കളമശേരി നഗരസഭ: വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും നറുക്കെടുപ്പിലൂടെ യുഡിഎഫിന്
യുഡിഎഫിലെ മുസ് ലിം ലീഗിലെ സല്‍മത്ത് അബൂബക്കറാണ് നറുക്കെടുപ്പിലൂടെ വൈസ് ചെയര്‍പേഴ്‌സാണായി തിരഞ്ഞെടുക്കപ്പെട്ടത്.രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ സ്ഥാനവും നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടിയിരുന്നു. യുഡിഎഫിലെ സീമ കണ്ണനാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്
കൊച്ചി: കളമശേരി നഗരസഭയില്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനവും നറുക്കെടുപ്പിലൂടെ യൂഡിഎഫിന്.യുഡിഎഫിലെ മുസ് ലിം ലീഗിലെ സല്‍മത്ത് അബൂബക്കറാണ് നറുക്കെടുപ്പിലൂടെ വൈസ് ചെയര്‍പേഴ്‌സാണായി തിരഞ്ഞെടുക്കപ്പെട്ടത്.രാവിലെ നടന്ന ചെയര്‍പേഴ്‌സണ്‍ സ്ഥാനവും നറുക്കെടുപ്പിലൂടെ യുഡിഎഫ് നേടിയിരുന്നു. യുഡിഎഫിലെ സീമ കണ്ണനാണ് ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ടത്. ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ അതേ അവസ്ഥ തന്നെയായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പിലും സംഭവിച്ചത്.
41 അംഗങ്ങളാണ് കളമശേരി നഗരസഭാ കൗണ്‍സിലില്‍ നിലവിലുള്ളത്.ഇതില്‍ യുഡിഎഫ്-19-എല്‍ഡിഎഫ്-18,എന്‍ഡിഎ-ഒന്ന്,സ്വതന്ത്രര്‍-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.മൂന്നു സ്വതന്ത്രരില്‍ രണ്ടു പേര്‍ ലീഗ്,കോണ്‍ഗ്രസ് വിമതരും ഒരാള്‍സിപിഎം വിമതനുമായിരുന്നു.ഇതില്‍ ലീഗ് വിമതനും സിപിഎം വിമതനും എല്‍ഡിഎഫിനും കോണ്‍ഗ്രസ് വിമതന്‍ യുഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ്-20, എല്‍ഡിഎഫ്-20,എന്‍ഡിഎ-ഒന്ന് എന്നിങ്ങനെയായി കക്ഷി നില.ഇതോടെ എല്‍ഡിഎഫും യുഡിഎഫും ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. യുഡിഫ് സീമ കണ്ണനെയും എല്‍ഡിഎഫ് ചിത്ര സുരേന്ദ്രനെയും മല്‍സരിപ്പിച്ചു.എന്‍ഡിഎ വിട്ടു നിന്നു.വോട്ടെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികള്‍ 20 വോട്ടുകള്‍ വീതം നേടി.ഇതോടെയാണ് ചെയര്‍പേഴ്‌സണെ കണ്ടെത്താന്‍ റിട്ടേണിംഗ് ഓഫിസര്‍ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.
നറുക്കെടുപ്പില്‍ സീമ കണ്ണന്‍ വിജയിക്കുകയായിരുന്നു. ഇതേ രീതിയില്‍ തന്നെയായിരുന്നു വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പും നടന്നത്.മുസ് ലിം ലീഗിലെ സല്‍മത്ത് അബൂബക്കറിനായാണ് യുഡിഎഫ് വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥിയായി മല്‍സരിപ്പിച്ചത്.ലീഗ് വിമതനായി മല്‍സരിച്ച് വിജയിച്ച സുബൈറിനെയായിരുന്നു എല്‍ഡിഎഫ് മല്‍സരിപ്പിച്ചത്.വോട്ടെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികളും 20 വോട്ടുകള്‍ നേടി തുല്യനിലയില്‍ എത്തിയതോടെയാണ് റിട്ടേണിംഗ് ഓഫിസര്‍ നറുക്കെടുപ്പ് നടത്തിയത്. നറുക്കെടുപ്പില്‍ സല്‍മത്ത് വിജയിക്കുകയായിരുന്നു. ഇതോടെ ചെയര്‍പേഴ്‌സണ്‍,വൈസ് ചെയര്‍പേഴ്‌സണ്‍ സ്ഥാനങ്ങള്‍ നറുക്കെടുപ്പിലൂടെ യുഡിഎഫ് സ്വന്തമാക്കി.വോട്ടെടുപ്പിനു ശേഷം പുറത്തുവെച്ച് എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായി.