കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 30 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പോലിസ് പിടിയില്‍
തൃശ്ശൂര്‍ ചങ്ങാലൂര്‍ സ്വദേശി അഭിലാഷ് (29), തൃശ്ശൂര്‍ ആനന്ദപുരം സ്വദേശി ഷിജു (43), തൃശ്ശൂര്‍ വല്ലൂര്‍ സ്വദേശി സിജോ (23), എന്നിവരെയാണ് കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും, കളമശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്
കൊച്ചി: കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട.30 കിലോ കഞ്ചാവുമായി മൂന്നു പേര്‍ പോലിസ് പിടിയില്‍.തൃശ്ശൂര്‍ ചങ്ങാലൂര്‍ സ്വദേശി അഭിലാഷ് (29), തൃശ്ശൂര്‍ ആനന്ദപുരം സ്വദേശി ഷിജു (43), തൃശ്ശൂര്‍ വല്ലൂര്‍ സ്വദേശി സിജോ (23), എന്നിവരെയാണ് കൊച്ചി സിറ്റി ഡിസ്ട്രിക്ട് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ ആക്ഷന്‍ ഫോഴ്‌സും, കളമശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്.കണ്ടെയ്‌നര്‍ റോഡില്‍,കളമശ്ശേരി ഡെക്കാതലോണ്‍ ഭാഗത്ത് വെച്ചാണ് ഇവര്‍ പിടിയിലായത്.
കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ നാഗരാജുവിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ അബ്ദുള്‍ സലാമിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. കാറിന്റെ ഡിക്കിയില്‍ രണ്ടു കിലോവീതമുള്ള 15 പാക്കറ്റുകളിലായിട്ടായിരുന്നു 30 കിലോ ഗഞ്ചാവ് സൂക്ഷിച്ചിരുന്നത്.കളമശ്ശേരി,എലൂര്‍ ഭാഗങ്ങളിലുള്ള ചെറുകിട വില്‍പ്പനക്കാര്‍ക്ക് നല്‍കുന്നതിനായാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതികള്‍ പറഞ്ഞു.
പ്രതികള്‍ മുന്‍പും പല പ്രാവശ്യം ഈ ഭാഗങ്ങളില്‍ കഞ്ചാവ് വില്‍പ്പന നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. വളാഞ്ചേരി സ്വദേശിയില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്ന് വ്യക്തമായതെന്ന് പോലിസ് പറഞ്ഞു. ഇയാളെ കുറിച്ച് പോലിസ് അന്വേഷണം നടത്തുന്നുണ്ട്. കേസിലെ പ്രതികള്‍ ഇതിനു മുമ്പും പലപ്രാവശ്യം കഞ്ചാവുമായി പിടിയിലായിട്ടുള്ളവരാണ്.
പ്രതികളായ അഭിലാഷിനും, ഷിജുവിനും 170 കിലോ ഗഞ്ചാവ് കടത്തിയതിന് തൃശ്ശൂരില്‍ കേസ് നിലവിലുണ്ട്. മറ്റൊരു പ്രതിയായ ഷിജോയ്ക്ക് 27 കിലോ ഗഞ്ചാവ് കടത്തിയ കേസില്‍ മാള പോലിസ് സ്‌റ്റേഷനിലും നാലു കിലോ കടത്തിയ കേസില്‍ തൃശ്ശൂര്‍ ഈസ്റ്റ് സ്‌റ്റേഷനിലും ,ഒന്നേകാല്‍ കിലോ കഞ്ചാവ് കടത്തിയ കേസില്‍ നെടുപുഴ സ്‌റ്റേഷനിലും നിലവില്‍ കേസ് ഉണ്ടെന്ന് പോലിസ് പറഞ്ഞു.ഷിജു ആളൂര്‍ പോലിസ് സ്‌റ്റേഷനിലെ അടിപിടി കേസിലും പ്രതിയാണ്.