സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട്: നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു
ഓപ്പറേഷന്‍ ഫുട്പാത്ത് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ പരിധിയില്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് നടപ്പില്‍ വരുത്തുന്നതിനുള്ള മോണിറ്ററിംഗ് കമ്മിറ്റിയുടെ ഭാഗമായി വഴിയോര കച്ചവടക്കാരെ നിരീക്ഷിക്കുന്നതിനായി സ്‌ക്വാഡുകള്‍ രൂപീകരിച്ചു. ഓപ്പറേഷന്‍ ഫുട്പാത്ത് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുക. മിന്നല്‍ പരിശോധനകള്‍ക്കായി ഒരു സ്‌ക്വാഡും മറ്റു മൂന്ന് സ്‌ക്വാഡുകളുമാണു രൂപീകരിച്ചത്. സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനായി നോഡല്‍ ഓഫീസര്‍മാരെയും ചുമതലപ്പെടുത്തി.
പോലീസ് നോഡല്‍ ഓഫീസറായി ട്രാഫിക് ഈസ്റ്റ് അസിസ്റ്റന്റ് കമീഷ്ണര്‍ ഫ്രാന്‍സിസ് ഷെല്‍ബിയെയും കൊച്ചി കോര്‍പറേഷന്‍ നോഡല്‍ ഓഫീസറായി കോര്‍പറേഷന്‍ ഡെപ്യൂട്ടി സെക്രട്ടറി വി കെ ബിന്ദുവിനെയും സിഎസ്എംഎല്‍ നോഡല്‍ ഓഫീസറായി പബ്ലിക് എന്‍ഗേജ്‌മെന്റ് നോഡല്‍ ഓഫീസര്‍ ഐശ്വര്യയെയും ചുമതലപ്പെടുത്തി.
കോര്‍പറേഷന്‍ പരിധിയില്‍ സ്ട്രീറ്റ് വെന്‍ഡേഴ്‌സ് ആക്ട് നടപ്പിലാക്കുന്നതിനായി രൂപീകരിച്ച മോണിറ്ററിംഗ് കമ്മിറ്റിയില്‍ മേയര്‍ ,ജില്ലാ കലക്ടര്‍, സിഎസ്എംഎല്‍(കൊച്ചി സ്മാര്‍ട്ട് മിഷന്‍ ലിമിറ്റഡ്) ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍, അഡ്വക്കേറ്റ് ആന്‍ഡ് അമിക്കസ്‌ക്യൂറി ഡോ. കെ പി പ്രദീപ് എന്നിവരാണ് അംഗങ്ങള്‍.