എലത്തൂരില്‍ വിട്ടുവീഴ്ചയില്ല; എന്‍സികെ സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന് മാണി സി കാപ്പന്‍
കോട്ടയം: എലത്തൂര്‍ സീറ്റില്‍ എന്‍സികെ സ്ഥാനാര്‍ഥി തന്നെ മല്‍സരിക്കുമെന്ന് മാണി സി കാപ്പന്‍. പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. തര്‍ക്കങ്ങളെല്ലാം പരിഹരിക്കപ്പെടും. പ്രശ്‌നപരിഹാരത്തിനായി യുഡിഎഫ് നേതാക്കള്‍ ബന്ധപ്പെടുന്നുണ്ട്. പ്രശ്‌നത്തില്‍ സമവായത്തിനായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാണി സി കാപ്പനുമായി സംസാരിച്ചു. പ്രശ്‌നത്തിലെ എന്‍സികെയുടെ നിലപാട് തേടിയാണ് ചെന്നിത്തല കാപ്പനെ വിളിച്ചത്.
യുഡിഎഫ് എന്‍സികെയ്ക്ക് അനുവദിച്ച സീറ്റാണിത്. പ്രതിഷേധം ഉയരുന്നത് സ്വാഭാവികമാണ്. അതില്‍ ഞങ്ങള്‍തന്നെ മല്‍സരിക്കും. അംഗീകരിക്കേണ്ട ആളുകള്‍ ഞങ്ങളെ അംഗീകരിച്ചോളും. എന്‍സികെയുടെ സ്ഥാനാര്‍ഥി മാത്രമേ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ഉണ്ടാവൂ. സീറ്റ് ആര്‍ക്കും വിട്ടുനല്‍കില്ലെന്നും വിമത സ്ഥാനാര്‍ഥി പത്രിക പിന്‍വലിക്കുമെന്നും കാപ്പന്‍ വ്യക്തമാക്കി. എലത്തൂരിലെ എന്‍സികെ സ്ഥാനാര്‍ഥി സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്നാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്.
കെപിസിസി അംഗം യു വി ദിനേശ് മണി ഇവിടെ പത്രിക സമര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. കോഴിക്കോട് എംപി എം കെ രാഘവന്റെ പിന്തുണയോടെയാണ് മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് പ്രവര്‍ത്തകരുടെ വികാരം. സുല്‍ഫിക്കര്‍ മയൂരിയെ അംഗീകരിക്കില്ലെന്ന് എം കെ രാഘവനും വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ കെപിസിസി നേതൃത്വം ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും പ്രതിസന്ധി തുടരുകയാണ്.