ലോക്ക് ഡൗണ്‍: ചികില്‍സ കിട്ടാതെ കാസര്‍ഗോഡ് ഒരുമരണം കൂടി
രണ്ടുദിവസം മുമ്പാണ് അബ്ദുല്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല.
കാസര്‍ഗോഡ്: യഥാസമയം ചികില്‍സ കിട്ടാതെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ ഒരാള്‍കൂടി മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകാണാതെ പോവുകയായിരുന്നു. രണ്ടുദിവസം മുമ്പാണ് അബ്ദുല്‍ സലീമിനെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചത്. എന്നാല്‍, അതിര്‍ത്തിയില്‍ കര്‍ണാടക അധികൃതര്‍ യാത്ര തടഞ്ഞതോടെ ആശുപത്രിയിലെത്താനായില്ല. ഇന്നലെ രാത്രിയാണ് മരണം സംഭവിച്ചത്. ഇതോടെ കാസര്‍ഗോഡ് ജില്ലയില്‍ ചികില്‍സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി.
അടിയന്തരാവശ്യത്തിനുള്ള ചികില്‍സയ്ക്കായി കേരളത്തില്‍ അതിര്‍ത്തി കടന്ന് മംഗളുരുവിലേക്ക് പോയ മൂന്നുപേരില്‍ രണ്ടുരോഗികള്‍ക്കും ഇന്നലെ കര്‍ണാടക ചികില്‍സ നിഷേധിച്ചിരുന്നു. കര്‍ണാടകത്തിന്റെയും കേരളത്തിന്റെയും മെഡിക്കല്‍ സംഘത്തിന്റെ അനുമതിയോടെ മംഗളൂരുവിലേക്ക് പോയ കാസര്‍ഗോഡ് സ്വദേശി തസ്‌ലീമയ്ക്കും പയ്യന്നൂര്‍ മാട്ടൂലില്‍നിന്ന് പോയ റിഷാനയ്ക്കുമാണ് കര്‍ണാടക ചികില്‍സ നല്‍കാന്‍ വിസമ്മതിച്ചത്.