കൊച്ചിയെ 'ക്ലീന്‍, ഗ്രീന്‍, ഹെല്‍ത്തി സിറ്റിയായി ഉയര്‍ത്തും: മേയര്‍ അഡ്വ എം അനില്‍കുമാര്‍
കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ വ്യക്തവും വ്യത്യസ്തവുമായ കാഴ്ച്ചപ്പാടാണ് കോര്‍പ്പറേഷനുള്ളത്. കഴിവതും മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കും. ബാക്കി പുറത്തേക്ക് തള്ളുന്ന മാലിന്യം വേര്‍തിരിച്ച് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മേയര്‍ പറഞ്ഞു
കൊച്ചി: 'ക്ലീന്‍, ഗ്രീന്‍, ഹെല്‍ത്തി സിറ്റിയായി' കൊച്ചിയെ ഉയര്‍ത്തുമെന്നും മൂന്നു മാസത്തിനുള്ളില്‍ ഇത് നടപ്പില്‍ വരുത്തുമെന്നും കൊച്ചി മേയര്‍ അഡ്വ.എം അനില്‍കുമാര്‍. എറണാകുളം പ്രസ്‌ക്ലബ്ബില്‍ മുഖാമുഖം പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തില്‍ വ്യക്തവും വ്യത്യസ്തവുമായ കാഴ്ച്ചപ്പാടാണ് കോര്‍പ്പറേഷനുള്ളതെന്ന് മേയര്‍ അഡ്വ. എം അനില്‍കുമാര്‍. കഴിവതും മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കും. ബാക്കി പുറത്തേക്ക് തള്ളുന്ന മാലിന്യം വേര്‍തിരിച്ച് ശേഖരിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്‌കരണത്തെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കാന്‍ തൊട്ടടുത്ത ദിവസം തന്നെ ബ്രഹ്മപുരം പ്ലാന്റ് സന്ദര്‍ശിക്കും. പ്ലാന്റിലെത്തുന്ന മാലിന്യം ശാ്സത്രീയ രീതിയില്‍ തന്നെ സംസ്‌കരിക്കുമെന്നും മേയര്‍ പറഞ്ഞു. നഗരത്തിന്റ സൗന്ദര്യവല്‍ക്കരത്തിന്റെ ഭാഗമായി താറുമാറായ റോഡുകള്‍ ഉടന്‍ നവീകരിക്കും. റോഡുകളുടെയും കാല്‍നടപ്പാതകളുടെയും നവീകരണം മാര്‍ച്ചിന് മുമ്പ് തീര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. കോര്‍പ്പറേഷന്‍ സൗന്ദര്യവല്‍ക്കരിച്ച റോഡുകള്‍ പരിപാലിക്കാന്‍ പോലിസ്, വിദ്യാലയങ്ങള്‍, വിദ്യാര്‍ഥികള്‍, മത സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണം അഭ്യര്‍ഥിക്കും. റോഡിന്റെ തുടര്‍ന്നുള്ള പരിപാലനം ജനങ്ങളുടെ കൂടി ഉത്തരവാദിത്തമാക്കി മാറ്റും.
ഇ ഗേവണസ് പദ്ധതി മുന്നോട്ട് കൊണ്ടുപോകാന്‍ ടിസിഎസിന്റെ സഹകരണം അത്യാവശ്യമാണ്. ഇതിനായി പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് സഹായം ചോദിച്ചിട്ടുണ്ട്. ടിസിഎസിനെയും എകെഎമ്മിനെയും പങ്കെടുപ്പിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ കൂടിയാലോചനാ യോഗത്തിനായി ശ്രമിക്കുന്നുണ്ടെന്നും മേയര്‍ പറഞ്ഞു.കോര്‍പ്പറേഷന്‍ ഓഫീസിനായി പണികഴിപ്പിക്കുന്ന പുതിയ കെട്ടിടത്തിന്റെ രൂപകല്‍പ്പനയില്‍ പാളിച്ചകള്‍ പറ്റിയതായി കേള്‍ക്കുന്നുണ്ട്. കൗണ്‍സില്‍ ഹാളില്‍ 50പേര്‍ക്ക് മാത്രം ഇരിക്കാനെ സാധിക്കൂ എന്നാണ് അറിയാന്‍ കഴിഞ്ഞത്. കുറഞ്ഞത് 125 പേര്‍ക്കെങ്കിലും ഇരിക്കാനുള്ള സൗകര്യം ഇല്ലാതെ പണി തീര്‍ത്തിട്ട് കാര്യമില്ല. വരും ദിവസങ്ങളില്‍ സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തും.
കോര്‍പ്പറേഷന് ഒരു ആസ്ഥി രജിസ്റ്റര്‍ ഇപ്പോള്‍ ഇല്ല. അത് ഉടന്‍ പ്രാവര്‍ത്തികമാക്കും. കോര്‍പ്പറേഷനെതിരെ വിവിധ കോടതികളില്‍ നിലനില്‍ക്കു കേസുകള്‍ തോല്‍ക്കാന്‍ പ്രധാന കാരണം കോടതി ആവശ്യപ്പെടുന്ന സമയത്ത് രേഖകള്‍ എത്തിച്ചു നല്‍കുന്നതിലെ കാലതാമസമാണ്. ഇതൊഴിവാക്കാന്‍ നിലവിലുള്ള അഭിഭാഷക പാനലില്‍ നിന്ന് തന്നെ ഒരാളെ കൗണ്‍സിലിന്റെ അംഗീകാരത്തോടെ ലെയ്സണ്‍ ഓഫീസറായി തീരുമാനിക്കും. നഗരത്തിലെ എല്ലാ തോടുകളും ശുചീകരിക്കാന്‍ മുന്‍കൂര്‍ അനുമതി നല്‍കിയിട്ടുണ്ട്. എല്ലാ മുന്‍കൂര്‍ അനുമതികളും തൊട്ടടുത്ത കൗണ്‍സിലില്‍ അവതരിപ്പിച്ച് അനുമതി തേടും. നഗരത്തിലെ എല്ലാ ജനവിഭാഗങ്ങളുടെയും പിന്‍തുണയോടുകൂടി എല്‍ഡിഎഫ് പ്രകടന പത്രികയിലെ പരിപാടികള്‍ നടപ്പില്‍ വരുത്തുമെന്നും മേയര്‍ പറഞ്ഞു.