ജനഹിതം-2021: വിനോദോ അതോ ഷാജിയോ; എറണാകുളത്ത് ഇഞ്ചോടിഞ്ച്
മധ്യകേരളത്തിലെ യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും ഉറച്ച കോട്ടകളിലൊന്നായിട്ടാണ് എറണാകുളം നിയോജകമണ്ഡലം അറിയപ്പെടുന്നതെങ്കിലും ഇത്തവണ ശക്തമായ പോരാട്ടമാണ് ഇവിടെ നടക്കുന്നത്.നിലവിലെ എംഎല്‍എയും ഡിസിസി പ്രസിഡന്റുമായ ടി ജെ വിനോദിനെതിരെ സിപിഎം കളത്തിലിറക്കിയിരിക്കുന്നത് ലത്തീന്‍ സമുദായ നേതാവും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായി ഷാജി ജോര്‍ജിനെയാണ്
കൊച്ചി:എറണാകുളം മധ്യകേരളത്തിലെ യുഡിഎഫിന്റെ ഉറച്ചകോട്ടകളിലൊന്നായിട്ടാണ് അറിയപ്പെടുന്നത്. 2001 മുതല്‍ നിയമ സഭാ തിരഞ്ഞെടുപ്പിലും 2009 മുതലുള്ള ലോക് സഭാതിരഞ്ഞെടുപ്പിലും തുടര്‍ച്ചയായി യുഡിഎഫിനൊപ്പം ഉറച്ച നിന്ന മണ്ഡലാണ് എറണാകുളം.ഏറ്റവും ഒടുവിലായി നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ സംസ്ഥാനമൊട്ടാകെ ഇടതു തരംഗമുണ്ടായപ്പോഴും യുഡിഎഫിനും കോണ്‍ഗ്രസിനും ആശ്വാസമായി നിലകൊണ്ടതും എറണാകുളം തന്നെയായിരുന്നു. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ലോക് സഭാ തിരഞ്ഞെടുപ്പിലും ഇടതിനെ പിന്തുണച്ച പാരമ്പര്യവും എറണാകുളത്തിനുണ്ടെന്നതും ഇക്കഴിഞ്ഞ തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ എറണാകുളം നിയോജകണ്ഡലത്തിന്റെ മുഖ്യഭാഗമായ കൊച്ചി കോര്‍പ്പറേഷനില്‍ ഭരണം പിടിക്കാന്‍ കഴിഞ്ഞതും എല്‍ഡിഎഫിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.
1957 മുതല്‍ 82 വരെ നടന്ന ഏഴു തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ഇവിടെ കോണ്‍ഗ്രസിനായിരുന്നു വിജയം.57 ല്‍ എ എല്‍ ജേക്കബ്ബിലൂടെയായിരുന്നു കോണ്‍ഗ്രസ് തേരോട്ടം ആരംഭിച്ചത്.67 ല്‍ അലക്‌സാണ്ടര്‍ പറമ്പിത്തറയായിരുന്നു കോണ്‍ഗ്രസിനു വേണ്ടി കളത്തിലറിങ്ങിയത്. അപ്പോഴും വിജയം ഒപ്പം നിന്നു. 70,77,80,82 വര്‍ഷങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വീണ്ടും എ എല്‍ ജേക്കബ് തന്നെ സ്ഥാനാര്‍ഥിയായി വിജയം കൊയ്തു.എന്നാല്‍ 87 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ആദ്യ വിജയം നേടി.പ്രഫ എം കെ സാനുവിലൂടെയാണ് എല്‍ഡിഎഫ് അന്ന് വിജയിച്ചത്.എന്നാല്‍ 91 ലെ തിരഞ്ഞെടുപ്പില്‍ ജോര്‍ജ് ഈഡനിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചു പിടിച്ചു.96 ലെ തിരഞ്ഞെടുപ്പിലും ജോര്‍ജ് ഈഡന്‍ വിജയം ആവര്‍ത്തിച്ചു. 98 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിലൂടെ എല്‍ഡിഎഫ് വീണ്ടും വിജയം നേടി. 2001 ലെ തിരഞ്ഞെടുപ്പില്‍ കെ വി തോമസിലൂടെ കോണ്‍ഗ്രസ് മണ്ഡലം തിരിച്ചുപിടിച്ചു. പിന്നീടങ്ങോട്ട് 2019 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലടക്കം തുടര്‍ച്ചയായി കോണ്‍ഗ്രസിനു തന്നെയായിരുന്നു വിജയം.
