കെവിന്‍ കൊലക്കേസ്: 12 പ്രതികളെ തട്ടുകട ജീവനക്കാരന്‍ തിരിച്ചറിഞ്ഞു; 28ാം സാക്ഷി കൂറുമാറി
കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ വിചാരണയ്ക്കിടെയാണ് പ്രതികളെ അറിയാമെന്ന് ബിജു പറഞ്ഞത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ കെവിനെ തട്ടിക്കൊണ്ടുപോയ മെയ് 27ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് ബിജുവിന്റെ മൊഴി.
കോട്ടയം: കെവിന്‍ കൊലക്കേസില്‍ ഒന്നാം പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ 12 പ്രതികളെ സാക്ഷിയായ കോട്ടയം ഗാന്ധിനഗറിലെ തട്ടുകട ജീവനക്കാരനുമായ ബിജു തിരിച്ചറിഞ്ഞു. കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ വിചാരണയ്ക്കിടെയാണ് പ്രതികളെ അറിയാമെന്ന് ബിജു പറഞ്ഞത്. കെവിന്റെ ഭാര്യ നീനുവിന്റെ അച്ഛന്‍ ചാക്കോയും മൂന്നാം പ്രതിയും ഒഴികെയുള്ളവര്‍ കെവിനെ തട്ടിക്കൊണ്ടുപോയ മെയ് 27ന് പുലര്‍ച്ചെ തട്ടുകടയില്‍ ഭക്ഷണം കഴിക്കാനെത്തിയെന്നാണ് ബിജുവിന്റെ മൊഴി. ഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോള്‍ തട്ടുകടയില്‍വച്ച് പ്രതികളുമായി തര്‍ക്കമുണ്ടായെന്നും ഷാനു ചാക്കോയാണ് പണം നല്‍കിയതെന്നും ബിജു കോടതിയെ അറിയിച്ചു. അതേസമയം, കേസിലെ 28ാം സാക്ഷി അബിന്‍ പ്രദീപ് കൂറുമാറി.
പോലിസ് ഭീഷണിപ്പെടുത്തിയത് മൂലമാണ് പ്രതികള്‍ക്കെതിരേ രഹസ്യമൊഴി നല്‍കിയതെന്ന് അബിന്‍ കോടതിയില്‍ പറഞ്ഞു. കെവിനെ തട്ടിക്കൊണ്ടുപോവുന്നതുള്‍പ്പടെ അറിഞ്ഞിരുന്നെന്നാണ് അബിന്‍ ആദ്യം മൊഴി നല്‍കിയിരുന്നത്. അക്രമത്തിനുപയോഗിച്ച വാള്‍ ഒളിപ്പിക്കുന്നത് കണ്ടതായും അബിന്‍ മൊഴി നല്‍കിയിരുന്നു. ഇക്കാര്യം രഹസ്യമൊഴിയായും നല്‍കിയിരുന്നു. ഈ മൊഴിയാണ് വിചാരണയ്ക്കിടെ മാറ്റിപ്പറഞ്ഞത്. കെവിനുമായുള്ള വിവാഹശേഷം നീനു താമസിച്ച ഹോസ്റ്റലിന്റെ നടത്തിപ്പുകാരനും ആറാം സാക്ഷിയുമായ ബെന്നി ജോസഫും കോടതിയില്‍ മൊഴി നല്‍കി. കെവിനും മുഖ്യസാക്ഷി അനീഷുമാണ് നീനുവിനെ ഹോസ്റ്റലില്‍ എത്തിച്ചത്. ഒരുവര്‍ഷം താമസസൗകര്യം വേണമെന്നാണ് പറഞ്ഞത്.
കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലില്‍ വന്നിരുന്നു. നീനുവിനെ കൈമാറിയാല്‍ അനീഷിനെ മോചിപ്പിക്കാമെന്ന് പ്രതികള്‍ പറഞ്ഞതായി സന്തോഷ് അറിയിച്ചിരുന്നു. എന്നാല്‍, കെവിനോ അനീഷോ നേരിട്ടെത്താതെ നീനുവിനെ പുറത്തുവിടില്ലെന്ന് സന്തോഷിനോട് പറഞ്ഞിരുന്നുവെന്നാണ് ബെന്നിയുടെ മൊഴി. ഗാന്ധിനഗര്‍ പോലിസ് പിന്നീട് നീനുവിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയതായും ബെന്നി വ്യക്തമാക്കി. കേസിലെ ഒന്നാംപ്രതി ഷാനു ചാക്കോ ഉള്‍പ്പടെ ഏഴ് പ്രതികളെ മുഖ്യസാക്ഷിയും കെവിന്റെ സുഹൃത്തുമായ അനീഷ് സെബാസ്റ്റ്യനും കഴിഞ്ഞദിവസം വിചാരണയ്ക്കിടെ തിരിച്ചറിഞ്ഞിരുന്നു. 2018 മെയ് 27ന് പുലര്‍ച്ചെ അനീഷിന്റെ വീടാക്രമിച്ചാണ് ഭാര്യവീട്ടുകാരുള്‍പ്പെടുന്ന സംഘം കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോയത്.
കൊല്ലം ജില്ലയിലെ തെന്‍മലയില്‍ ഇരുവരെയുമെത്തിച്ച് മര്‍ദനത്തിനിരയാക്കി. തുടര്‍ന്ന് അനീഷിനെ പ്രതികള്‍ തിരികെ കോട്ടയത്ത് ഇറക്കിവിട്ടു. എന്നാല്‍, അടുത്തദിവസം രാവിലെ 11ന് കെവിന്റെ മൃതദേഹം പുനലൂരിന് സമീപമുള്ള ചാലിയക്കര ആറ്റില്‍ കണ്ടെത്തുകയായിരുന്നു. ദലിത് ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ട കെവിന്‍ കൊല്ലം സ്വദേശിയായ നീനുവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിലെ ദുരഭിമാനം കാരണമായിരുന്നു കൊലപാതകമെന്നാണ് കുറ്റപത്രം. നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ, പിതാവ് ചാക്കോ ഉള്‍പ്പടെ 14 പേരാണ് കേസിലെ പ്രതികള്‍. ജൂണ്‍ ആറുവരെ തുടര്‍ച്ചയായി വിചാരണ നടത്താനാണ് കോടതിയുടെ തീരുമാനം.