നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വഭേദഗതി പരാമർശം; ഗവര്‍ണർ വിശദീകരണം തേടി
ഗവർണർ വിശദീകരണം തേടിയ സാഹചര്യത്തിൽ സർക്കാർ എന്തു നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.
തിരുവനന്തപുരം: സര്‍ക്കാരിന്റെ നയപ്രഖ്യാപന പ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. നിയമസഭയില്‍ അവതരിപ്പിക്കേണ്ട നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട പരാമര്‍ശങ്ങൾ ഉൾപ്പെടുത്തിയതിൽ ഗവര്‍ണര്‍ സർക്കാരിനോട് വിശദീകരണം തേടി. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഗവർണറാണ് നിയമസഭയിൽ സർക്കാരിന്‍റെ നയം പ്രഖ്യാപിക്കുന്നത്. പൗരത്വ നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതും ഇതു സംബന്ധിച്ച സർക്കാർ നിലപാടും നയപ്രഖ്യാപന പ്രസംഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് നയപ്രഖ്യാപന പ്രംഗത്തിന്റെ പകർപ്പ് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുകൊടുത്തത്. കോടതിയുടെ പരിഗണനയിലുള്ള വിഷയം നിയമസഭയില്‍ പരാമര്‍ശിക്കുന്നത് ഉചിതമല്ല. ഇത്തരം പരാമര്‍ശങ്ങള്‍ വരുന്ന ഭാഗം പ്രസംഗത്തില്‍ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട ഗവര്‍ണര്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. സിഎഎ പരാമര്‍ശങ്ങള്‍ നയപ്രസംഗത്തില്‍ നിന്ന് സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ എന്തുവേണമെന്നതില്‍ ഗവര്‍ണര്‍ നിയമോപദേശവും തേടിയിരുന്നു.
ഗവർണർ വിശദീകരണം തേടിയ സാഹചര്യത്തിൽ സർക്കാർ എന്തു നിലപാട് എടുക്കുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്. ചില ഭാഗങ്ങൾ ഒഴിവാക്കണമെന്ന് ഗവർണർ നിർദേശിച്ചാലും അന്തിമ തീരുമാനം എടുക്കേണ്ടത് മന്ത്രിസഭയാണ്. നിലവിലെ സാഹചര്യത്തിൽ പൗരത്വ നിയമത്തെക്കുറിച്ചുള്ള പരാമർശങ്ങൾ സർക്കാർ ഒഴിവാക്കാനിടയില്ല.
ഈ സാഹചര്യത്തിൽ ഗവർണർ നിയമസഭയിൽ എതിർപ്പ് പ്രകടമാക്കിയാൽ വലിയ വിവാദങ്ങൾക്ക് വഴിവയ്ക്കും. ജനുവരി 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിക്കുന്നത്.