ഹരിപ്പാട് മണ്ഡലത്തില്‍ രമേശ് ചെന്നിത്തലയ്‌ക്കെതിരേ യൂത്ത് കോണ്‍ഗ്രസ് വിമതന്‍

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കൂടിയായ നിയാസ് ഭാരതിയാണ് പ്രതിപക്ഷ നേതാവിന് വിമതഭീഷണി ഉയര്‍ത്തിയിരിക്കുന്നത്.

Update: 2021-03-19 12:23 GMT

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരേ ഹരിപ്പാട് മണ്ഡലത്തില്‍ വിമതസ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റും കെപിസിസി എക്‌സിക്യൂട്ടീവ് അംഗം കൂടിയായ നിയാസ് ഭാരതിയാണ് പ്രതിപക്ഷ നേതാവിന് വിമതഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അനീതിയും അസമത്വവും ഗ്രൂപ്പിസവും തുറന്നുകാട്ടുന്നതിനാണ് താന്‍ മല്‍സരരംഗത്തുവന്നതെന്ന് നിയാസ് പ്രതികരിച്ചു. ഹരിപ്പാട് സീറ്റില്‍ വിജയിക്കാന്‍ മറ്റ് പല സീറ്റുകളിലും നീക്കുപോക്കിന് ധാരണയായെന്നാണ് നിയാസ് ഭാരതി ആരോപിക്കുന്നു.

പത്രികയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായ ശേഷം രമേശ് ചെന്നിത്തലയുടെ കപടരാഷ്ട്രീയമുഖം തുറന്നുകാട്ടാന്‍ വാര്‍ത്താസമ്മേളനം വിളിക്കുമെന്നും നിയാസ് ഭാരതി വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ച യുവനേതാവാണ് നിയാസ് ഭാരതി. തിരുവനന്തപുരം ഗവ. ലോ കോളജ് മുന്‍ യൂനിയന്‍ ചെയര്‍മാന്‍ കൂടിയാണ്. കോണ്‍ഗ്രസിന്റെ സീറ്റ് വിവാദങ്ങളില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരേ കഴിഞ്ഞദിവസം അദ്ദേഹം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

അണികള്‍ അന്ധമായി പാര്‍ട്ടിയെ സ്‌നേഹിക്കുന്നുവെന്നും എന്നാല്‍ നേതാക്കള്‍ പാര്‍ട്ടിയുടെ അടിവേര് അറുക്കുകയാണെന്നുമായിരുന്നു നിയാസ് ഭാരതിയുടെ വാക്കുകള്‍. കല്‍പ്പറ്റ, തവന്നൂര്‍, പട്ടാമ്പി, വട്ടിയൂര്‍കാവ് തുടങ്ങിയ സ്ഥലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരേയും നിയാസ് രംഗത്തുവന്നിരുന്നു. അതേസമയം, കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Tags:    

Similar News