എന്‍ഡിഎയിലെ ഭിന്നത മറനീക്കുന്നു; ഏറ്റുമാനൂരിലും പൂഞ്ഞാറിലും രണ്ടു സ്ഥാനാര്‍ഥികള്‍
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ എന്‍ഡിഎയിലെ ഭിന്നത മറനീക്കി പുറത്ത്. ഏറ്റുമാനൂര്‍, പൂഞ്ഞാര്‍ നിയോജക മണ്ഡലങ്ങളില്‍ മുന്നണിയിലെ രണ്ടു സ്ഥാനാര്‍ഥികള്‍ വീതമാണ് പത്രിക നല്‍കിയത്. ബിജെപി, ബിഡിജെഎസ് സ്ഥാനാര്‍ഥികളാണ് ഇരു മണ്ഡലങ്ങളിലും പത്രിക നല്‍കിയിട്ടുള്ളത്. സംസ്ഥാനത്ത് പലയിടത്തും മണ്ഡലത്തില്‍ പ്രത്യേകിച്ചും ഇരുപാര്‍ട്ടികളും തമ്മില്‍ തര്‍ക്കം രൂക്ഷമാണ്. രണ്ടിടത്തും ബിഡിജെഎസ് സ്ഥാനാര്‍ഥികളെ മാറ്റണമെന്ന് ബിജെപി ആവശ്യപ്പെട്ടെങ്കിലും അവര്‍ പിന്‍മാറാന്‍ തയ്യാറായിട്ടില്ല.
ഏറ്റുമാനൂരില്‍ ബിഡിജെഎസിനു വേണ്ടി എന്‍ ശ്രീനിവാസനും ബിജെപിക്കു വേണ്ടി ടി എന്‍ ഹരികുമാറുമാണ് പത്രിക നല്‍കിയത്. പൂഞ്ഞാറില്‍ ബിജെപി കോട്ടയം ജില്ലാ പ്രസിഡന്റ് നോബിള്‍ മാത്യുവും ബിഡിജെഎസ് സ്ഥാനാര്‍ഥിയായി എംപി സെന്നുമാണ് പത്രിക നല്‍കിയത്. പൂഞ്ഞാറില്‍ ആദ്യഘട്ടത്തില്‍ സ്ഥാനാര്‍ഥിയായി എം ആര്‍ ഉല്ലാസിനെയാണു ബിഡിജെഎസ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ എയ്ഡഡ് സ്‌കൂള്‍ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കരുതെന്ന കോടതി വിധി വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു. പ്രസ്തുത ഉത്തരവ് റദ്ദാക്കുകയും വ്യാഴാഴ്ച ഉല്ലാസിന് അനുകൂലമായി കോടതി തീരുമാനം കൈക്കൊണ്ടെങ്കിലും എംപി സെന്നിന് വേണ്ടി ഉല്ലാസ് പിന്‍മാറുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്. പത്രിക പിന്‍വലിക്കുന്ന സമയം കഴിയുന്നതിനു മുമ്പ് പിന്‍വലിപ്പിക്കാനാണു നീക്കം നടക്കുന്നത്.