പി സി അബ്ദുല്ല
കല്‍പ്പറ്റ: മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍ മാത്രമേയുള്ളുവെങ്കിലും ഈ നിയമസഭാ തിരഞ്ഞെടുപ്പ് വയനാട്ടില്‍ ഇരുമുന്നണികള്‍ക്കും നിര്‍ണായകം. ജില്ലയിലെ പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളായ സുല്‍ത്താന്‍ ബത്തേരി യുഡിഎഫിന്റെ കൈവശവും മാനന്തവാടി എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റുമാണ്. ജില്ലയിലെ ഏക ജനറല്‍ സീറ്റായ കല്‍പ്പറ്റയിലും 2016 ല്‍ എല്‍ഡിഎഫാണ് വിജയിച്ചത്. മാനന്തവാടി മണ്ഡലത്തില്‍ കെപിസിസി ജനറല്‍ സെക്രട്ടറിയും മുന്‍മന്ത്രിയുമായ പി കെ ജയലക്ഷ്മിയും സിറ്റിങ് എംഎല്‍എ സിപിഎമ്മിലെ ഒ ആര്‍ കേളുവും തമ്മിലാവും ഇത്തവണയും മുഖ്യപോരാട്ടം.
സുല്‍ത്താന്‍ ബത്തേരിയില്‍ സിറ്റിങ് എംഎല്‍എ കോണ്‍ഗ്രസിലെ ഐ സി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് സിപിഎമ്മില്‍ ചേര്‍ന്ന എം എസ് വിശ്വനാഥനുമായിരിക്കും ഏറ്റുമുട്ടുക. കഴിഞ്ഞതവണ സിപിഎമ്മിലെ സി കെ ശശീന്ദ്രന്‍ വിജയിച്ച കല്‍പറ്റ ഇടതുമുന്നണി എല്‍ജെഡിക്കാണ് നല്‍കിയത്. കഴിഞ്ഞ ദിവസം ചേര്‍ന്ന എല്‍ജെഡി ജില്ലാ കൗണ്‍സില്‍ യോഗം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം വി ശ്രേയാംസ്‌കുമാറിനെയാണ് സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചത്.
എങ്കിലും രാജ്യസഭാംഗമായ ശ്രേയാംസ്‌കുമാര്‍ മല്‍സരിക്കില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍നിന്നു ലഭിക്കുന്ന സൂചന. ഇക്കാര്യത്തില്‍ ഇന്ന് പ്രഖ്യാപനമുണ്ടാവും. അടുത്തിടെ കോണ്‍ഗ്രസില്‍നിന്ന് രാജിവച്ച് എല്‍ജെഡിയിലെത്തിയ ഡിസിസി മുന്‍ സെക്രട്ടറി പി കെ അനില്‍കുമാറും സാധ്യതാ പരിഗണനയിലുണ്ട്. കെപിസിസി വൈസ് പ്രസിഡന്റ് കെ സി റോസക്കുട്ടി, കെപിസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി വി ബാലചന്ദ്രന്‍, കെപിസിസി അംഗങ്ങളായ എന്‍ ഡി അപ്പച്ചന്‍, കെ എല്‍ പൗലോസ് എന്നിവര്‍ കല്‍പറ്റയില്‍ സീറ്റിനായി രംഗത്തുണ്ട്.
മാനന്തവാടിയില്‍ വയനാട് മെഡിക്കല്‍ കോളജ് അടക്കമുള്ള വികസന നേട്ടമാണ് എല്‍ഡിഎഫ് ഹൈലൈറ്റ്. 2016ലെ തിരഞ്ഞെടുപ്പില്‍ യുവമന്ത്രിയായിരുന്ന കോണ്‍ഗ്രസിലെ പി കെ ജയലക്ഷ്മിയെ പരാജയപ്പെടുത്തിയാണ് ഒ ആര്‍ കേളു നിയമസഭയിലെത്തിയത്. നേരത്തേ വടക്കേവയനാടായിരുന്ന മാനന്തവാടിയില്‍ 1965, 1967 വര്‍ഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥി എ കെ അണ്ണനായിരുന്നു വിജയം. 1965ല്‍ ഇടതു പിന്തുണയുള്ള സ്വതന്ത്രനായും 1967 സിപിഎം സ്ഥാനാര്‍ഥിയുമായാണ് അണ്ണന്‍ മല്‍സരിച്ചത്. 1970,1977, 1982 തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നു മണ്ഡലം. മൂന്നുതവണയും എം വി രാജനാണ് വടക്കേവയനാട്ടില്‍നിന്ന് നിയമസഭയിലേത്തിയത്.
