നിയമസഭ സമ്മേളനം തുടങ്ങി; ആദ്യദിനം മാണിക്ക് ആദരാഞ്ജലി അർപ്പിച്ച് പിരിഞ്ഞു
പകരം വയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. മാണി രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനഞ്ചാം സമ്മേളനത്തിന് തുടക്കം. മുതിർന്ന സാമാജികനായിരുന്ന അന്തരിച്ച കെ എം മാണിക്ക് ആദരാഞ്ജലി അർപ്പിച്ച് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു.
പകരം വയ്ക്കാനില്ലാത്ത സാമാജികനായിരുന്നു മാണിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അനുസ്മരിച്ചു. മാണി രാഷ്ട്രീയ നേതാക്കള്‍ക്ക് മാതൃകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രഗല്‍ഭനായ ഭരണാധികാരിയായിരുന്നു മാണിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു.
കെ എം മാണിയുടെ വിയോഗത്തിന് ശേഷം ചേർന്ന നിയമസഭാ സമ്മേളനത്തിൽ മാണിയുടെ കസേരയിൽ ഇരുന്നത് പി ജെ ജോസഫാണ്. പാർട്ടി ചെയർമാൻ സ്ഥാനത്തിനായി ജോസ് കെ മാണി വിഭാഗവും ജോസഫ് വിഭാഗവും വിട്ടുവീഴ്ചയ്ക്കില്ലെന്ന് പറയുന്നതിനിടെയാണ് ഇന്ന് ജോസഫ് മുൻനിരയിൽ മാണി ഇരുന്നിരുന്ന കസേരയിൽ ഇരുന്നത്.
ജൂലൈ ആദ്യവാരം വരെ സഭ സമ്മേളിക്കാനാണ് തീരുമാനം. റമദാന്‍ പ്രമാണിച്ച് ഈ മാസം 30 മുതൽ ജൂൺ 9 വരെ സഭ സഭാസമ്മേളനത്തിന് അവധി നല്‍കിയിട്ടുണ്ട്. പിന്നീട് ജൂണ്‍ പത്തിനാകും സഭ സമ്മേളിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച നാല് എംഎൽഎമാർ സമ്മേളനത്തിന്റെ ആദ്യദിവസങ്ങളിൽതന്നെ രാജിവയ്ക്കും. തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തിന്റെ കരുത്തിലാണ് പ്രതിപക്ഷം സഭയിലെത്തുന്നത്. സര്‍ക്കാരിന്റെ ഭരണത്തിനുള്ള തിരച്ചടിയാണ് തിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷം സഭയില്‍ വാദിക്കും.
പ്രളയാനന്തര പുനര്‍നിര്‍മ്മാണം, പ്രളയവുമായി ബന്ധപ്പെട്ട അമിക്യസ് ക്യൂറി റിപ്പോര്‍ട്ട്, കിഫ്ബി മസാല ബോണ്ട്, പെരിയ കൊലപാതകം തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷത്തിന് വിഷയങ്ങള്‍ ഏറെയുണ്ട്. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ പ്രതിരോധിക്കാനാവും ഭരണപക്ഷം ശ്രമിക്കുക.