കേരള കോണ്‍ഗ്രസ് യുപിഎയുടെ ഭാഗം; രാജിവയ്‌ക്കേണ്ടതില്ലെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി
യുഡിഎഫില്‍നിന്നാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയിട്ടുള്ളത്. യുപിഎയില്‍ തുടരുന്നതിന് അത് തടസമല്ല.
കോട്ടയം: യുഡിഎഫില്‍നിന്ന് പുറത്താക്കിയെങ്കിലും കേരള കോണ്‍ഗ്രസ് (എം) ഇപ്പോഴും യുപിഎയുടെ ഭാഗമാണെന്ന് ജോസ് കെ മാണി എംപി. നേരത്തെ യുഡിഎഫ് വിട്ടപ്പോഴും ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി പാര്‍ട്ടി യുപിഎയുടെ ഭാഗമായിരുന്നെന്നും എംപി സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എംപി സ്ഥാനം രാജിവയ്ക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിലാണ് യുപിഎയുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നത്. യുഡിഎഫില്‍നിന്നാണ് കേരള കോണ്‍ഗ്രസിനെ പുറത്താക്കിയിട്ടുള്ളത്. യുപിഎയില്‍ തുടരുന്നതിന് അത് തടസമല്ല. സ്വതന്ത്രമായ നിലപാട് സ്വീകരിച്ച് ഇരുമുന്നണിയിലുമില്ലാതെ നില്‍ക്കാനാണ് നിലവിലെ കേരള കോണ്‍ഗ്രസ് തീരുമാനം. അതിനാല്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് മറുപടി പറയേണ്ട സാഹചര്യം ഇപ്പോഴില്ല. എതിര്‍പ്പിനുള്ള കാരണം കാനത്തിനോടുതന്നെ ചോദിക്കണം. അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് അറിയാഞ്ഞിട്ടല്ല ഈ എതിര്‍പ്പെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫില്‍നിന്നും പുറത്താക്കപ്പെട്ടതിന് പിന്നാലെ ജോസ് കെ മാണി എല്‍ഡിഎഫിലേക്കെന്ന വ്യാഖ്യാനങ്ങളുയര്‍ന്നിരുന്നു. ജോസ് പക്ഷത്തെ പുറത്താക്കിയത് പരമാവധി മുതലെടുക്കാനുള്ള നീക്കം സിപിഎമ്മും നടത്തി. ഇതിന്റെ ഭാഗമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കം ജോസ് കെ മാണിയുടെ ഇടത് മുന്നണി പ്രവേശനത്തെ തള്ളാത്ത നിലപാടായിരുന്നു സ്വീകരിച്ചിരുന്നത്.