തദ്ദേശ തിരഞ്ഞെടുപ്പ്: ശക്തി തെളിയിച്ച് ജോസ് കെ മാണി; തിരിച്ചടി നേരിട്ട് ജോസഫ് വിഭാഗം

പതിറ്റാണ്ടുകളായി തങ്ങളുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി മാറിയതോടെ യുഡിഎഫിന്റെ മൂന്ന് കോട്ടകളാണ് തകര്‍ന്നടിഞ്ഞത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ യുഡിഎഫിനെ കൈവിട്ടത് ജോസിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

Update: 2020-12-16 11:27 GMT

കോട്ടയം: ചുവടുമാറിയ രാഷ്ട്രീയസാഹചര്യത്തില്‍ നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ ശക്തി തെളിയിച്ച് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം. ജോസ് കെ മാണിയുടെ രണ്ടിലയുടെ കരുത്തില്‍ ചരിത്രത്തില്‍ ആദ്യമായി പാലാ മുനിസിപ്പാലിറ്റി പിടിച്ചെടുത്തുകൊണ്ട് എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് നടത്തിയത്. അതേസമയം, പതിറ്റാണ്ടുകളായി തങ്ങളുടെ ഭാഗമായിരുന്ന കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗം മുന്നണി മാറിയതോടെ യുഡിഎഫിന്റെ മൂന്ന് കോട്ടകളാണ് തകര്‍ന്നടിഞ്ഞത്. കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകള്‍ യുഡിഎഫിനെ കൈവിട്ടത് ജോസിന്റെ വിജയമായാണ് വിലയിരുത്തപ്പെടുന്നത്.

കേരള കോണ്‍ഗ്രസി (എം) ല്‍ ഉടലെടുത്ത രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ജോസ് കെ മാണി വിഭാഗം യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ ചേക്കേറിയത്. ഇതിന് ശേഷം നടന്ന ആദ്യ ജനവിധിയായിരുന്നു ഇത്. അതുകൊണ്ടുതന്നെ ജോസ്- ജോസഫ് വിഭാഗങ്ങള്‍ക്ക് അഭിമാനപോരാട്ടമായിരുന്നു തദ്ദേശതിരഞ്ഞെടുപ്പ്. ജോസ് കെ മാണിയെ കൂടെ കൂട്ടിയതോടെ ജില്ലാ പഞ്ചായത്ത് ഇടത്തേക്ക് ചെരിഞ്ഞു. ബ്ലോക്ക് പഞ്ചായത്തും മുനിസിപ്പാലിറ്റിയും യുഡിഎഫിനെ കൈവിട്ടു. ജോസ്- ജോസഫ് ഗ്രൂപ്പുകള്‍ നേരിട്ട് ഏറ്റുമുട്ടിയ ജില്ലാ പഞ്ചായത്തില്‍ ജോസ് തിളക്കമാര്‍ന്ന വിജയമാണ് കാഴ്ചവച്ചത്. മല്‍സരിച്ച ഒമ്പത് സീറ്റില്‍ ഏഴിലും ജോസ് കെ മാണി വിഭാഗം വ്യക്തമായ ആധിപത്യം പുലര്‍ത്തി.

