പാലാരിവട്ടത്ത് യുവാവിന്റെ അപകട മരണം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, ജല അതോറിറ്റി എന്നിവരോടും കലക്ടര്‍ റിപോര്‍ട്ട് തേടി
കൊച്ചി: പാലാരിവട്ടം മെട്രോ സ്റ്റേഷന് സമീപത്തെ കുഴി യുവാവിന്റെ ജീവനെടുത്ത സംഭവത്തില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസ് മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, ജല അതോറിറ്റി എന്നിവരോടും കലക്ടര്‍ റിപോര്‍ട്ട് തേടി. യുവാവ് മരിക്കാനിടയായ കുഴിയിലെ പൈപ്പ്‌ലൈനിലെ ചോര്‍ച്ച പരിഹരിച്ച് അടിയന്തരമായി റോഡ് പൂര്‍വസ്ഥിതിയിലാക്കാനും കലക്ടര്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
പാലാരിവട്ടം മെട്രോ സ്‌റ്റേഷനു സമീപം മാസങ്ങളായി നികത്താതെ കിടന്ന കുഴിയാണ് വരാപ്പുഴ കൂനമ്മാവ് സ്വദേശി യദുലാലിന്റെ ജീവന്‍ അപഹരഹിച്ചത്.ബൈക്കില്‍ വരികയായരുന്ന യദുലാല്‍ കുഴിയില്‍ വീഴാതിരിക്കാന്‍ വണ്ടി വെട്ടിച്ചു മാറ്റുന്നതിനിയില്‍ കുഴി മറച്ചു വെച്ചിരുന്ന തകര ഷീറ്റില്‍ തട്ടി റോഡിലേക്ക് വീഴുകയും പിന്നാലെയെത്തിയ ലോറിക്കടിയില്‍പെടുകയുമായിരന്നു.ഗുരുതരമായി പരിക്കേറ്റ യദുലാലിനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാകുകയും വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സംഭവ സ്ഥലത്തേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തതോടെയാണ് നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറായത്.