യുവാവിനെ തട്ടിക്കൊണ്ടുപോയി നാലുലക്ഷം കവര്‍ന്ന സംഭവം: എന്‍ജിനീയറിങ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയില്‍

മേലാറ്റൂര്‍ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശിയും കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികൂടിയായ തോരക്കാട്ടില്‍ മുഹമ്മദ് ഹാനിഷ് (26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പെരിന്തല്‍മണ്ണയില്‍നിന്ന് അറസ്റ്റുചെയ്തത്.

Update: 2019-11-21 09:13 GMT

പെരിന്തല്‍മണ്ണ: യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് ഭീഷണിപ്പെടുത്തി നാലുക്ഷം രൂപ കവര്‍ച്ച ചെയ്ത സംഘത്തിലെ എന്‍ജിനീയറിങ് വിദ്യാര്‍ഥിയടക്കം രണ്ടുപേര്‍ പിടിയിലായി. മേലാറ്റൂര്‍ ഓലപ്പാറ വെള്ളിയഞ്ചേരി സ്വദേശിയും കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥികൂടിയായ തോരക്കാട്ടില്‍ മുഹമ്മദ് ഹാനിഷ് (26), കോട്ടോപ്പാടം തിരുവിഴാംകുന്ന് സ്വദേശി വട്ടത്തൊടി ഫിയാസ് (28) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പെരിന്തല്‍മണ്ണയില്‍നിന്ന് അറസ്റ്റുചെയ്തത്. കഴിഞ്ഞ മാസം നാലിന് വൈകീട്ട് നാലരയോടെയാണ് കേസിനാസ്പദമായ സംഭവം. പെരിന്തല്‍മണ്ണ അരക്കുപറമ്പ് പുത്തൂരില്‍വച്ച് ബൈക്കില്‍ വന്ന പാണ്ടിക്കാട് വളരാട് സ്വദേശിയെ കാറിലും രണ്ട് ബൈക്കുകളിലുമായി വന്ന പത്തോളംപേര്‍ ആളൊഴിഞ്ഞ സ്ഥലത്തുവച്ച് ബലമായി കാറില്‍ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.


 തുടര്‍ന്ന് മര്‍ദിച്ചും തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയും യുവാവിന്റെ കൈയിലുണ്ടായിരുന്ന നാലുലക്ഷം രൂപ കവര്‍ന്നശേഷം യുവാവിനെ ഭീമനാട് സ്‌കൂളിന് സമീപം ഇറക്കിവിടുകയും ചെയ്തു. യുവാവിനെ തട്ടിക്കൊണ്ടുപോവുന്നത് കണ്ട സമീപവാസികൂടിയായ റിട്ട.എസ്‌ഐ പെരിന്തല്‍മണ്ണ പോലിസ് സ്റ്റേഷനില്‍ വിവരമറിയിച്ചതനുസരിച്ച് പോലിസ് അന്വേഷണം ആരംഭിച്ചതോടെയാണ് യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്ത് ഒഴിവാക്കി സംഘം രക്ഷപ്പെട്ടത്. തുടര്‍ന്ന് മലപ്പുറം ജില്ലാ പോലിസ് മേധാവി യു അബ്ദുല്‍ കരീമിന്റെ നിര്‍ദേശപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് പെരിന്തല്‍മണ്ണ എഎസ്പി രേഷ്മ രമേശന്‍, ഡിവൈഎസ്പി പി പി ഷംസ് എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ സിഐ വി ബാബുരാജ്, എസ്‌ഐമാരായ മഞ്ചിത് ലാല്‍, ബിനോയ് എന്നിവരെയുള്‍പ്പെടുത്തി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കവര്‍ച്ചാസംഘം സഞ്ചരിച്ച കാറിനെയും ബൈക്കുകളെയും കേന്ദ്രീകരിച്ചും സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചും മുമ്പ് ഇത്തരം കുറ്റകൃത്യങ്ങളിലെ പ്രതികളെ കേന്ദ്രീകരിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്.

കണ്ണൂര്‍, കോട്ടയം, എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘം കേരളത്തിലും പുറത്തുമായി താമസിച്ചാണ് കവര്‍ച്ച ആസൂത്രണം ചെയ്യുന്നത്. പണവുമായി പോവുന്നവരെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ നല്‍കാനും സംഘത്തില്‍ ആളുകളുണ്ട്. അറസ്റ്റുചെയ്ത പ്രതികളെ പ്രത്യേക അന്വേഷണസംഘം കൂടുതല്‍ ചോദ്യം ചെയ്തതില്‍ കേരളത്തിലെ പ്രധാന ഗുണ്ടാസംഘത്തിലുള്‍പ്പട്ടവരുമായി നേരിട്ട് ബന്ധമുള്ളതായും കൂടുതല്‍ കവര്‍ച്ചകള്‍ നടത്താന്‍ പദ്ധതിയിട്ടിരുന്നതായും വിവരം ലഭിച്ചതായി പ്രത്യേക അന്വേഷണ സംഘത്തലവന്‍മാരായ എഎസ്പി രേഷ്മ രമേശന്‍, ഡിവൈഎസ്പി പി പി ഷംസ് എന്നിവരടങ്ങുന്ന സംഘം അറിയിച്ചു. പണവുമായി യുവാവ് വരുന്ന വിവരം കൈമാറി കവര്‍ച്ച ആസൂത്രണം ചെയ്തവരുള്‍പ്പടെയുള്ളവരെ കുറിച്ച് കൃത്യമായി വിവരം ലഭിച്ചതായും അവര്‍ക്കുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും അന്വേഷണസംഘം അറിയിച്ചു. പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങുമെന്നും തിരിച്ചറിയല്‍ പരേഡുള്‍പ്പടെയുള്ള തെളിവെടുപ്പ് നടത്തുമെന്നും ഡിവൈഎസ്പി അറിയിച്ചു. പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 

Tags:    

Similar News