുടര്‍ന്നാണ് ജമീലയുടെ പേര് തരൂരിലേക്ക് പരിഗണിച്ചതെന്നാണ് വിമര്‍ശനമുയരുന്നത്.

Tags:    

Similar News