പെട്ടിയിലടച്ച സിനിമ വിസ്മയം 'റിക്ക് ഷോ' കൊച്ചിയിലെത്തുന്നു

ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ആയ ലെ ജെന്റില്‍ ഗാര്‍സിയോണ്‍ ഒരുക്കിയ ഒരു പെട്ടിക്കുള്ളില്‍ ഒതുങ്ങുന്ന മൊബൈല്‍ സിനിമ ആശയമാണ് റിക്ക്‌ഷോ. മാര്‍ച്ച് 27നു സുഭാഷ് പാര്‍ക്കില്‍ വെച്ചാണ് റിക്ക് ഷോ പ്രദര്‍ശിപ്പിക്കുക. വൈകിട്ട് 6:30 മുതലാണ് റിക്ക് ഷോ തുടങ്ങുക

Update: 2022-03-26 11:10 GMT

കൊച്ചി: അടച്ചിട്ടിരിക്കുന്ന ഓട്ടോറിക്ഷയുടെ പിന്നിലെ പെട്ടി തുറക്കുന്നതോടെ പൊതുജനങ്ങള്‍ക്ക് മുന്നില്‍ സിനിമയുടെ ലോകം അനാവരണം ചെയ്യുന്ന 'റിക്ക് ഷോ' കൊച്ചിയിലെത്തുന്നു. അലിയോണ്‍സ് ഫ്രോന്‍സെയിസ് ദെ് ട്രിവോന്‍ഡ്രത്തിന്റെ നേതൃത്വത്തില്‍ കൊച്ചി മുനിസിപ്പല്‍ കോര്‍പറേഷന്റെ ആര്‍ട്ട്‌സ് സ്‌പേസ് കൊച്ചിയുടെ (ആസ്‌ക്) ഭാഗമായാണ് റിക്ക് ഷോ കൊച്ചിയിലെ ആസ്വാദകര്‍ക്കായി എത്തിക്കുന്നത്.

ഫ്രഞ്ച് ആര്‍ട്ടിസ്റ്റ് ആയ ലെ ജെന്റില്‍ ഗാര്‍സിയോണ്‍ ഒരുക്കിയ ഒരു പെട്ടിക്കുള്ളില്‍ ഒതുങ്ങുന്ന മൊബൈല്‍ സിനിമ ആശയമാണ് റിക്ക്‌ഷോ. മാര്‍ച്ച് 27നു സുഭാഷ് പാര്‍ക്കില്‍ വെച്ച് 'റിക്ക് ഷോ' പ്രദര്‍ശിപ്പിക്കും മാര്‍ച്ച് 28നും 29നും വാസ്‌ക്കോ ഡ ഗാമ സ്‌ക്വയറില്‍ വെച്ച് പ്രദര്‍ശിപ്പിക്കാനിരുന്ന റിക്ക് ഷോ  ദേശിയ പണിമുടക്കിനെ തുടര്‍ന്ന് മറ്റൊരു ദിവസം നടത്തും വൈകിട്ട് 6:30 മുതലാണ് റിക്ക് ഷോ തുടങ്ങുക.

ദൈനംദിന ജീവിതത്തിലെ അനിവാര്യ വാഹനമായ ഓട്ടോറിക്ഷയെ മുന്നില്‍ നിര്‍ത്തി സിനിമയും സ്വതന്ത്ര സിനിമകളും ആളുകളിലേക്ക് എത്തിക്കുകയാണ് റിക്ക് ഷോ. റിക്ക് ഷോ തുറക്കുമ്പോള്‍, പ്രദര്‍ശനത്തിനും വിനിമയത്തിനും ആവശ്യമായ എല്ലാ ഘടകങ്ങളും ഒപ്പം പൊതു ഇരിപ്പിടങ്ങളും അതില്‍ നിന്ന് പുറത്തേക്ക് വരും.

