കേരള കോണ്‍ഗ്രസില്‍ അധികാര വടംവലി തുടരുന്നു; ചെയര്‍മാനെ തീരുമാനിക്കേണ്ടത് സമവായത്തിലൂടെയെന്ന് പി ജെ ജോസഫ്
കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം തീരുമാനിക്കേണ്ടത് സമവായത്തിലൂടെയാണെന്ന് താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ചേര്‍ന്നുവേണം ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടതെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം: കെ എം മാണി അന്തരിച്ചതിനുശേഷം കേരള കോണ്‍ഗ്രസ് (എം) ല്‍ ഉടലെടുത്ത അധികാര വടംവലിക്ക് പരിഹാരം കാണാനായില്ല. കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ സ്ഥാനം തീരുമാനിക്കേണ്ടത് സമവായത്തിലൂടെയാണെന്ന് താല്‍ക്കാലിക ചെയര്‍മാന്‍ പി ജെ ജോസഫ് വ്യക്തമാക്കി. സംസ്ഥാന കമ്മിറ്റി ചേര്‍ന്നുവേണം ചെയര്‍മാനെ തിരഞ്ഞെടുക്കേണ്ടതെന്ന ജോസ് കെ മാണി വിഭാഗത്തിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ സ്ഥാനത്ത് ഒഴിവുവരികയാണെങ്കില്‍ ഓരോ തലത്തിലെയും കമ്മിറ്റികള്‍ ചേര്‍ന്ന് സമവായത്തിലൂടെ തീരുമാനമെടുക്കണമെന്നാണ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ പറയുന്നത്. സംസ്ഥാന കമ്മിറ്റി വിളിച്ച് ഭൂരിപക്ഷം തെളിയിച്ചല്ല തീരുമാനിക്കേണ്ടത്. പാര്‍ട്ടി പിളര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇതിന് എതിരുനില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടില്ലെന്നും പി ജെ ജോസഫ് പറഞ്ഞു.
ചെയര്‍മാന്റെ അഭാവത്തില്‍ അദ്ദേഹത്തിന്റെ അധികാരങ്ങളും ചുമതലകളും വര്‍ക്കിങ് ചെയര്‍മാനില്‍ നിക്ഷിപ്തമാണെന്ന് അംഗീകരിക്കാന്‍ തയ്യാറാവാത്തതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. മരണം, രാജി, പുറത്താക്കല്‍ തുടങ്ങിയ കാരണങ്ങള്‍കൊണ്ട് ചെയര്‍മാന്‍ സ്ഥാനത്ത് ഒഴിവുവരികയാണെങ്കില്‍ ഓരോ തലത്തിലെയും കമ്മിറ്റികള്‍ ചേര്‍ന്ന് സമവായത്തിലെത്തിച്ചേര്‍ന്ന ശേഷം ഒഴിവുനികത്താം. കെ എം മാണിയായിരുന്നു പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍. താന്‍ ഡെപ്യൂട്ടി ലീഡര്‍.
പാര്‍ലമെന്ററി പാര്‍ട്ടി ലീഡറുടെ നിര്യാണത്തെത്തുടര്‍ന്ന് ആ സ്ഥാനത്ത് ഡെപ്യൂട്ടി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എത്തുമെന്ന് ആര്‍ക്കാണ് അറിയാത്തത്. ഇതിനു വിരുദ്ധമായ നടപടിയാണ് നിയമസഭാ സ്പീക്കര്‍ക്ക് റോഷി അഗസ്റ്റിന്‍ കത്തുനല്‍കിയതിനെ സൂചിപ്പിച്ച് ജോസഫ് പറഞ്ഞു. അതേസമയം, ചിലരുടെ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കുവേണ്ടി പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് വൈസ് ചെയര്‍മാന്‍ ജോസ് കെ മാണി പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണം. ചില കേന്ദ്രങ്ങള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. കത്ത് കൊടുത്തവര്‍ അത് പുറത്തുവിടുന്നില്ല. കെ എം മാണി കെട്ടിപ്പടുത്ത പാര്‍ട്ടിയെ തകര്‍ക്കാന്‍ അനുവദിക്കില്ല.
പാര്‍ട്ടിക്കെതിരായ നീക്കങ്ങള്‍ പ്രവര്‍ത്തകര്‍ തന്നെ ചെറുത്തുതോല്‍പ്പിക്കുമെന്നും പാര്‍ട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടുകൊണ്ടുപോവുമെന്നും ജോസ് കെ മാണി വ്യക്തമാക്കി. കേരള കോണ്‍ഗ്രസ് എമ്മിന്റെ ചെയര്‍മാന്‍ പി ജെ ജോസഫാണെന്ന് കാണിച്ച് കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് കമ്മീഷന് പാര്‍ട്ടിയുടെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയി എബ്രഹാം കത്ത് നല്‍കിയിരുന്നു. എന്നാല്‍, അങ്ങനെയൊരു കത്തില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. വിഷയത്തിലെ ജോസ് കെ മാണിയുടെ പ്രതികരണം ചൂണ്ടിക്കാണിച്ചപ്പോള്‍, അങ്ങനെയാണെങ്കില്‍ കത്തില്ലെന്നായിരുന്നു ജോസഫിന്റെയും മറുപടി.