കലാകാരന്മാര്‍ക്ക് സ്ട്രീറ്റ് പെര്‍ഫോര്‍മെന്‍സിന് കൊച്ചിയില്‍ വേദികള്‍ ഒരുങ്ങുന്നു
കലാ അവതരണങ്ങള്‍ക്കായി പ്രാഥമികമായി തയ്യാറാക്കുന്ന വേദികള്‍ പ്രധാനമായും ജോസ് ജംഗ്ഷനില്‍ കെഎംആര്‍എല്‍ ഉടമസ്ഥതയിലുള്ള കള്‍ച്ചറല്‍ കോര്‍ണര്‍, ചാത്യാത്ത് വാക്ക് വേ പരിസരം, കോയിത്തറ പാര്‍ക്ക് പരിസരം, ഫോര്‍ട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയര്‍, മറൈന്‍ ഡ്രൈവ് വാക്ക് വേ, പള്ളുരുത്തി വെളി ഗ്രൗണ്ട്പരിസരം, വൈറ്റില മൊബിലിറ്റി ഹബ് പരിസരം, പാലാരിവട്ടം ടൗണ്‍ സ്‌ക്വയര്‍ പരിസരം എന്നിവയാണ്
കൊച്ചി: കൊച്ചിയെ കേരളത്തിന്റെ കലാ- സാംസ്‌കാരിക പ്രവര്‍ത്തനങ്ങയുടെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായി കൊച്ചി കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ ആര്‍ട്‌സ് സ്‌പേസ് കൊച്ചി എന്ന പേരില്‍ കലാകാരന്മാര്‍ക്ക് സ്ട്രീറ്റ് പെര്‍ഫോര്‍മെന്‍സിനും പൊതു അവതരണത്തിനും സാംസ്‌കാരിക സംവാദങ്ങള്‍ക്കുമുള്ള പൊതുവേദികള്‍ ഒരുക്കുന്നു.നഗര ജനതയ്ക്ക് കലാ - സാംസ്‌കാരിക പ്രവര്‍ത്തനങ്ങളോടുള്ള ആഭിമുഖ്യവും താത്പര്യവും വളര്‍ത്തുന്നതിനും കലാ ആസ്വാദനത്തിനുള്ള സദസ്സുകള്‍ ഒരുക്കുന്നതിനും ലക്ഷ്യമാക്കി ആരംഭിക്കുന്ന സംരംഭം കലാകാരന്മാര്‍ക്ക് നഗര കേന്ദ്രങ്ങളില്‍ കുറഞ്ഞ ചിലവില്‍ വേദികളും അവസരങ്ങളും ലഭ്യമാക്കുന്നതിനും സഹായകരമായ രീതിയിലാണ് വിഭാവനം ചെയ്യുന്നതെന്ന് കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു.
കലാ അവതരണങ്ങള്‍ക്കായി പ്രാഥമികമായി തയ്യാറാക്കുന്ന വേദികള്‍ പ്രധാനമായും ജോസ് ജംഗ്ഷനില്‍ കെഎംആര്‍എല്‍ ഉടമസ്ഥതയിലുള്ള കള്‍ച്ചറല്‍ കോര്‍ണര്‍, ചാത്യാത്ത് വാക്ക് വേ പരിസരം, കോയിത്തറ പാര്‍ക്ക് പരിസരം, ഫോര്‍ട്ട് കൊച്ചി വാസ്‌കോഡ ഗാമ സ്‌ക്വയര്‍, മറൈന്‍ ഡ്രൈവ് വാക്ക് വേ, പള്ളുരുത്തി വെളി ഗ്രൗണ്ട്പരിസരം, വൈറ്റില മൊബിലിറ്റി ഹബ് പരിസരം, പാലാരിവട്ടം ടൗണ്‍ സ്‌ക്വയര്‍ പരിസരം എന്നിവയാണ്.
നഗരത്തിലെ അനുയോജ്യമായ മറ്റ് കേന്ദ്രങ്ങളിലും വ്യാപിപ്പിക്കുന്ന രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. സംഗീതവും വരകളും നൃത്തവും കഥാപ്രസംഗവും മറ്റ് പരമ്പര്യ കലകളുമടക്കം 'ആസ്‌ക്' പദ്ധതിയുടെ ഭാഗമാക്കും. 'ആസ്‌ക്' പദ്ധതിയുടെ ഉദ്ഘാടനം സംഗീത പരിപാടികളുടെ അകമ്പടിയോടെ ഈ മാസം എട്ടിന് വൈകിട്ട് 6 മണിക്ക് ജോസ് ജംഗ്ഷനില്‍ കെഎംആര്‍എല്‍ കള്‍ച്ചറല്‍ കോര്‍ണറില്‍ വച്ച് നടക്കും.ചലച്ചിത്ര താരം ജയസൂര്യ ഉദ്ഘാടനം നിര്‍വഹിക്കും.