പ്രതിഫലം ഒരു കോടി: കാലാവസ്ഥാ പ്രവചനത്തിന് കേരളത്തിന് സ്വകാര്യ സ്ഥാപനങ്ങള്‍, ഉത്തരവിറങ്ങി
പ്രതിദിന കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്നതില്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ സ്വകാര്യ സ്ഥാപനമായ സ്‌കൈ മെറ്റ് വെതര്‍ സര്‍വീസസ്, ഐബിഎം വെതര്‍ കമ്പനി, എര്‍ത്ത് നെറ്റ് വര്‍ക്ക് ആന്‍ഡ് വിന്‍ഡി എന്നീ സ്വകാര്യ സ്ഥാപനങ്ങളെയാണ് കേരളം തിരഞ്ഞെടുത്തത്.
തിരുവനന്തപുരം: കേരളം കാലാവസ്ഥാ പ്രവചനത്തിന് സ്വകാര്യ കമ്പനികളെ ആശ്രയിക്കുന്നു. കാലാവസ്ഥാ പ്രവചനത്തില്‍ നിന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിനെ (ഐഎംഡി) കയ്യൊഴിഞ്ഞാണ് മൂന്ന് സ്വകാര്യ സ്ഥാപനങ്ങളെ നിയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പ്രതിദിന കാലാവസ്ഥാ വിവരങ്ങള്‍ നല്‍കുന്നതില്‍ ലോകത്തിലെ തന്നെ രണ്ടാമത്തെ സ്വകാര്യ സ്ഥാപനമായ സ്‌കൈ മെറ്റ് വെതര്‍ സര്‍വീസസ്, ഐബിഎം വെതര്‍ കമ്പനി, എര്‍ത്ത് നെറ്റ് വര്‍ക്ക് ആന്‍ഡ് വിന്‍ഡി എന്നീ സ്വകാര്യ സ്ഥാപനങ്ങളെയാണ് കേരളം തിരഞ്ഞെടുത്തിരിക്കുന്നത്. സേവനത്തിന് പ്രതിഫലമായി മൂന്നു സ്ഥാപനങ്ങള്‍ക്കും കൂടി ഏകദേശം ഒരു കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
2017ലെ ഓഖി ദുരന്തം, 2018ലെ പ്രളയം, 2019ലെ രണ്ടാം പ്രളയം എന്നിവ സംബന്ധിച്ച് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുകള്‍ കൃത്യവും വ്യക്തവുമായിരുന്നില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ സേവനദാതാക്കളെ തിരഞ്ഞെടുത്തത്. സംസ്ഥാന ദുരന്തനിവാരണ വകുപ്പിന്റെ പ്രത്യേക ശുപാര്‍ശ പ്രകാരം ഒരു വര്‍ഷത്തേക്കാണ് നിയമനം. കേരളത്തിന് ആവശ്യമായ കാലാവസ്ഥ പ്രവചനം സംബന്ധിച്ച് ദുരന്ത നിവാരണ വകുപ്പ് കേന്ദ്ര കാലവസ്ഥാ വകുപ്പിനോട് നിരവധി ആവശ്യങ്ങള്‍ മുന്നോട്ടു വച്ചിരുന്നു. കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ താലൂക്ക് തലത്തില്‍ പെയ്യുന്ന മഴയുടെ അളവു പോലും സുപ്രധാനമാണെന്ന് ദുരന്ത നിവാരണ വകുപ്പ് വിലയിരുത്തിയിരുന്നു. ഈ വിവരങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നല്‍കാന്‍ ഐഎംഡി തയ്യാറായില്ലെന്ന് ഏപ്രില്‍ 30ന് ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യുട്ടീവ് യോഗം നിരീക്ഷിച്ചു. കേരളത്തില്‍ 15 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിനുണ്ട്. അതില്‍ അഞ്ച് എണ്ണത്തില്‍ നിന്നു മാത്രമാണ് വിവരങ്ങള്‍ നല്‍കുന്നതെന്നും യോഗം വിലയിരുത്തി.
ഒഡീഷ, കര്‍ണാടക, അസം, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ തന്നെ സ്‌കൈ മെറ്റ് വെതര്‍ സര്‍വ്വീസസ്, ഐബിഎം വെതര്‍ കമ്പനി, എര്‍ത്ത് നെറ്റ് വര്‍ക്ക് ആന്‍ഡ് വിന്‍ഡി എന്നി സ്ഥാപനങ്ങളില്‍ നിന്ന് കാലാവസ്ഥാ സേവനങ്ങള്‍ വാങ്ങുന്നുണ്ട്. ഇത് കണക്കിലെടുത്ത് കൂടിയാണ് കേരളവും സ്വകാര്യ ഏജന്‍സികളെ തീരുമാനിച്ചത്. ഐബിഎന്‍ ഓരോ 15 മിനിറ്റ് ഇടവിട്ടാണ് കാലാവസ്ഥാ പ്രവചനം നടത്തുന്നത്. സ്‌കൈമെറ്റിന് കേരളത്തില്‍ മാത്രം 100 ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളുണ്ട്. ഇടിമിന്നല്‍ സംബന്ധിച്ച കൃത്യമായ വിവരമാണ് എര്‍ത്ത് നെറ്റ് വര്‍ക്ക് ആന്‍ഡ് വിന്‍ഡി എന്ന സ്ഥാപനത്തെ തെരഞ്ഞെടുക്കുന്നതിന് ദുരന്ത നിവാരണ അതോറിറ്റിയെ പ്രേരിപ്പിച്ച ഘടകം. അതേ സമയം കേന്ദ്ര കാലവസ്ഥാ വകുപ്പിനെ ഒഴിവാക്കിയെന്ന് ഇതിന് അര്‍ത്ഥമില്ലെന്നും അവര്‍ നല്‍കുന്ന വിവരങ്ങള്‍ തുടര്‍ന്നും ദുരന്ത നിവാരണ അതോറിറ്റി സ്വീകരിക്കുമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗം മെമ്പര്‍ സെക്രട്ടറി ഡോ. ശേഖര്‍ ലൂക്കോസ് കുര്യാക്കോസ് അറിയിച്ചു.