പതിവ് തെറ്റിക്കാതെ കർണാടക; എൻഡിഎ മുന്നിൽ

Update: 2024-06-04 04:51 GMT

ബംഗളൂരു: സംസ്ഥാനത്ത് ആദ്യ ഫല സൂചനകള്‍ പുറത്തുവന്നപ്പോള്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെക്കുന്ന തരത്തില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം വലിയ മുന്നേറ്റം നടത്തുകയാണ്.

ആകെയുള്ള 28 സീറ്റുകളില്‍ 20 സീറ്റുകളിലും എന്‍ഡിഎയാണ് ലീഡ് ചെയ്യുന്നത്. 17 സീറ്റുകളില്‍ ബിജെപിയും മൂന്നു സീറ്റുകളില്‍ ജെഡിഎസും സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ഏഴു സീറ്റുകളിലാണ് മുന്നിട്ടുനില്‍ക്കുന്നത്. ഹാസ്സനിലെ ജെഡിഎസ് സ്ഥാനാര്‍ഥിയും ദേവഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വല്‍ രേവണ്ണക്കെതിരായ ലൈംഗികാതിക്ര കേസ് വിവാദം സംസ്ഥാന രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയിട്ടും എന്‍ഡിഎ സഖ്യത്തിന് തിരിച്ചടിയായില്ലെന്നാണ് ആദ്യ ഫലങ്ങള്‍ നല്‍കുന്ന സൂചന.

ബിജെപി 22 സീറ്റുകളിലും ജെഡിഎസ് മൂന്നു സീറ്റുകളിലുമാണ് മത്സരിച്ചത്. വലിയ ഭൂരിപക്ഷത്തോടെ സംസ്ഥാന ഭരണം പിടിച്ച കോണ്‍ഗ്രസ് തനിച്ചാണ് മത്സരിക്കുന്നത്. സംസ്ഥാന ഭരണം മാറിമറിയുമ്പോഴും ഏറെ നാളായി ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിക്കൊപ്പം നില്‍ക്കുന്നതാണ് കര്‍ണാടകയുടെ പതിവ്. ഇത്തവണയും അതിനു മാറ്റമില്ലെന്നാണ് പുറത്തുവരുന്ന ഫലം സൂചിപ്പിക്കുന്നത്. 2019 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 25 സീറ്റുകളിലാണ് ജയിച്ചത്.

കോണ്‍ഗ്രസും ജെഡിഎസും സഖ്യമായാണ് അന്ന് മത്സരിച്ചത്. ഇരുവരും ഓരോ സീറ്റുകളില്‍ ജയിച്ചു. സംഘടന സംവിധാനം ശക്തമായ കര്‍ണാടകയില്‍ കോണ്‍ഗ്രസ് ഇത്തവണ ഏറെ പ്രതീക്ഷ അര്‍പ്പിച്ചിരുന്നു. എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളിക്കളഞ്ഞ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും സംസ്ഥാനത്ത് കോണ്‍ഗ്രസ് മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്നു.

Tags:    

Similar News