വികസന അജണ്ടയ്ക്ക് ദിശാബോധം നല്‍കുന്ന ബജറ്റ് : ഫിക്കി

കൊവിഡ് കണക്കിലെടുത്ത് ആരോഗ്യ സംരക്ഷണ ഉല്‍്പന്നങ്ങള്‍ക്ക് സബ്സിഡി അനുവദിച്ചതും ഗുണകരമാകുമെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍ ദീപക് എല്‍ അസ്വാനി പറഞ്ഞു.പുതിയതോ അധിക നികുതിഭാരമോ അടിച്ചേല്‍പ്പിക്കാത്തത് വാണിജ്യ, വ്യവസായ മേഖലയ്ക്ക് ആശ്വാസകരമാണ്

Update: 2021-06-04 11:49 GMT

കൊച്ചി: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തിന്റെ പുതിയ വികസന അജണ്ടയ്ക്ക് ദിശാബോധം നല്‍കുന്നതാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി(ഫിക്കി) കേരള സ്റ്റേറ്റ് കൗണ്‍സില്‍ കോ-ചെയര്‍ ദീപക് എല്‍ അസ്വാനി. തോട്ടം മേഖലയ്ക്ക് ഊന്നല്‍ നല്‍കിയതും എം എസ് എം ഇ നാനോ സെക്ടര്‍ നോളഡ്ജ് മിഷന്‍ എന്നിവയ്ക്ക് ലോണ്‍ സബ്സിഡി അനുവദിച്ചതും സ്വാഗതാര്‍ഹമാണ്. കൊവിഡ് കണക്കിലെടുത്ത് ആരോഗ്യ സംരക്ഷണ ഉല്‍പന്നങ്ങള്‍ക്ക് സബ്സിഡി അനുവദിച്ചതും ഗുണകരമാകും.

പുതിയതോ അധിക നികുതിഭാരമോ അടിച്ചേല്‍പ്പിക്കാത്തത് വാണിജ്യ, വ്യവസായ മേഖലയ്ക്ക് ആശ്വാസകരമാണെന്നും ദീപക് അസ്വാനി പറഞ്ഞു. കാര്‍ഷിക വ്യാവസായിക, സേവന മേഖലകളിലെ പുതിയ സംരംഭങ്ങള്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്പ നല്‍കാനും നിലവിലുള്ള സജീവമല്ലാത്ത സംരംഭങ്ങളുടെ പുനരുജ്ജീവനത്തിനും സര്‍ക്കാര്‍ സ്വീകരിച്ച നടപടി സ്വാഗതാര്‍ഹമാണ്.

2021-22 ഓടെ 1600 കോടി രൂപ വായ്പ നല്‍കാനാണ് ലക്ഷ്യം.സ്റ്റാര്‍ട്ടപ്പുകള്‍ക്കും എം എസ് എം ഇ കള്‍ക്കും 100 കോടി രൂപയുടെ വെര്‍ച്വല്‍ ക്യാപിറ്റല്‍ ഫണ്ട് സജ്ജീകരിക്കുന്നതും കൃഷി, അടിസ്ഥാന സൗകര്യവുമായി ബന്ധപ്പെട്ട കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിന് 4% പലിശയില്‍ നബാര്‍ഡ് വഴി 2000 കോടി നല്‍കാനുള്ള നടപടികളും ഉത്തേജനം പകരുന്നതാണെന്ന് ദീപക് അസ്വാനി ചൂണ്ടിക്കാട്ടി.

ടൂറിസം മേഖലയിലെ യൂനിറ്റുകള്‍ക്കായി 30 കോടി വകയിരുത്തിയതും പുനരുജ്ജീവന പാക്കേജും അഭിനന്ദനാര്‍ഹമാണ്.സര്‍ക്കാരിന്റെ ചെലവ് വെട്ടിക്കുറയ്ക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ വര്‍ധിക്കുന്ന വരുമാനക്കമ്മിയും പൊതു കടവും കണക്കിലെടുത്ത് കൃത്യമായ ആക്ഷന്‍ പ്ലാന്‍ തയാറാക്കുന്നതിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News