കോളജ് ഓഫ് ആര്‍ക്കിടെക്ചറര്‍ തിരുവനന്തപുരത്തിന്റെ ഡിസൈന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സഹകരണത്തത്തോടെയാണ് പരിപാടി തയ്യാറാക്കിയിരിക്കുന്നത്. ഫ്രാന്‍സില്‍ നിന്നുള്ള കലാകാരന്മാരുടെ നിര്‍ദേശപ്രകാരമാണ് റിക്ക്‌ഷോ യുടെ രൂപകല്‍പ്പനയും നിര്‍മ്മാണവും നടത്തിയത്.

സിനിമയോ മറ്റു വിനോദ മാര്‍ഗങ്ങളോ എത്തിയിട്ടില്ലാത്ത ഉള്‍പ്രദേശങ്ങളിലേക്കും അത്തരം സമൂഹങ്ങളിലേക്കുമെല്ലാം സമകാലിക ആര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിക്കാനുള്ള ലക്ഷ്യവും പ്രൊജക്റ്റ്‌ന് പിന്നിലുണ്ട് . മഹാമാരി കാരണം സിനിമയില്ലാതെ നീണ്ട മാസങ്ങള്‍ക്കു ശേഷമുള്ള ഒരു സിനിമ അനുഭൂതിയാകും റിക്ക്‌ഷോ .

ഫ്രാന്‍സ്, സ്വിറ്റ്‌സര്‍ലാന്റ് എന്നിവിടങ്ങളിലെ ആര്‍ട്ട് ഫിലിം ശേഖരത്തില്‍ നിന്നുള്ള അഞ്ച് തീമാറ്റിക് പ്രോഗ്രാമുകള്‍ കൊച്ചിയിലെ പൊതുജനങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കും. മിറാന്‍ഡ പെനെല്‍ (യുകെ), ബെന്‍ റസ്സല്‍ (യു.എസ്.എ), ഇന്‍ഗ്രിഡ് വൈല്‍ഡി മെറിനോ (ചില്ലി), ജോര്‍ജ്ജ് ഷ്വിസ്‌ഗെബെല്‍ (സുയിസ്), ലെ ജെന്റില്‍ ഗാര്‍സണ്‍ (ഫ്രാന്‍സ്) തുടങ്ങിയ പ്രമുഖരായ സ്വതന്ത്ര കലാകാരന്മാരുടെ സിനിമകള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു.

ബോണ്‍ജൂര്‍ ഇന്ത്യ 2022 ഫെസ്റ്റിവലിന്റെ നാലാം പതിപ്പിന്റെ ഭാഗമാണ് റിക്ക്‌ഷോ സംഘടിപ്പിക്കുന്നത്. ഇന്ത്യയിലെ ഫ്രഞ്ച് എംബസി, ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ട്, അലയന്‍സ് ഫ്രാന്‍സ് നെറ്റ്‌വര്‍ക്ക് തുടങ്ങിയവ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സുമായും ഫ്രഞ്ച് കോണ്‍സുലേറ്റുകളുമായും ചേര്‍ന്നൊരുക്കിയ സഹകരണ ശൃംഖലയാണ് ബോണ്‍ജൂര്‍ ഇന്ത്യ.

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷവും ഇന്ത്യഫ്രഞ്ച് നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 75ാം വര്‍ഷവും ബോണ്‍ജൂര്‍ ഇന്ത്യ ആഘോഷിക്കുന്നുണ്ട്. 19 ഇന്ത്യന്‍ നഗരങ്ങളില്‍ 120 ഓളം പരിപാടികളാണ് ബോണ്‍ജൂര്‍ ഇന്ത്യയുടെ ഭാഗമായി സംഘടിപ്പിക്കുന്നത്. കേരളത്തിലെ പ്രദര്‍ശനങ്ങള്‍ക്കു ശേഷം പൂനെയിലും കൊല്‍ക്കത്തയിലും റിക്ക് ഷോ പ്രദര്‍ശിപ്പിക്കും.

Tags:    

Similar News