കൊച്ചിയില്‍ വീണ്ടും മയക്കുമരുന്നുവേട്ട ; ഹാഷിഷുമായി സഹോദരങ്ങള്‍ അടക്കം മൂന്ന് പേര്‍ പിടിയില്‍
എറണാകുളം മുളവ് കാട് സ്വദേശികളും സഹോദരന്‍മാരുമായ ഷാരൂണ്‍ (23),ശരത്ത് (22), മുളവ്കാട് സ്വദേശി പ്രണവ് (20) എന്നിവരാണ് പോലിസിന്റെ പിടിയിലായത്.എറണാകുളം നഗരത്തിലെ സ്വകാര്യ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി റേവ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് മുളവ് കാട് ഭാഗത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ഹാഷിഷ് ഓയിലുമായി ഇവര്‍ പിടിയിലാകുന്നത്
കൊച്ചി: കൊച്ചിയില്‍ വീണ്ടും ലഹരി മരുന്നു വേട്ട.എറണാകുളത്ത് റേവ് പാര്‍ടികള്‍ക്കായി എത്തിച്ച ഹാഷിഷുമായി മൂന്നു യുവാക്കള്‍ പിടിയില്‍.എറണാകുളം മുളവ് കാട് സ്വദേശികളും സഹോദരന്‍മാരുമായ ഷാരൂണ്‍ (23),ശരത്ത് (22), മുളവ്കാട് സ്വദേശി പ്രണവ് (20) എന്നിവരാണ് പോലിസിന്റെ പിടിയിലായത്.എറണാകുളം നഗരത്തിലെ സ്വകാര്യ റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് അതീവ രഹസ്യമായി റേവ്പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ഐ ജി വിജയ് സാഖറെയ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്ന് ഷാഡോ പോലീസ് നടത്തിയ രഹസ്യ നീക്കത്തിലാണ് മുളവ് കാട് ഭാഗത്തെ സ്വകാര്യ റിസോര്‍ട്ടില്‍ വെച്ച് കഴിഞ്ഞ ദിവസം രാത്രിയില്‍ ഹാഷിഷ് ഓയിലുമായി ഇവര്‍ പിടിയിലാകുന്നത്. അതീവ രഹസ്യമായി നടത്താനിരുന്ന റേവ് പാര്‍ടികള്‍ക്കായി എത്തിച്ചതായിരന്നു ഹാഷിഷ് ഓയിലെന്ന് പോലിസ് പറഞ്ഞു.
ബാംഗ്ലൂര്‍ ബൊമ്മനഹള്ളിയില്‍ നിന്നും അഞ്ച് ഗ്രാം വീതമാക്കി പായ്ക്ക് ചെയ്ത ഹാഷിഷ് അടങ്ങിയ നിരവധി ബോട്ടിലുകള്‍ ഇവരില്‍ നിന്നും പോലിസ് കണ്ടെടുത്തു. റേവ് പാര്‍ട്ടി നടത്തിപ്പ്കാര്‍ക്ക് അഞ്ച് ഗ്രാമിന്റെ ഒരു ബോട്ടില്‍ ഹാഷിഷ് ഓയില്‍ നാലായിരം രൂപയ്ക്കായിരുന്നു ഇവര്‍ നല്‍കിയിരുന്നത്. ബാംഗ്ലൂരില്‍ നിന്നും ഗോവയില്‍ നിന്നും കൊച്ചിയിലേക്ക് ലഹരി വസ്തുക്കള്‍ എത്തിക്കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായവര്‍ . സ്വകാര്യ റിസോര്‍ട്ടുകളിലും മറ്റും അതീവ രഹസ്യമായി സംഘടിപ്പിക്കുന്ന റേവ് പാര്‍ട്ടികളില്‍ നുഴഞ്ഞ് കയറിയ ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് എ സി പി എസ് ടി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോസംഘം സൈബര്‍ സെല്ലിന്റെ സഹായത്തോട് കൂടി ഒരാഴ്ച്ചയായി നടത്തിയ രഹസ്യ നീക്കത്തില്‍ ആണ് പ്രതികള്‍ പിടിയിലായത്. ഷാഡോ എസ് ഐ ജോസഫ് സാജന്‍, ഷാഡോ പോലീസുകാര്‍ എന്നിവര്‍ പ്രതികളെ പിടിക്കാന്‍ നേതൃത്വം നല്‍കി