1987ലും 1991ലും കോണ്‍ഗ്രസിലെ കെ രാഘവന്‍ വടക്കേ വയനാട് എംഎല്‍എയായി. 1996ലും 2001ലും കെ രാഘവന്റെ ഭാര്യ രാധ രാഘവനാണ് മണ്ഡലത്തില്‍ വിജയക്കൊടി നാട്ടിയത്. 2006ലെ തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിലെ പി ബാലനെ വീഴ്ത്തി സിപിഎമ്മിലെ കെ.സി.കുഞ്ഞിരാമന്‍ വടക്കേ വയനാട് എംഎല്‍എയായി. 1987,1991,1996 തിരഞ്ഞെടുപ്പുകളില്‍ തോറ്റു പതം വന്നതിനുശേഷമായിരുന്നു സിപിഎമ്മിന്റെയും കുഞ്ഞിരാമന്റെയും വിജയാഘോഷം. 2011ല്‍ സിറ്റിങ് എംഎല്‍എ കുഞ്ഞിരാമനെ നേരിടാന്‍ കോണ്‍ഗ്രസ് കളത്തിലിറക്കിയത് രാഷ്ട്രീയത്തില്‍ ഏറെ തഴക്കം ഇല്ലാത്ത പി കെ ജയലക്ഷ്മിയെയാണ്. രാഹുല്‍ഗാന്ധി ഉള്‍പ്പെടെ കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ ജയലക്ഷ്മിക്കു സാഹയകമായി.
മണ്ഡലം തിരിച്ചുപിടിച്ച ജയലക്ഷ്മി നേതൃത്വത്തിന്റെ പ്രതീക്ഷ കാത്തുസൂക്ഷിച്ചു. 12,734 വോട്ടിനായിരുന്നു കുഞ്ഞിരാമനെതിരേ ജയലക്ഷ്മിയുടെ വിജയം. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അവര്‍ പട്ടികവര്‍ഗ ക്ഷേമ മന്ത്രിയുമായി. എന്നാല്‍, 2016ല്‍ സീറ്റ് നിലനിര്‍ത്താന്‍ ജയലക്ഷ്്മിക്ക് കഴിഞ്ഞില്ല. ആര്‍എസ്എസ് ബന്ധവും അഴിമതിയാരോപണങ്ങളുമായി കോണ്‍ഗ്രസ് പ്രദേശിക ഘടകങ്ങള്‍ തന്നെ രംഗത്തുവന്നതാണ് അവര്‍ക്കു വിനയായത്. ജയലക്ഷ്മിക്കെതിരേ 1,307 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കേളുവിന്റെ വിജയം. ഇതിനകം നടന്ന തിരഞ്ഞെടുപ്പുകളിലെ ഫലം വിശകലനം ചെയ്താല്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും മേധാവിത്തം പ്രകടമാണ്.
എന്നാല്‍, എക്കാലവും ഒരേ ദിശയില്‍ വീശുന്നതല്ല മണ്ഡലത്തിലെ തിരഞ്ഞെടുപ്പുകാറ്റെന്നു സമ്മതിദായകര്‍ തെളിയിച്ചിട്ടുമുണ്ട്. അതിനാല്‍ത്തന്നെ ഇടതും വലതും മുന്നണികള്‍ ജാഗ്രതയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. വയനാട് ഗവ.മെഡിക്കല്‍ കോളേജ് മാനന്തവാടി ജില്ലാ ആശുപത്രിയില്‍ താത്കാലികമായി പ്രവര്‍ത്തനം തുടങ്ങിയതടക്കം ഭരണനേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി മണ്ഡലം നിലനിര്‍ത്താനാണ് എല്‍ഡിഎഫിന്റെ നീക്കങ്ങള്‍. മാനന്തവാടി നഗരസഭയും എടവക, തിരുനെല്ലി, തവിഞ്ഞാല്‍, പനമരം, വെള്ളമുണ്ട, തൊണ്ടര്‍നാട് പഞ്ചായത്തുകളും അടങ്ങുന്നതാണ് മാനന്തവാടി നിയമസഭാ മണ്ഡലം. ഇതില്‍ നഗരസഭയും തവിഞ്ഞാല്‍ പഞ്ചായത്തും ഒഴികെ തദ്ദേശ സ്ഥാപന ഭരണസമിതികള്‍ നിലവില്‍ എല്‍ഡിഎഫ് നിയന്ത്രണത്തിലാണ്.
