കൊച്ചി കോര്‍പറേഷന്‍: സിപിഎമ്മിലെ അഡ്വ. എം അനില്‍കുമാര്‍ മേയര്‍

കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചത്

Update: 2020-12-28 08:16 GMT

കൊച്ചി: കൊച്ചി കോര്‍പറേഷന്‍ മേയറായി എല്‍ഡിഎഫിലെ എം അനില്‍കുമാര്‍ തിരഞ്ഞെടുക്കപ്പെട്ടു.കഴിഞ്ഞ 10 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കൊച്ചി കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് തിരിച്ചു പിടിച്ചത്.രണ്ട് ഘട്ടമായി നടന്ന തിരഞ്ഞെടുപ്പിലൂടെയാണ് മേയറെ തിരഞ്ഞെടുത്തത്.ആകെയുള്ള 74 കൗണ്‍സിലര്‍മാരില്‍ 73 പേര്‍ ആദ്യ ഘട്ട വോട്ടെടുപ്പിലും 68 കൗണ്‍സിലര്‍മാര്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലും പങ്കെടുത്തു.23-ാം ഡിവിഷന്‍ കൗണ്‍സിലര്‍ തിരഞ്ഞെടുപ്പില്‍ നിന്നും വിട്ട് നിന്നു. 74 അംഗ കൗണ്‍സിലില്‍ യുഡിഎഫ്-31,എല്‍ഡിഎഫ്-34,എന്‍ഡിഎ-5,സ്വതന്ത്രര്‍ നാല് എന്നിങ്ങനെയായിരുന്നു കക്ഷി നില. ഇതില്‍ എന്‍ഡിഎയുമായി എല്‍ഡിഎഫും യുഡിഎഫും സഹകരിക്കാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപിച്ചതോടെ 35 അംഗങ്ങളുടെ പിന്തുണ ലഭിക്കുന്ന കക്ഷി ഭരണത്തിലെത്തുമെന്നതായി അവസ്ഥ.

സ്വതന്ത്രരായി മല്‍സരിച്ച് വിജയിച്ച നാലു പേരില്‍മൂന്നു പേര്‍ കോണ്‍ഗ്രസ്,ലീഗ് വിമതരും ഒരാള്‍ സിപിഎം വിമതനുമായിരുന്നു. ഇതില്‍ ലീഗ് വിമതന്‍ ടി കെ അഷറഫും കോണ്‍ഗ്രസ് വിമതന്‍ സനില്‍മോനും എല്‍ഡിഎഫിന് പിന്തു പ്രഖ്യാപിച്ചതോടെ എല്‍ഡിഎഫിന് 36 അംഗങ്ങളായി ഉയര്‍ന്നു.ഇന്ന് നടന്ന് തിരഞ്ഞെടുപ്പില്‍ യുഡിഎഫും എല്‍ഡിഎഫും ബിജെപിയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മല്‍സരിച്ചു. എല്‍ ഡി എഫ് , യു ഡി എഫ് , ബിജെപി പ്രതിനിധികളായ അഡ്വ. എം അനില്‍കുമാര്‍ , അഡ്വ. ആന്റണി കുരീത്തറ, സുധ ദിലീപ് കുമാര്‍ എന്നിവരാണ് മല്‍സരിച്ചത്. ആദ്യ ഘട്ടത്തില്‍ യഥാക്രമം 36,32, 5 വോട്ടുകള്‍ എല്‍ ഡി എഫ് , യു ഡി എഫ് , ബി.ജെ.പി കൗണ്‍സിലര്‍മാര്‍ നേടി.തുടര്‍ന്ന് ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ സ്ഥാനാര്‍ഥികള്‍ എന്ന് നിലയില്‍ എല്‍ഡിഎഫിന്റെ അഡ്വ.എം അനില്‍കുമാറും യുഡിഎഫിന്റെ ആന്റണി കുരീത്തറയും തമ്മില്‍ തിരഞ്ഞെടുപ്പ് ചട്ടം 8 ബി പ്രകാരം

വീണ്ടും മല്‍സരിച്ചു. ഇതില്‍ അഡ്വ.എം അനില്‍കുമാറിന് 36 വോട്ടും ആന്റണി കുരീത്തറയ്ക്ക് 32 വോട്ടു കിട്ടി. ബി ജെ പി കൗണ്‍സിലര്‍മാര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്നു. ഓപ്പണ്‍ ബാലറ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടന്നത്.ഏറ്റവും കൂടുതല്‍ വോട്ടു കിട്ടിയ എല്‍ഡിഎഫിലെ അഡ്വ.എം അനില്‍കുമാര്‍ കൊച്ചി കോര്‍പറേഷന്‍ മേയറായി തിരഞ്ഞെടുക്കപ്പെട്ടു.തുടര്‍ന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എസ് സുഹാസ് അഡ്വ. എം അനില്‍കുമാറിന് സത്യവാചകം ചൊല്ലിക്കൊടുത്തു.കൊച്ചിയിലെ മാലിന്യപ്രശ്‌നം പരിഹരിക്കാനുള്ള ശ്രമം ഊര്‍ജിതമായി നടത്തുമെന്നുംപ്രതിപക്ഷഅംഗങ്ങളെക്കൂടി സഹകരിപ്പിച്ചുകൊണ്ടായിരിക്കും മുന്നോട്ടു പോകുകയെന്നും മേയര്‍ അനില്‍കുമാര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.മേയര്‍ എന്ന നിലയില്‍ എല്ലാ കാര്യങ്ങളും സുതാര്യമായി തന്നെയായിരിക്കും നടപ്പിലാക്കുകയെന്നും അനില്‍കുമാര്‍ പറഞ്ഞു.ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചകഴിഞ്ഞ് നടക്കും. സിപി ഐയിലെ കെ എ അന്‍സിയ ആണ് എല്‍ഡിഎഫിന്റെ ഡെപ്യൂട്ടി മേയര്‍ സ്ഥാനാര്‍ഥി.സീന ഗോകുലനാണ് യുഡിഎഫിന്റെ സ്ഥാനാര്‍ഥി.

Tags:    

Similar News