സിപിഎമ്മിന്റെ സാമ്പത്തിക വലതുപക്ഷ പരിഷ്‌കരണം ശരിവയ്ക്കുന്ന ബജറ്റ്: വെല്‍ഫെയര്‍ പാര്‍ട്ടി
തിരുവനന്തപുരം: സിപിഎമ്മിന്റെ സമ്പൂര്‍ണ സാമ്പത്തിക വലതുപക്ഷ പരിഷ്‌കരണം ശരിവയ്ക്കുന്നതാണ് ധനമന്ത്രി അവതരിപ്പിച്ച കേരള ബജറ്റെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. സംസ്ഥാനത്തെ കൂടുതല്‍ കടക്കെണിയിലേക്ക് തള്ളുന്നതും സാമ്പത്തിക സന്തുലിതത്വം പാലിക്കാത്തതുമായ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്. വരവും ചെലവും തമ്മിലുള്ള അന്തരം അതിഭീകരമായി വര്‍ധിക്കുന്നു. കടക്കെണി പരിഹരിക്കാനും ചെലവുചുരുക്കുന്നതിനും യാതൊരു നിര്‍ദേശങ്ങളുമില്ല. വിലക്കയറ്റം നിയന്ത്രിക്കാന്‍ 2,000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എങ്ങനെയാണ് ഇത് നടപ്പാക്കുക എന്നത് വ്യക്തമാക്കിയിട്ടില്ല.
ഒന്നാം പിണറായി സര്‍ക്കാരിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്ന വില നിയന്ത്രണ അതോറിറ്റി രൂപീകരണത്തെ സംബന്ധിച്ച് ഇപ്പോഴും മൗനത്തിലാണ്. ഭൂമിയുടെ ന്യായവില വര്‍ധിപ്പിച്ചുകൊണ്ട് കൂടുതല്‍ നികുതി വരുമാനമുണ്ടാക്കാമെന്ന നീക്കം പരാജയപ്പെടും. നിലവിലുള്ള സാഹചര്യത്തില്‍ ഭൂമിയുടെ ക്രയവിക്രയം വലിയതോതില്‍ നടക്കുന്നില്ല. രജിസ്‌ട്രേഷന്‍ നിരക്കുകള്‍ കുറച്ച് കൂടുതല്‍ ഭൂ ക്രയവിക്രയം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയാണ് വേണ്ടത്. കാര്‍ഷികമേഖലയിലെ മുന്നേറ്റങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ബജറ്റ് പ്രഖ്യാപനങ്ങള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍, കേവല ബജറ്റ് പ്രഖ്യാപനങ്ങളായി അവ ചുരുങ്ങാതിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടലുണ്ടാവണം.
ക്ഷേമ പെന്‍ഷനുകളുടെ കാലാനുസൃതമായ വര്‍ധനവ് ഉണ്ടാവാത്തത് പ്രതിഷേധാര്‍ഹമാണ്.ഹരിത നികുതി എന്ന പേരില്‍ പഴയവാഹനങ്ങളുടെ നികുതി വര്‍ധിപ്പിക്കുന്ന സര്‍ക്കാര്‍ ബദല്‍ വാഹനങ്ങളായ ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ക്ക് മറ്റ് സംസ്ഥാനങ്ങള്‍ നല്‍കുന്നതുപോലെ ഉയര്‍ന്ന സബ്‌സിഡി നല്‍കുന്നില്ല. സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ എന്ന ഇടതുപക്ഷ നയത്തിന് പകരം പങ്കാളിത്ത പെന്‍ഷന്‍ എന്ന കോര്‍പറേറ്റ് പദ്ധതി തുടരുകയാണ് സര്‍ക്കാര്‍. കോവിഡാനന്തരം ആരോഗ്യമേഖല ശക്തിപ്പെടുത്തേണ്ട സാഹചര്യത്തെയും വേണ്ടത്ര സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല. പൊതുമേഖലയുടെ സമ്പൂര്‍ണ തകര്‍ച്ചയും കോര്‍പറേറ്റ് നിയന്ത്രിത സാമ്പത്തിക വ്യവസ്ഥയും സൃഷ്ടിക്കാനുതകുന്ന നിര്‍ദേശങ്ങളാണ് പിണറായി സര്‍ക്കാരിന്റെ ബജറ്റെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.