മെഡിക്കല്‍ പിജി ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കമെന്ന് കെജിഎംസിടിഎ

അതീവഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്ക് മാത്രമായി മെഡിക്കല്‍ കോളജുകളിലെ സേവനം ഉപയോഗിക്കണമെന്നും ഡോക്ടര്‍മാരുടെ സംഘടന

Update: 2021-08-08 12:52 GMT

തിരുവനന്തപുരം: പിജി ഡോക്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അനുഭാവപൂര്‍വം പരിഗണിക്കമെന്ന് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസിയേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കുക, പോസ്റ്റ്ഗ്രാജുവേറ്റ് പഠനസൗകര്യങ്ങള്‍ പുനസ്ഥാപിക്കുക എന്നിങ്ങനെ വിവിധ ആവശ്യങ്ങളുന്നയിച്ചു കേരള മെഡിക്കല്‍ പോസ്റ്റ്ഗ്രാജുവേറ്റ് അസോസിയേഷന്‍ കഴിഞ്ഞ ആഴ്ച്ച സംസ്ഥാന വ്യാപകമായി സൂചനാസമരം നടത്തിയിരുന്നു. പലതവണയായി ഉന്നയിക്കുന്ന ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചു നാളെ മുതല്‍ അവര്‍ അനിശ്ചിതകാലസമരം നടത്താന്‍ നിര്‍ബന്ധിതരാവുകയാണ്. മെഡിക്കല്‍ പി.ജി ഡോക്ടര്‍മാരുടെ സമരം നമ്മുടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളുടെ സുഗമമായ ദൈനദിനപ്രവര്‍ത്തനങ്ങളെ താളം തെറ്റിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ ന്യായമായ ആവശ്യങ്ങള്‍ അവരുമായി ചര്‍ച്ചനടത്തി അനുഭാവപൂര്‍വം പരിഗണിക്കണം. സമരം ഒഴിവാക്കണമെന്നും സര്‍ക്കാരിനോട് കെജിഎംസിടിഎ ആവിശ്യപ്പെട്ടു.

ഇന്ന് കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ കൊവിഡ് മൂലം ഭാഗികമായി മുടങ്ങിക്കിടക്കുന്ന മെഡിക്കല്‍ പിജി വിദ്യാര്‍ത്ഥികളുടെ പഠനവും പരിശീലനവും പുനരാരംഭിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ഭാഗികമായി സ്തംഭിച്ചിട്ടുള്ള മെഡിക്കല്‍ വിദ്യാഭ്യാസവും പൂര്‍വ്വരൂപത്തില്‍ ആക്കാനുള്ള നടപടികള്‍ എടുക്കേണ്ടതാണ്.

അതുപോലെ, കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തന്നെ കൊവിഡ് ഇതര ചികിത്സ ഇന്ന് താളംതെറ്റിയ അവസ്ഥയിലാണ്. അതു പരിഹരിക്കുന്നതിനായി കൊവിഡ് ചികിത്സകള്‍ പൂര്‍ണമായും മറ്റു ജില്ലാ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും അതീവഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികള്‍ക്ക് മാത്രമായി മെഡിക്കല്‍ കോളജുകളിലെ സേവനം ഉപയോഗിക്കുകയുമാണ് വേണ്ടത്.

കൂടാതെ കൊവിഡ്-കൊവിഡിതര രോഗങ്ങള്‍ എന്നിവ ഒന്നിച്ചു ചികിസിക്കേണ്ടി വരുന്നതിനാലുള്ള വര്‍ദ്ധിച്ച ജോലിഭാരം ലഘൂകരിക്കുന്നതിന് മെഡിക്കല്‍ കോളജുകളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണം. ഒപ്പംതന്നെ മുടങ്ങിക്കിടക്കുന്ന പ്രാമോഷനുകള്‍ നടപ്പിലാക്കാനും അതുവഴി വിവിധ ചികിത്സാവിഭാഗങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കാനും സര്‍ക്കാര്‍ ശ്രമിക്കണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേര്‍സ് അസോസിയേഷന്‍ വാര്‍ത്താക്കുറുപ്പില്‍ ആവിശ്യപ്പെട്ടു.

Tags:    

Similar News