2006 ല്‍ കെ വി തോമസ് തന്നെ വീണ്ടും മല്‍സരിച്ചു വിജയിച്ചു.2009 ല്‍ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിച്ചു വിജയിച്ചതോടെ 2009 ല്‍ നടന്ന ഉപതിരഞ്ഞെടുപ്പിലും ഡൊമിനിക് പ്രസന്റേഷനിലൂടെ മണ്ഡലം നിലനിര്‍ത്തി.2011 ല്‍ ജോര്‍ജ് ഈഡന്റെ മകനും കെഎസ് യു നേതാവുമായിരുന്ന ഹൈബി ഈഡനെ കോണ്‍ഗ്രസ് കളത്തിലിറക്കി വിജയം ആവര്‍ത്തിച്ചു.2016ലും ഹൈബിയിലൂടെ കോണ്‍ഗ്രസ് മണ്ഡലം നിലനിര്‍ത്തി.2019 ലെ ലോക് സഭാ തിരഞ്ഞെടുപ്പില്‍ കെ വി തോമസിനെ മാറ്റി പകരം ഹൈബി ഈഡനെ കോണ്‍ഗ്രസ് എറണാകുളം ലോക് സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായി രംഗത്തിറക്കി വിജയം ആവര്‍ത്തിച്ചു.തുടര്‍ന്ന് 2019 ലെ ഉപതിരഞ്ഞടുപ്പില്‍ ടി ജെ വിനോദിനെ കോണ്‍ഗ്രസ് രംഗത്തിറക്കി. ഉപതിരഞ്ഞെടുപ്പില്‍ കടുത്ത വെല്ലുവിളിയാണ് കോണ്‍ഗ്രസിനും യുഡിഎഫിനും നേരിടേണ്ടിവന്നത്. പെരുമഴയില്‍ നഗരം വെള്ളക്കെട്ടില്‍ അമര്‍ന്ന ദിവസം നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്. ഭരിച്ചിരുന്ന കോര്‍പ്പറേഷനെതിരേ ജനരോക്ഷം ഉയര്‍ന്നെങ്കിലും 3,750 വോട്ടിന്റെ ഭൂരിപക്ഷത്തിലൂടെ കോണ്‍ഗ്രസിനുവേണ്ടി ടി ജെ വിനോദ് മണ്ഡലം നിലനിര്‍ത്തി.
ഇത്തവണയും വിനോദിനെ തന്നെയാണ് കോണ്‍ഗ്രസ് കളത്തിലിറക്കിയിരിക്കുന്നത്. എന്നാല്‍ ഇത്തവണ എറണാകുളം മണ്ഡലം പിടിക്കുകയെന്ന ലക്ഷ്യത്തിലാണ് സിപിഎമ്മും ഇടതു മുന്നണിയും.ശക്തമായ പോരാട്ടമാണ് ഇക്കുറി മണ്ഡലത്തില്‍ നടക്കുന്നത്.ലത്തീന്‍ സമുദായത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് എറണാകുളം.അതു കൊണ്ടു തന്നെ ലത്തീന്‍ സമുദായ നേതാവും കേരള റീജ്യന്‍ ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റുമായ ഷാജി ജോര്‍ജിനെയാണ് സിപിഎം ഇക്കുറി സ്ഥാനാര്‍ഥിയാക്കിയിരിക്കുന്നത്.ഷാജി ജോര്‍ജിന്റെ സമുദായത്തിലെ സ്വാധീനം ഗുണകരമാകുമെന്നാണ് സിപിഎം വിലയിരുത്തല്‍. പുസ്തക പ്രസാധകന്‍ കൂടിയായ ഷാജി ജോര്‍ജ് കൊച്ചിയിലെ സാംസ്‌കാരിക രംഗത്തും ശ്രദ്ധേയനാണ്.ഇതെല്ലാം വോട്ടായി മാറുമെന്നാണ് ഇടതുപക്ഷത്തിന്റെ കണക്കു കൂട്ടല്‍.
അതേ സമയം തന്നെ ലത്തീന്‍ സമുദായ അംഗം തന്നെയാണ് നിലവിലെ എംഎല്‍എയായ കോണ്‍ഗ്രസിലെ ടി ജെ വിനോദ്.സമുദായ അംഗങ്ങള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള വ്യക്തി തന്നെയാണ് ടി ജെ വിനോദും.കോണ്‍ഗ്രസ് ഡിസിസി പ്രസിഡന്റുകൂടിയായ ടി ജെ വിനോദ് മണ്ഡലത്തില്‍ സുപരിചിതനാണ്.ഇതെല്ലാം ഇത്തവണയും വിനോദിന് തുണയാകുമെന്നാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും കണക്കു കൂട്ടല്‍.അതു കൊണ്ടു തന്നെ ശക്തമായ പോരാട്ടത്തിനാണ് മണ്ഡലം വേദിയാകുന്നത്.വനിതയെയാണ് എന്‍ഡിഎ പോരാട്ടത്തിനിറക്കിയിരിക്കുന്നത്.പത്മജ മേനോനെയാണ് എന്‍ഡിഎക്കു വേണ്ടി ബിജെപി കളത്തിലിറക്കിയിരിക്കുന്നത്.ശക്തമായ പ്രചരണമാണ് പത്മജ മേനോനും മണ്ഡലത്തില്‍ നടത്തുന്നത്.
2011 ല്‍ എന്‍ഡിഎയ്ക്കായി ബിജെപി രംഗത്തിറക്കിയ സി ജി രാജഗോപാല്‍ 6,362 വോട്ടുകളും 2016 ലെ തിരഞ്ഞെടപ്പില്‍ എന്‍ കെ മോഹന്‍ദാസ് 14,878 വോട്ടുകളും 2019 ലെ ഉപതിരഞ്ഞെടുപ്പില്‍ സി ജി രാജഗോപാല്‍ 13,351 വോട്ടുകളും ബിജെപിക്കായി മണ്ഡലത്തില്‍ നേടിയിരുന്നു.മൂന്നു മുന്നണികളും രണ്ടാം ഘട്ട പ്രചരണം ഏതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു.രാഹുല്‍ ഗാന്ധിയടക്കം കോണ്‍ഗ്രസിന്റെ മുന്‍ നിര നേതാക്കള്‍ വിനോദിനായി മണ്ഡലത്തില്‍ പ്രചരണത്തിന് എത്തുന്നുണ്ട് .ഷാജി ജോര്‍ജ്ജിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുളള പ്രമുഖ ഇടുത നേതാക്കളാണ് പ്രചരണത്തിനായി എത്തുന്നത്.പത്മജ മേനോനായും ബിജെപിയുടെ പ്രമുഖ നേതാക്കള്‍ മണ്ഡലത്തില്‍ എത്തുന്നുണ്ട്.