കൊച്ചി കോര്‍പറേഷന്‍: തോല്‍വിക്കു കാരണം പ്രിസൈഡിംഗ് ഓഫിസറുടെ കാസ്റ്റിംഗ് വോട്ടെന്ന് ;യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥി വേണുഗോപാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി
വില്ലിംഗ്ടണ്‍ ഐലന്റ് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വേണുഗോപാലിനെതിരെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന എം പത്മകുമാരിയാണ് ഒരുവോട്ടിന് വിജയിച്ചത്.പ്രിസൈഡിംഗ് ഓഫിസര്‍ എം പത്മകുമാരിക്ക് അനുകൂലമായി ചെയ്ത കാസ്റ്റിംഗ് വോട്ടാണ് തനിക്ക് പ്രതികൂലമായി ബാധിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമാണ് എന്‍ വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്
കൊച്ചി: കൊച്ചി കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടിന് പരാജയപ്പെട്ട യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍ വേണുഗോപാല്‍ പ്രിസൈഡിംഗ് ഓഫിസര്‍ക്കെതിരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.വില്ലിംഗ്ടണ്‍ ഐലന്റ് നോര്‍ത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന വേണുഗോപാലിനെതിരെ എന്‍ ഡി എ സ്ഥാനാര്‍ഥിയായിരുന്ന എം പത്മകുമാരിയാണ് ഒരുവോട്ടിന് വിജയിച്ചത്.പ്രിസൈഡിംഗ് ഓഫിസര്‍ എം പത്മകുമാരിക്ക് അനുകൂലമായി ചെയ്ത കാസ്റ്റിംഗ് വോട്ടാണ് തനിക്ക് പ്രതികൂലമായി ബാധിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമാണ് എന്‍ വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നത്.
പോളിംഗ് ദിവസത്തില്‍ സമയം അവസാനിച്ചതിനു ശേഷം വോട്ടുകള്‍ കൂട്ടി നോക്കിയപ്പോള്‍ ഒരു വോട്ടിംഗ് മെഷീനില്‍ 495 വോട്ടുകള്‍ രേഖപ്പെടുത്തിയതായി കണ്ടെത്തി. അതേ സമയം വോട്ടിംഗ് സ്ലിപ്പ് 496 എണ്ണവും ഉണ്ടായിരുന്നു.തുടര്‍ന്ന് നടത്തിയ ചര്‍ച്ചയക്കൊടുവില്‍ വോട്ടിംഗ് മെഷീനിലെ വോട്ടും വോട്ടിംഗ് സ്ലിപ്പും കൃത്യമാക്കുന്നതിനായി നറുക്കെടുപ്പ് നടത്തി പ്രിസൈഡിംഗ് ഓഫിസര്‍ എല്ലാവരുടെയും സാന്നിധ്യത്തില്‍ പത്മകുമാരിക്ക് കാസ്റ്റിംഗ് വോട്ട് ചെയ്യുകയുമായിരുന്നുവെന്ന് എന്‍ വേണു ഗോപാല്‍ പരാതിയില്‍ പറയുന്നു.വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ ഈ വോട്ടിന്റെ ആനുകൂല്യത്തില്‍ പത്മകുമാരി വിജയിച്ചുവെന്നും വേണുഗോപാല്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
ആകെ പോള്‍ ചെയ്ത 500 വോട്ടില്‍ 182 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ഥി എം പത്മകുമാരി നേടിയത്.181 വോട്ടുകള്‍ എന്‍ വേണുഗോപാല്‍ നേടിയപ്പോള്‍. മറ്റു സ്ഥാനാര്‍ഥികളായ സി ഡി നന്ദകുമാര്‍ 122 വോട്ടുകളും ജോസഫൈന്‍ ജൂലിയറ്റ് രാജു എട്ടും സ്റ്റാന്‍ലി പൗലോസ് ഏഴും വോട്ടുകള്‍ നേടി.പ്രിസൈഡിംഗ് ഓഫിസര്‍ ചെയ്ത കാസ്റ്റിംഗ് വോട്ടില്‍ പത്മകുമാരി വിജയിച്ചു.യഥാര്‍ഥത്തില്‍ ഇത്തരത്തില്‍ വോട്ടു ചെയ്യാന്‍ പോളിംഗ് ഓഫിസര്‍ക്ക് അവകാശമില്ലെന്ന് എന്‍ വേണുഗോപാല്‍ പരാതിയില്‍ പറയുന്നു.
ഈ വോട്ടാണ് തനിക്ക് പ്രതികൂലമായി വന്നത്.ഇത്തരത്തില്‍ വോട്ടു ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു പോളിംഗ് ഓഫിസര്‍ക്കും അധികാരം നല്‍കിയിട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞു.ഈ സാഹചര്യത്തില്‍ ഈ വോട്ടു അസാധുവാക്കണമെന്ന് വേണുഗോപാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു. വീണ്ടും വോട്ടെടുപ്പ് നടത്തുകയോ അതല്ലെങ്കില്‍ നറുക്കെടുപ്പ് നടത്തിയോ വിജയിയെ നിശ്ചയിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും വേണുഗോപാല്‍ പറഞ്ഞു.ഇക്കാര്യത്തില്‍ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും അതുവരെ വിജയിയെ പ്രഖ്യാപിക്കരുതെന്നും വേണുഗോപാല്‍ ആവശ്യപ്പെട്ടു.