ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി
കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള ഗവര്‍ണറുടെ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. ചാന്‍സലര്‍ കൂടിയായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വന്തം നിലയില്‍ അംഗങ്ങളെ നാമനിര്‍ദേശം ചെയ്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ആറാഴ്ചക്കകം പുതിയ നിയമനം നടത്തണമെന്ന് നിര്‍ദേശിച്ച ഹൈക്കോടതി മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്നും നിര്‍ദേശം നല്‍കി. അതേസമയം, സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത രണ്ടുപേരുടെ നിയമനം ഹൈക്കോടതി ശരിവച്ചു. കോടതിവിധി ഗവര്‍ണര്‍ക്കേറ്റ പ്രഹരമാണെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
എബിവിപി പ്രവര്‍ത്തകരായ നാലുപേരെ സെനറ്റിലേക്ക് ഗവര്‍ണര്‍ നാമനിര്‍ദേശം ചെയ്ത നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ഗവര്‍ണറുടെ നാമനിര്‍ദേശം രാഷ്ട്രീയ നിയമനമാണെന്നും ഗവര്‍ണര്‍ തങ്ങളെ പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മറ്റ് വിദ്യാര്‍ഥികളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച കോടതി ഗവര്‍ണറുടെ നടപടി റദ്ദാക്കുകയായിരുന്നു. ആറാഴ്ചക്കകം പുതിയ നിയമനം നടത്തണമെന്ന് ഹൈക്കോടതി ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കി. ഹര്‍ജിക്കാരെ കൂടി പരിഗണിച്ച് ഉചിതമായ നടപടി സ്വീകരിക്കണമെന്നാണ് ഗവര്‍ണര്‍ക്കുള്ള നിര്‍ദേശം. ഹരജിയില്‍ വാദം കേള്‍ക്കവെ, സ്വന്തം നിലയില്‍ നാമനിര്‍ദേശം ചെയ്ത നടപടി ചാന്‍സലര്‍ എന്ന നിലയില്‍ തന്റെ വിവേചനാധികാരമാണെന്ന് ഗവര്‍ണര്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ കോടതി തയ്യാറായില്ല. മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്ന് ഗവര്‍ണര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
കേരളത്തിലെ സര്‍വകലാശാലകള്‍ മുന്നേറ്റം നടത്തുമ്പോള്‍ അതിനെ പിറകോട്ട് വലിക്കാനുള്ള ചാന്‍സലറുടെ പരിശ്രമങ്ങള്‍ക്കേറ്റ പ്രഹരമാണ് കോടതി വിധിയെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു. കേരളത്തിലെ സര്‍വകലാശാലകള്‍ ഉന്നത നിലവാരം പുലര്‍ത്തി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിച്ചു വരുന്ന സ്ഥാപനങ്ങളാണ്. അവിടെ ചാന്‍സലര്‍ നടത്തുന്ന അമിത ഇടപെടലുകള്‍ കുറച്ച നാളുകളായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും മന്ത്രി പറഞ്ഞു. വിധി സ്വാഗതം ചെയ്യുന്നതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോ പറഞ്ഞു.