കൊച്ചി കോര്‍പ്പറേഷന്‍: പ്രധാന ഓഫീസ് കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് ;അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കും

ഏഴ് നിലകളിലായി 1,77916.6 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്

Update: 2021-09-29 16:53 GMT

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ പ്രധാന ഓഫീസ് കെട്ടിട നിര്‍മ്മാണം അവസാന ഘട്ടത്തിലേക്ക് അടുത്ത വര്‍ഷം ഓഗസ്റ്റില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുമെന്ന് മേയര്‍ അഡ്വ. എം അനില്‍കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.നഗരസഭ ഓഫീസ് സമുച്ചയം ഏഴ് നിലകളിലായി 1,77916.6 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലുള്ള കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരണ ഘട്ടത്തിലാണ്. 2005 ഏപ്രില്‍ നാലിന് നിര്‍മ്മാണം തുടങ്ങിയ കെട്ടിട സമുച്ചയത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോര്‍ ടൈല്‍, പെയിന്റിംഗ്, ഫര്‍ണിച്ചര്‍ വര്‍ക്ക് എന്നിവയൊഴികെ പൂര്‍ത്തീകരിച്ചിതായി മേയര്‍ പറഞ്ഞു.നിലവില്‍ ചെയ്തിട്ടുള്ള പ്രവൃത്തികളുടെ ബില്‍ തുക കരാറുകാരന് നല്‍കി. ഈ ഭരണസമിതി ചുമതലയേറ്റ ശേഷം അനുവദിച്ചിട്ടുള്ള 1,85,54,338/ രൂപ ഉള്‍പ്പെടെ 17,19,19,185/ തുക ഈ പ്രവര്‍ത്തിക്കായി ചെലവഴിച്ചിട്ടുള്ളതാണെന്നും മേയര്‍ വ്യക്തമാക്കി.

കെട്ടിടത്തിന്റെ പൂര്‍ത്തീകരണത്തിനാവശ്യമായ പ്ലംബിങ് , ടെറസ്സ് റൂഫിംഗ്, യാര്‍ഡ് ഫില്ലിംഗ്, ബില്‍ഡിംഗ് എക്‌സ്പാന്‍ഷന്‍ , ജോയിന്റ് ഫില്ലിംഗ് എന്നിവയ്ക്കായി എസ്റ്റിമേറ്റ് തയ്യാറാക്കി 4.06 കോടി രൂപയ്ക്ക് വര്‍ക്ക് ക്രമീകരിച്ചിട്ടുള്ളതാണ്. നിലവില്‍ ഈ പ്രവ്യത്തികള്‍ ബന്ധപ്പെട്ട കരാറുകാരന്‍ ആരംഭിച്ചു. ഈ തുക ഉള്‍പ്പെടെ 5,85,60,338/ രൂപയുടെ പ്രവൃത്തികളാണ് ഈ കൗണ്‍സില്‍ ചുമതല ഏറ്റെടുത്ത ശേഷം പൂര്‍ത്തീകരണ ഘട്ടത്തില്‍ എത്തിയിരിക്കുന്നതെന്നും മേയര്‍ വ്യക്തമാക്കി.കെട്ടിടത്തിന്റെ അനുബന്ധ സൗകര്യങ്ങളായ പ്ലംബിംഗ്, ഇലക്ട്രിക്കല്‍ വര്‍ക്കുകള്‍, ലിഫ്റ്റ്, ഫയര്‍ ഫൈറ്റിംഗ് അറേഞ്ച്‌മെന്റ്, എസ്റ്റിപി എന്നീ പ്രവൃത്തികള്‍ക്കായും കണ്‍സള്‍ട്ടന്‍സിയെ ടെണ്ടര്‍ ക്ഷണിച്ച് അംഗീകരിച്ചിട്ടുള്ളതും പ്രവൃത്തി ആരംഭിച്ചിട്ടുള്ളതുമാണ്.

ഇന്റീരിയര്‍ ഡിസൈന്‍, എലിവേഷന്‍ ഡിസൈന്‍ എന്നിവ ചെയ്യുന്നതിനായി ബ്ലൂബോക്‌സ് ആര്‍ക്കിടെക്ട്‌സ് എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുള്ളതും ഡിസൈന്‍ ലേഔട്ട് തയ്യാറാക്കി സമര്‍പ്പിച്ചിട്ടുള്ളതുമാണെന്നും മേയര്‍ വ്യക്തമാക്കി. ഓഫീസ് സമുച്ചയം, കൗണ്‍സില്‍ ഹാള്‍, സീലിംഗ്, ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ ഇന്റീരിയര്‍ അറേഞ്ച്‌മെന്‍സിനായി 11.9 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയതില്‍ ഉടന്‍ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കും. ഇലക്ട്രിക്കല്‍, ഫയര്‍ ഫൈറ്റിംഗ്, കംപ്യൂട്ടര്‍ നെറ്റ് വര്‍ക്കിംഗ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങള്‍ കൂടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൗണ്‍സില്‍ ഹാളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി കൗണ്‍സിലര്‍മാര്‍ക്കായി 100ഉം ഉദ്യോഗസ്ഥര്‍ക്കായി 26 കസേരകളും മാധ്യമങ്ങള്‍ക്കും പൊതുജനങ്ങള്‍ക്കുമായി 490 സ്‌ക്വയര്‍ ഫീറ്റ് ഏരിയയും ഉള്‍പ്പെടെ മൊത്തം 3583 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. കൗണ്‍സില്‍ ഹാള്‍ 2 വിഷ്വല്‍ കോണ്‍ഫറന്‍സ് സംവിധാനം, ഓഡിയോ സംവിധാനങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് ഡിസൈന്‍ ചെയ്തിട്ടുള്ളത്.

ഇന്റീരിയര്‍ ഡിസൈനിംഗ്, പ്ലംബിംഗ്, ഇലക്ട്രിക്കല്‍ മെക്കാനിക്കല്‍ പ്രവര്‍ത്തികളുടെ ഡിസൈന്‍ ലേഔട്ട്, മെറ്റീരിയല്‍ അടക്കം നിലവിലെ ഗ്രീന്‍ ബില്‍ഡിംഗ് റേറ്റിംഗിന് അനുസൃതമായി മോണിറ്ററിംഗ് നടത്തുന്നതിനും ഗ്രീന്‍ ബില്‍ഡിംഗ് സര്‍ട്ടിഫിക്കേഷനോടുകൂടി ഓഫീസ് സമുച്ചയം പൂര്‍ത്തിയാക്കുന്നതിനും ജര്‍മന്‍ ഏജന്‍സിയായ ജി ഐ ഇസഡ് ന്റെസാങ്കേതിക സഹായം ലഭിച്ചിട്ടുണ്ട്. പ്രൊജക്ട് ഷെഡ്യൂള്‍ പ്രകാരം 2022 ആഗസ്റ്റ് 5 ന് പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിനാണ് ഉദ്ദേശിച്ചിട്ടുള്ളത്. കൊവിഡ് മൂലം ഏപ്രില്‍, മെയ്, ജൂണ്‍ മാസങ്ങളില്‍ പ്രവര്‍ത്തി നടക്കാതിരുന്നുവെങ്കിലും തുടര്‍ന്നുള്ള വേളയില്‍ പ്രവര്‍ത്തികള്‍ ദ്രുതഗതിയില്‍ ചെയ്യുവാന്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മേയര്‍ അഡ്വ.എം അനില്‍കുമാര്‍ പറഞ്ഞു. ഡെപ്യൂട്ടി മേയര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്മാര്‍, സെക്രട്ടറി, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍മാര്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News