എന്‍ഡിഎയ്ക്ക് ജില്ലാ പഞ്ചായത്തില്‍ മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെന്നാണ് ഫലം വ്യക്തമാക്കുന്നത്. കോട്ടയം ജില്ലാ പഞ്ചായത്ത് അധ്യക്ഷ പദവിയെ സംബന്ധിച്ച തര്‍ക്കമാണ് ജോസ്- ജോസഫ് പിളര്‍പ്പിലേക്ക് എത്തിച്ചത്. 2015ല്‍ യുഡിഎഫ് 48 പഞ്ചായത്തില്‍ ജയിച്ചപ്പോള്‍ എല്‍ഡിഎഫിന് ജയിക്കാനായത് 21 ഇടങ്ങളില്‍ മാത്രമായിരുന്നു. എന്നാല്‍, ജോസിനൊപ്പംനിന്ന് എല്‍ഡിഎഫിന്റെ 21 സീറ്റ് 40 ആയി. യുഡിഎഫിന്റെ 48 സീറ്റ് 23 ആയി ചുരുങ്ങി. ബ്ലോക്ക് പഞ്ചായത്തില്‍ ഒമ്പത് ഇടങ്ങളില്‍ എല്‍ഡിഎഫും രണ്ടിടങ്ങളില്‍ യുഡിഎഫും വിജയിച്ചു. 2015ല്‍ എട്ടിടങ്ങളില്‍ ജയിച്ച യുഡിഎഫാണ് രണ്ടിടങ്ങളിലേക്ക് ചുരുങ്ങിയത്. എല്‍ഡിഎഫ് ആകട്ടെ മൂന്നില്‍നിന്ന് ഒമ്പതിലേക്ക് വളര്‍ന്നു.

മുനിസിപ്പാലിറ്റിയിലെ ആറില്‍ അഞ്ചും തൂത്തുവാരിയാണ് 2015ല്‍ യുഡിഎഫ് ജയിച്ചതെങ്കില്‍ ഇത്തവണ മൂന്നിടത്തെ വിജയിക്കാനായുള്ളൂ. യുഡിഎഫിനും ജോസഫ് ഗ്രൂപ്പിനും ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടത് കെ എം മാണിയുടെ തട്ടകമായിരുന്ന പാലായിലാണ്. പാലാ മുനിസിപ്പാലിറ്റിയില്‍ എല്‍ഡിഎഫ് 12 വാര്‍ഡുകള്‍ നേടി. എട്ട് വാര്‍ഡുകളിലാണ് യുഡിഎഫ് മുന്നേറ്റം. എന്‍ഡിഎയ്ക്ക് സീറ്റ് ഒന്നും ലഭിച്ചില്ല. ആറ് വാര്‍ഡുകളില്‍ സ്വതന്ത്രരാണ് മുന്നേറുന്നത്. മുനിസിപ്പാലിറ്റിയിലെ യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനാര്‍ഥി ജോസഫ് ഗ്രൂപ്പിന്റെ കുര്യാക്കോസ് പടവന്‍ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്.

കുര്യാക്കോസ് പടവനെ കേരളാ കോണ്‍ഗ്രസ് എമ്മിലെ ആന്റോ ജോസ് പടിഞ്ഞാറേക്കര 41 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ആന്റോ ജോസിന് 274 ഉം കുര്യാക്കോസ് പടവന്‍ 236 ഉം വോട്ടുകള്‍ നേടി. നഗരസഭയിലെ പത്താം വാര്‍ഡിലാണ് പടവന്‍ തോറ്റത്. കേരള കോണ്‍ഗ്രസ് പിരിഞ്ഞതിന് ശേഷം ജോസഫ് പക്ഷത്ത് നിലകൊണ്ട പടവന്‍ മുന്‍ പാലാ മുനിസിപ്പല്‍ ചെയര്‍മാനായിരുന്നു. പാലായില്‍ വിജയം ഉറപ്പിക്കുമെന്നും ജോസ് കെ മാണിയെ പരാജയപ്പെടുത്തുമെന്നും പി ജെ ജോസഫ് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചെങ്കിലും പ്രവചനങ്ങളെല്ലാം അസ്ഥാനത്തായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ പിളര്‍പ്പ് ഇടുക്കിയിലെ ജനവിധിയിലും പ്രകടമായി.

