കൊച്ചി കോര്‍പറേഷന്‍: സിപിഎമ്മിന്റെ അഡ്വ. എം അനില്‍കുമാര്‍ മേയറാകും; സിപി ഐയുടെ കെ എ അന്‍സിയ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി
ഇന്ന് നടന്നു സിപിഎം-സിപി ഐ ചര്‍ച്ചയിലാണ് ഡെപ്യുട്ടി മേയര്‍ സ്ഥാനം സിപി ഐക്ക് നല്‍കാന്‍ ധാരണയിലേത്തിയത്.പശ്ചിമ കൊച്ചിയിലെ മട്ടാഞ്ചരി അഞ്ചാം നമ്പര്‍ ഡിവിഷനില്‍ നിന്നാണ് അന്‍സിയ വിജയിച്ചത്. അമ്പതു വര്‍ഷമായി സ്ഥിരമായി യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലവും മുസ് ലിം ലീഗിന്റെ കുത്തക മണ്ഡലവുമായിരുന്നു മട്ടാഞ്ചേരി അഞ്ചാം ഡിവിഷന്‍.
കൊച്ചി: പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കൊച്ചി കോര്‍പറേഷന്‍ ഭരണം വീണ്ടും എല്‍ഡിഎഫിന്റെ കൈകളില്‍.സിപിഎമ്മിന്റെ എം അനില്‍കുമാര്‍ കൊച്ചി മേയറാകും. സിപി ഐയുടെ കെ എ അന്‍സിയ ആണ് ഡെപ്യൂട്ടി മേയര്‍ ആകുക. ഡെപ്യൂട്ടി മേയര്‍ സ്ഥാനം സംബന്ധിച്ച് സിപിഎം-സിപി ഐ ചര്‍ച്ച ഇന്ന് നടന്നിരുന്നു. തുടര്‍ന്നാണ് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപി ഐയക്ക് നല്‍കാന്‍ ധാരണയിലെത്തിയത്.നേരത്തെ മേയര്‍,ഡെപ്യൂട്ടി മേയര്‍ സ്ഥാനങ്ങള്‍ സിപി എം തന്നെ എടുക്കുമെന്ന തരത്തിലായിരുന്നു റിപോര്‍ട്.എന്നാല്‍ ഡെപ്യുട്ടി മേയര്‍ സ്ഥാനം വേണമെന്ന നിലപാട് സിപി ഐ സ്വീകരിച്ചതോടെയാണ് ഇരു കക്ഷികളും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തിയതും സിപി ഐക്ക് നല്‍കാന്‍ ധാരണയിലെത്തിയതും.
പശ്ചിമ കൊച്ചിയിലെ മട്ടാഞ്ചരി അഞ്ചാം നമ്പര്‍ ഡിവിഷനില്‍ നിന്നാണ് അന്‍സിയ വിജയിച്ചത്. അമ്പതു വര്‍ഷമായി സ്ഥിരമായി യുഡിഎഫ് വിജയിച്ചിരുന്ന മണ്ഡലവും മുസ് ലിം ലീഗിന്റെ കുത്തക മണ്ഡലവുമായിരുന്നു മട്ടാഞ്ചേരി അഞ്ചാം ഡിവിഷന്‍.ഇവിടെ ലീഗിലെ തന്നെ പടലപിണക്കത്തെ തുടര്‍ന്ന് വിമത സ്ഥാനാര്‍ഥിയും മല്‍സര രംഗത്തുണ്ടായിരുന്നു. ലീഗ് വിമതനായി പശ്ചിമ കൊച്ചിയിലെ രണ്ടാം ഡിവിഷനായ കല്‍വത്തിയില്‍ നിന്നും വിജയിച്ച ടി കെ അഷറ്ഫ്, എട്ടാം ഡിവിഷനായ പനയപ്പള്ളിയില്‍ നിന്നും വിജയിച്ച കോണ്‍ഗ്രസ് വിമതന്‍ സനില്‍മോന്‍ എന്നിവര്‍ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് കൊച്ചി കോര്‍പറേഷന്‍ ഭരണം വീണ്ടും എല്‍ഡിഎഫിന്റെ കൈകളില്‍ എത്തുന്നത്.ഇരുവരും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരാകുമെന്നാണ് വിവരം.
74 ഡിവിഷനുകളില്‍ 34 സീറ്റൂകള്‍ നേടി എല്‍ഡിഎഫ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു.കഴിഞ്ഞ രണ്ടു തവണയായി ഭരണത്തിലിരുന്ന യുഡിഎഫിന് 31 സീറ്റുകള്‍ മാത്രമെ നേടാന്‍ കഴിഞ്ഞുള്ളു.അഞ്ചു സീറ്റ് എന്‍ഡിഎയും നേടി. മൂന്നൂ യുഡിഎഫ് വിമതരും ഒരു എല്‍ഡിഎഫ് വിമതനും വിജയിച്ചതോടെ ഇരു മുന്നണികള്‍ക്കും ഭരണത്തിലെത്താനുളള ഭൂരിപക്ഷം ഇല്ലാതായി
എന്‍ഡിഎയുമായി സഹകരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും തയാറാകാതെ വന്നതോടെ 35 സീറ്റുകള്‍ ലഭിക്കുന്ന മുന്നണിക്ക് അധികാരത്തിലേറാമെന്ന അവസ്ഥയിലെത്തി.ഇതോടെ ലീഗ് വിമതനായ വിജയിച്ച ടി കെ അഷറഫ് എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചു. പിന്നാലെ കോണ്‍ഗ്രസ് വിമതന്‍ സനില്‍ മോനും എല്‍ഡിഎഫിന് പിന്തുണ നല്‍കിയതോടെ 36 പേരുടെ പിന്തുണയുമായി എല്‍ഡിഎഫിന് ഭരണത്തിലേറാനുള്ള കളമൊരുങ്ങുകയായിരുന്നു.എളമക്കര നോര്‍ത്ത് ഡിവിഷനില്‍ നിന്നാണ് സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ഥിയായ അഡ്വ.എം അനില്‍കുമാര്‍ വിജയിച്ചത്.