കൊച്ചി മേയര്‍ സൗമിനിയെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ ഭിന്നത;രാഷ്ട്രീയ കാര്യ സമിതിയില്‍ തീരുമാനമായില്ല

തിരുവനന്തപുരത്ത് ചേര്‍ന്ന് രാഷ്ട്രീയ കാര്യ സമിതി വിഷയം ചര്‍ച്ച ചെയ്തുവെങ്കിലും നേതാക്കള്‍ക്കിടയിലെ ഭിന്നത മൂലം ഒടുവില്‍ കാര്യം തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കുന്നതിനായി കെ പി സിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തി

Update: 2019-10-31 11:19 GMT

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയിനെ മാറ്റുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയില്‍ തീരുമാനമായില്ല.വിഷയം ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന് രാഷ്ട്രീയ കാര്യ സമിതി ചര്‍ച്ച ചെയ്തുവെങ്കിലും നേതാക്കള്‍ക്കിടയിലെ ഭിന്നത മൂലം ഒടുവില്‍ കാര്യം തീരുമാനമാകാതെ പിരിയുകയായിരുന്നു. തുടര്‍ന്ന് അന്തിമ തീരുമാനമെടുക്കുന്നതിനായി കെ പി സിസി പ്രസിഡന്റിനെ ചുമതലപ്പെടുത്തിയതായാണ് വിവരം.ഉപതിരഞ്ഞെടുപ്പു ദിവസം പെയ്ത കനത്തെ മഴയെ തുടര്‍ന്ന് കൊച്ചിയിലുണ്ടായ വെള്ളക്കെട്ടിന് ഉത്തരവാദി മേയര്‍ അല്ലെന്ന് യോഗത്തില്‍ വി എം സുധീരന്‍ പറഞ്ഞു.മേയറെ മാറ്റുന്നത് തെറ്റായ സന്ദേശം നല്‍കുമെന്നും വി എം സുധീരന്‍ ചൂണ്ടിക്കാട്ടിയെന്നാണ് അറിയുന്നത്.

എറണാകുളം മുന്‍ എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന പ്രഫ കെ വി തോമസും എ ഗ്രൂപ്പിലെ എം എം ഹസനും കെ സി ജോസഫും ഇതേ നിലപാട് തന്നെയാണ് യോഗത്തില്‍ സ്വീകരിച്ചത്. എന്നാല്‍ മേയറെ മാറ്റിയില്ലെങ്കില്‍ സാഹചര്യം കൂടുതല്‍ മോശമാകാനാണ് സാധ്യതയെന്ന് വി ഡി സതീശന്‍ പറഞ്ഞു.യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാനും മേയറെ മാറ്റുന്നതിനോട് അനൂകൂലനിലപാടാണ് യോഗത്തില്‍ സ്വീകരിച്ചതെന്നാണ് വിവരം.വെള്ളക്കെട്ടുമായിമായി ബന്ധപ്പെട്ട് കൊച്ചി കോര്‍പറേഷനെതിരെ ഹൈക്കോടതി നടത്തിയ പരാമര്‍ശവും യോഗം ചര്‍ച്ചചെയ്തു. ഒടുവില്‍ വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ ചുമതലപ്പെടുത്തി യോഗം അവസാനിച്ചുവെന്നാണ് വിവരം.

Tags:    

Similar News