കട്ടപ്പന നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിനും തൊടുപുഴ നഗരസഭയില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിനും കാലിടറിയ കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ജോസിന്റെ വരവ് ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളില്‍ മുന്നേറാന്‍ എല്‍ഡിഎഫിന് ഗുണം ചെയ്തുവെന്ന് കണക്കുകൂട്ടല്‍. നിലവില്‍ ജില്ലാ പഞ്ചായത്തില്‍ ഭരണം യുഡിഎഫിനാണ്. ഇത് തിരിച്ചുപിടിക്കാന്‍ ജോസിന്റെ സാന്നിധ്യം സഹായകമായി. കട്ടപ്പന നഗരസഭയില്‍ ആകെ 13 സീറ്റുകളിലാണ് കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം മല്‍സരിച്ചത്. ഇതിലൊരിടത്തും ജോസ് പക്ഷത്തിന് വിജയിക്കാനായില്ല.

അതേസമയം, തട്ടകമായ തൊടുപുഴയില്‍ പി ജെ ജോസഫിന് കാലിടറി. ആകെ ഏഴ് സീറ്റില്‍ മല്‍സരിച്ചപ്പോള്‍ വെറും രണ്ടിടത്ത് മാത്രമാണ് ജോസഫ് പക്ഷത്തിന് വിജയിക്കാനായത്. ജോസ് വിഭാഗം മല്‍സരിച്ച നാലില്‍ മൂന്ന് സീറ്റുകളില്‍ ജയിച്ചു. തൊടുപുഴ നഗരസഭയില്‍ ഒരുമുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ്- 13, എല്‍ഡിഎഫ്- 12, ബിജെപി- 8. യുഡിഎഫ് വിമതരായ രണ്ടുപേര്‍ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 18 സീറ്റുകളാണ് വേണ്ടത്. 35 അംഗ നഗരസഭയില്‍ മൂന്ന് മുന്നണികള്‍ക്കും കേവല ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തില്‍ ഭരണം സ്വതന്ത്രര്‍ തീരുമാനിക്കും.

തൊടുപുഴ നഗരസഭയില്‍ രണ്ടുസീറ്റുകളില്‍ വീതം ജോസ്, ജോസഫ് വിഭാഗം സ്ഥാനാര്‍ഥികള്‍ വിജയിച്ചു. തൊടുപുഴ നഗരസഭ മുന്‍ ചെയര്‍പേഴ്‌സനും നിലവില്‍ ജോസ് കെ മാണി പക്ഷത്തിനും ഒപ്പമുള്ള പ്രഫ. ജെസി ആന്റണി ജോസഫ് വിഭാഗത്തിലെ മെജോ കുര്യാക്കോസിനെ പരാജയപ്പെടുത്തി. പി ജെ ജോസഫിന്റെ വീട് സ്ഥിതിചെയ്യുന്ന പുറപ്പുഴ പഞ്ചായത്തില്‍ യുഡിഎഫ് വിജയം നേടി. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ കടന്നുവരവ് പത്തനംതിട്ട ജില്ലാ പഞ്ചായത്തില്‍ എല്‍ഡിഎഫിന് നേട്ടമായി.

ജില്ലാ പഞ്ചായത്തില്‍ ജോസ്- ജോസഫ് വിഭാഗങ്ങള്‍ നേരിട്ട് ഏറ്റുമുട്ടിയ രണ്ട് ഡിവിഷനുകളിലും എല്‍ഡിഎഫിനാണ് മുന്നേറ്റം. റാന്നി ഡിവിഷനില്‍ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി ജോര്‍ജ് എബ്രഹാം ഇലഞ്ഞിക്കലിനാണ് ലീഡ്. ജോസഫ് വിഭാഗത്തിന്റെ സ്ഥാനാര്‍ഥി എബിന്‍ തോമസ് കൈതവന ഇവിടെ രണ്ടാംസ്ഥാനത്താണ്. മുന്നണികള്‍ തമ്മിലുള്ള പോരാട്ടത്തിലുപരി കേരള കോണ്‍ഗ്രസ് എം ജോസ്- ജോസഫ് വിഭാഗങ്ങളുടെ രാഷ്ട്രീയഭാവികൂടി നിര്‍ണയിക്കുന്നതായി മാറിയിരിക്കുകയാണ് ജനവിധി.

Tags:    

Similar News