കൊച്ചിയിലെത്തുന്നവര്‍ക്ക് ഇനി 10 രൂപയ്ക്ക് ഊണു കഴിക്കാം
കൊച്ചി കോര്‍പ്പറേഷന്റെ 'സമൃദ്ധി @ കൊച്ചി' ചലച്ചിത്ര താരം മഞ്ജു വാര്യര്‍ ഉദ്ഘാടനം ചെയ്തു.
കൊച്ചി: കൊച്ചിയിലെത്തുന്നവര്‍ക്ക് ഇനിമുതല്‍ പത്തുരൂപയ്ക്ക് ഉച്ചയ്ക്ക് ഊണു കഴിക്കാം. കൊച്ചി കോര്‍പ്പറേഷന്റെ ജനകീയ ഹോട്ടലായ സമൃദ്ധി@കൊച്ചിയിലാണ് 10 രൂപക്ക് ഉച്ചയുണ് ലഭിക്കുന്നത്. ചോറ്, സാമ്പാര്‍, കൂടാതെ രണ്ട് കൂട്ടം കറികള്‍, അച്ചാര്‍ എന്നിവയാണ് 10 രൂപയുടെ ഊണിലുണ്ടാകുക. പാഴ്‌സല്‍ വാങ്ങണമെങ്കില്‍ 15 രൂപയാകും. പകല്‍ 11 മുതല്‍ മൂന്ന് വരെയാണ് ഉച്ചയൂണ് ലഭിക്കുക. മിതമായ നിരക്കില്‍ മീന്‍ വറുത്തത് ഉള്‍പ്പെടെയുള്ള പ്രത്യേക വിഭവങ്ങളും ലഭ്യമാക്കും. അടുത്ത മാസം മുതല്‍ 20 രൂപ നിരക്കില്‍ പ്രഭാത ഭക്ഷണവും അത്താഴവും ലഭ്യമാക്കും. 1500 പേര്‍ക്കുള്ള ഭക്ഷണമാണ് ആദ്യ ഘട്ടത്തില്‍ ഉണ്ടാക്കുന്നത്. ഇതു പിന്നീട് 3000 പേര്‍ക്കായി വര്‍ധിപ്പിക്കും.
എറണാകുളം നോര്‍ത്ത് നോര്‍ത്ത് പരമാര റോഡില്‍ കോര്‍പറേഷന്റെ ഉടമസ്ഥതയിലുള്ള ലിബ്രാ ഹോട്ടല്‍ കെട്ടിടത്തിലാണു ഹോട്ടല്‍ പ്രവര്‍ത്തനമാരംഭിച്ചത്. നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമാണ് ഈ കെട്ടിടം.ആധുനിക സംവിധാനങ്ങളോടു കൂടിയുള്ള കേന്ദ്രീകൃത അടുക്കളയാണു ഹോട്ടലില്‍ തയാറാക്കിയിട്ടുള്ളത്. പദ്ധതിയുടെ ഉദ്ഘാടനം ചലച്ചിത്രം താരം മഞ്ജവവാര്യര്‍ നിര്‍വഹിച്ചു. താന്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് ഒരു പൊതുചടങ്ങില്‍ പങ്കെടുക്കുന്നതെന്ന് മഞ്ജു വാര്യര്‍ പറഞ്ഞു. മിതമായ നിരക്കില്‍ പോഷക സമൃദ്ധമായ ഭക്ഷണം വിളമ്പുന്ന വനിതകള്‍ക്കായുളള സംരംഭത്തില്‍ തന്നെ ക്ഷണിച്ചതില്‍ അഭിമാനമുണ്ടെന്നും, മേയറോട് നന്ദിയുണ്ടെന്നും അവര്‍ അറിയിച്ചു.
നാശോന്മുഖമായിരുന്ന പഴയ കെട്ടിടമാണ് ഈ കൗണ്‍സില്‍ നവീകരിച്ച് ജനകീയ ഹോട്ടലാക്കി മാറ്റിയതെന്ന് ചടങ്ങില്‍ അധ്യക്ഷതവഹിച്ച മേയര്‍ എം അനില്‍കുമാര്‍ പറഞ്ഞു. ഹോട്ടലിന്റെ ഗുണഭോക്താക്കളിലും ഏറിയ പങ്ക് സ്ത്രീകളായിരിക്കും. ഇതേ കെട്ടിടത്തില്‍ തന്നെ പണി പൂര്‍ത്തിയാകുന്ന ഷീ ലോഡ്ജില്‍ താമസക്കാരായവര്‍ക്കും ഹോട്ടലിന്റെ പ്രയോജനം ലഭിക്കും. സംസ്ഥാന സര്‍ക്കാരില്‍ പ്രചോദനമുള്‍ക്കൊണ്ട് കൊണ്ടുളള ആശയം കേരളത്തിലെ മുഴുവന്‍ നഗരസഭകള്‍ക്കും മാതൃകയായി മാറുമെന്ന് ഉറപ്പാണെന്നും മേയര്‍ പറഞ്ഞു.കൊച്ചി നഗരസഭയിലെ കുടുംബശ്രീ പ്രവര്‍ത്തകരായ 14 വനിതകളായിരിക്കും ആദ്യഘട്ടത്തില്‍ ഹോട്ടലിലെ തൊഴിലാളികള്‍. കേന്ദ്രീകൃത അടുക്കള എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് ഇവര്‍ക്കാവശ്യമായ പരിശീലനം നല്‍കുന്നത് കുടുംബശ്രീയുടെ അക്രഡിറ്റഡ് ഏജന്‍സിയായ എഐഎഫ്ആര്‍എച്ച്എം വഴിയാണ്.
കൊച്ചി കോര്‍പ്പറേഷന്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ച വിശപ്പ് രഹിത കൊച്ചി എന്ന ആശയം എന്‍യുഎല്‍എം. പദ്ധതി വഴിയാണ് നടപ്പാക്കുന്നത്. കിച്ചനിലേക്കാവശ്യമായ 20 ലക്ഷം രൂപ ചെലവ് വരുന്ന സാമഗ്രികള്‍ സിഎസ്ആര്‍ ഫണ്ട് ഉപേയോഗിച്ച് സ്വകാര്യ കമ്പനിഗ്രൂപ്പാണ് സംഭാവന ചെയ്തിട്ടുളളത്. സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ട് ആണ് ഹോട്ടലിന്റെ രൂപകല്‍പ്പന ചെയ്തത്.സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബലാല്‍ നഗരസഭയുടെ ഉപഹാരം മഞ്ജുവാര്യര്‍ക്ക് കൈമാറി. ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ ,സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരയ പി ആര്‍ റെനീഷ്, ടി കെ അഷറഫ്, സുനിത ഡിക്‌സണ്‍, ജെ സനില്‍മോന്‍, വി എ ശ്രീജിത്ത്, കൗണ്‍സിലര്‍ ആന്റണി കുരീത്തറ പങ്കെടുത്തു. അഡീ. സെക്രട്ടറി എ.എസ് നൈസാം ചടങ്ങിന് നന്ദി അറിയിച്ചു. ഹോട്ടലിന് പേര് നിര്‍ദ്ദേശിച്ച കൊച്ചി കോര്‍പ്പറേഷന്‍ ജീവനക്കാരന്‍ കൂടിയായ ഹരികൃഷ്ണനെ ചടങ്ങില്‍ ആദരിച്ചു.