ഹോട്ടലുകളില്‍ ഡൈനിംഗ് അനുവദിക്കണം; സെപ്തംബര്‍ 16 മുതല്‍ ജനകീയ പ്രതിഷേധം ആരംഭിക്കുമെന്ന് ഉടമകള്‍

നിയമസഭ ക്യാന്റീനിലും, കലക്ട്രേറ്റ്, പോലിസ്, ആശുപത്രി ക്യാന്റീനുകളിലുമെല്ലാം ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുമ്പോള്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് അവഗണനയെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ്് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്് മൊയ്തീന്‍കുട്ടിഹാജിയും, ജനറല്‍സെക്രട്ടറി ജി ജയപാലും വ്യക്തമാക്കി

Update: 2021-09-08 14:08 GMT

കൊച്ചി: ഡൈനിംഗ് ഇല്ലാതെ കഴിഞ്ഞ നാലു മാസമായി അടഞ്ഞുകിടക്കുന്ന ഹോട്ടലുകള്‍ തുറന്ന് പ്രവര്‍ത്തിക്കുവാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സെപ്തംബര്‍ 16 മുതല്‍ ജനകീയ പ്രതിഷേധം ആരംഭിക്കുവാന്‍ കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ തീരുമാനിച്ചു. പ്രതിഷേധസൂചകമായി സെപ്തംബര്‍ 16 മുതല്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ ഉപവാസ സമരവും, ജില്ലാ യൂനിറ്റ് തലത്തില്‍ പ്രതിഷേധ ധര്‍ണ്ണയും സംഘടിപ്പിക്കും. നിയമസഭ ക്യാന്റീനിലും, കലക്ട്രേറ്റ്, പോലിസ്, ആശുപത്രി ക്യാന്റീനുകളിലുമെല്ലാം ആളുകളെ ഇരുത്തി ഭക്ഷണം നല്‍കുമ്പോള്‍ ഹോട്ടലുകള്‍ക്ക് മാത്രമാണ് അവഗണനയെന്ന് കേരള ഹോട്ടല്‍ ആന്റ് റസ്‌റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ്് മൊയ്തീന്‍കുട്ടിഹാജിയും, ജനറല്‍സെക്രട്ടറി ജി ജയപാലും വ്യക്തമാക്കി.

സംസ്ഥാനത്തെ എല്ലാ വ്യാപാരമേഖലകളും, വിനോദസഞ്ചാരകേന്ദ്രങ്ങളും തുറന്ന് കൊടുത്തു. പൊതുഗതാഗതസംവിധാനവും ആരംഭിച്ചു. അവിടെങ്ങുമില്ലാത്ത കൊവിഡ് വ്യാപനം ഹോട്ടലുകളില്‍ മാത്രം ഉണ്ടാകുമെന്ന് പറയുന്നതിലെ യുക്തി മനസിലാകുന്നില്ലെന്ന് ഇവര്‍ പറഞ്ഞു. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വരുന്നവരും, മറ്റ് യാത്രക്കാരും പാഴ്‌സല്‍ വാങ്ങിക്കഴിച്ചതിനുശേഷം മാലിന്യം പൊതുസ്ഥലങ്ങളില്‍ ഉപേക്ഷിക്കുന്നതുമൂലം വലിയ പാരിസ്ഥിതികപ്രശ്‌നവും നേരിടുന്നു. നൂറു ദിവസത്തിലേറെയായി ഡൈനിഗ് അനുവദിക്കാത്ത ഹോട്ടലുകള്‍ക്ക് ജിഎസ്ടി, തൊഴില്‍ക്കരം അടക്കമുള്ള നികുതിയടക്കണമെന്ന് നിര്‍ദ്ദേശിച്ച് നോട്ടീസുകള്‍ ലഭിച്ചു തുടങ്ങി. കടുത്ത സാമ്പത്തിക പ്രയാസത്തിലൂടെ കടന്നുപോകുന്ന ഹോട്ടല്‍ മേഖലക്ക് സഹായകരമായ ഒരു പാക്കേജും സര്‍ക്കാര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അടച്ചിടല്‍ തുടരുകയാണെങ്കില്‍ ഹോട്ടലുടമകളുടേയും, തൊഴിലാളികളുടേയും കൂട്ട ആത്മഹത്യക്ക് സംസ്ഥാനം സാക്ഷിയാകേണ്ടിവരുമെന്നും ് മൊയ്തീന്‍കുട്ടിഹാജിയും,ജി ജയപാലും മുന്നറിയിപ്പു നല്‍കി.

Similar News