ദേശാടനക്കിളിയെ കെട്ടിയിറക്കരുത്; കൊല്ലത്ത് പി സി വിഷ്ണുനാഥിനെതിരേ പോസ്റ്റര്‍
കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേര് മാന്തിയ ആളാണ് വിഷ്ണുനാഥെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാര്‍ഥിയെന്നും പോസ്റ്റര്‍ പറയുന്നു.
കൊല്ലം: കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥിനെതിരേ കൊല്ലത്ത് വ്യാപകമായി പോസ്റ്ററുകള്‍. ദേശാടനക്കിളിയായ വിഷ്ണുനാഥിനെ കൊല്ലത്ത് കെട്ടിയിറക്കരുതെന്നും കൊല്ലത്തിന് ബിന്ദു കൃഷ്ണ തന്നെ മതിയെന്നുമാണ് പോസ്റ്ററിലെ ആവശ്യം. പാര്‍ട്ടിയെ തകര്‍ത്തയാളെ ഒഴിവാക്കണമെന്നാണ് പോസ്റ്ററിലെ ആവശ്യം. കോണ്‍ഗ്രസിന്റെ കോട്ടയായ ചെങ്ങന്നൂരില്‍ പാര്‍ട്ടിയുടെ അടിവേര് മാന്തിയ ആളാണ് വിഷ്ണുനാഥെന്നും പോസ്റ്ററില്‍ കുറ്റപ്പെടുത്തുന്നു. ബിന്ദു കൃഷ്ണയാണ് കൊല്ലത്ത് അനുയോജ്യ സ്ഥാനാര്‍ഥിയെന്നും പോസ്റ്റര്‍ പറയുന്നു.
ജില്ലാ കമ്മിറ്റി ഓഫിസ്, ഡിസിസി ഓഫിസ്, നഗരത്തിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലത്ത് വിഷ്ണുനാഥ് മല്‍സരിക്കുമെന്ന വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍, കൊല്ലത്തുനിന്ന് പോയ സാധ്യതാ പട്ടികയില്‍ വിഷ്ണുനാഥിന്റെ പേരില്ല. പകരം ബിന്ദു കൃഷ്ണയുടെ പേര് മാത്രമാണുള്ളത്. അതിനാല്‍തന്നെ ഗ്രൂപ്പ് തര്‍ക്കങ്ങളാണ് ഇത്തരം ഒരു പോസ്റ്ററിന് പിന്നിലെന്നാണ് വിവരം.
ഏലത്തൂരിലും പാവങ്ങാടും എന്‍സിപി നേതാവും നിലവിലെ മന്ത്രിയുമായ എ കെ ശശീന്ദ്രനെതിരെയും പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. പുതുമുഖത്തെ വേണം, കറപുളരാത്ത കരങ്ങള്‍ വേണം എലത്തൂരില്‍ എന്നാണ് പോസ്റ്ററിലെ ആവശ്യം. എല്‍ഡഎഫ് വരണമെങ്കില്‍ ശശീന്ദ്രന്‍ മാറണമെന്നും പോസ്റ്ററില്‍ പറയുന്നു. കോഴിക്കോട് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുന്നതിനായി ചേര്‍ന്ന എന്‍സിപി ജില്ലാ കമ്മിറ്റി യോഗം കൈയാങ്കളിയിലാണ് അവസാനിച്ചത്. ശശീന്ദ്രന് സീറ്റ് നല്‍കരുതെന്നായിരുന്നു ഒരുവിഭാഗത്തിന്റെ ആവശ്യം.