തദ്ദേശ തിരഞ്ഞെടുപ്പില്‍ നിയോജകമണ്ഡലം പരിധിയില്‍ വോട്ടെണ്ണത്തില്‍ ഇടതുമുന്നണിക്കാണ് മേല്‍ക്കൈ. എല്‍ഡിഎഫിനു 68,489ഉം യുഡിഎഫിനു 64,733ഉം വോട്ടാണ് ലഭിച്ചത്. എന്‍ഡിഎ 18,960 വോട്ടു നേടി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ കുറുമ വിഭാഗത്തില്‍പ്പെട്ട കാല്‍ ലക്ഷത്തോളം വോട്ടര്‍മാരുണ്ട്.1997ലെ തെരഞ്ഞെടുപ്പില്‍ പട്ടികവര്‍ഗ സംവരണമണ്ഡലമായിരുന്ന ബത്തേരിയില്‍ കുറുമ സമുദായത്തില്‍നിന്നുള്ള കെ രാഘവനായിരുന്നു സ്ഥാനാര്‍ഥി. പിന്നീട് 2006 വരെ ജനറല്‍ വിഭാഗത്തില്‍നിന്നുള്ളവരാണ് സുല്‍ത്താന്‍ ബത്തേരിയില്‍ മല്‍സരിച്ചത്.
1980,1982,1987 തിരഞ്ഞെടുപ്പുകളില്‍ കെ കെ രാമചന്ദ്രനും 1991ലും 1996ലും കെ സി റോസക്കുട്ടിക്കും 2001ലും 2006ലും എന്‍ ഡി അപ്പച്ചനും പിന്നീട് രണ്ടുതിരഞ്ഞെടുപ്പുകളില്‍ ഐ സി ബാലകൃഷ്ണനുമാണ് കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയത്. 1996ല്‍ പി വി വര്‍ഗീസ് വൈദ്യരും 2006ല്‍ പി.കൃഷ്ണപ്രസാദുമാണ് (ഇരുവരും സിപിഎം) ബത്തേരിയില്‍ വിജയിച്ചത്. ബത്തേരി നഗരസഭയും നൂല്‍പ്പുഴ, നെന്‍മേനി, പൂതാടി, അമ്പലവയല്‍, മീനങ്ങാടി, പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് ബത്തേരി നിയമസഭാമണ്ഡലം. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബത്തേരി നഗരസഭയിലും അമ്പലവയല്‍ പഞ്ചായത്തിലും എല്‍ഡിഎഫാണ് വിജയിച്ചത്.
യുഡിഎഫ് നിയന്ത്രണത്തിലാണ് മറ്റു പഞ്ചായത്ത് ഭരണസമിതികള്‍. എങ്കിലും മണ്ഡലത്തില്‍ ഇടതു, വലതു മുന്നണികള്‍ തമ്മില്‍ വലിയ വോട്ടന്തരമില്ല. ഏഴ് തദ്ദേശ സ്ഥാപനങ്ങളിലുമായി യുഡിഎഫിനു 78,340 വോട്ടാണ് ലഭിച്ചത്. എല്‍ഡിഎഫ് 76,610 വോട്ട് നേടി. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ഗാന്ധി 1,10,697 വോട്ട് പിടിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിനു 40,232 വോട്ടാണ് ലഭിച്ചത്. ദേശീയ ജനാധിപത്യസഖ്യം 17,602 വോട്ട് നേടി.