കടല്‍ക്ഷോഭം തടയാന്‍ ദ്രോണാചാര്യ മോഡല്‍ കരിങ്കല്‍ ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍
തീവ്ര കടല്‍ക്ഷോഭം നേരിടുന്ന കൊച്ചിയുടെ തീര പ്രദേശങ്ങളായ ചെല്ലാനം ബസാര്‍, കമ്പനിപ്പടി, വേളാങ്കണ്ണി, ഒറ്റമശ്ശേരി എന്നിവടങ്ങളില്‍ ന്യൂനപക്ഷ കമ്മീഷന്‍ സന്ദര്‍ശനം നടത്തി. കമ്മീഷനു മുന്നില്‍ ദുരിതങ്ങള്‍ എണ്ണിപറഞ്ഞ് പ്രദേശവാസികള്‍.കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് കപ്പല്‍ ചാനലിനായി ആഴം കൂട്ടിയതും വൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനലും ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബര്‍ വന്നതും കടല്‍ക്ഷോഭത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമായതായി പ്രദേശവാസികള്‍ കമ്മീഷനോട് പറഞ്ഞു
കൊച്ചി: കടല്‍ക്ഷോഭം തടയുന്നതിന് അടിയന്തിരമായി ദ്രോണാചാര്യ മോഡല്‍ കരിങ്കല്‍ ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്ന് ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫ. തീവ്ര കടല്‍ക്ഷോഭം നേരിടുന്ന കൊച്ചിയുടെ തീര പ്രദേശങ്ങളായ ചെല്ലാനം ബസാര്‍, കമ്പനിപ്പടി, വേളാങ്കണ്ണി, ഒറ്റമശ്ശേരി എന്നിവടങ്ങളില്‍ സന്ദര്‍ശനം നടത്തുകയായിരുന്നു അദ്ദേഹം.പ്രദേശവാസികളുടെ സുരക്ഷയ്ക്ക് കരിങ്കല്‍ ഭിത്തിയും പുലിമുട്ട് അത്യാവശമാണ്. ഭൂരിപക്ഷം മതന്യൂനപക്ഷ സമുദായാംഗങ്ങളാണ് ഇവിടെ താമസിക്കുന്നത്. പരമ്പരാഗത മല്‍സ്യത്തൊഴിലാളികളായ ഇവര്‍ക്ക് മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നത് തൊഴിലിനെ ബാധിക്കും. സന്ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് റിപോര്‍ട്ട് നല്‍കും. കൂടാതെ തുടര്‍ പരിശോധനയും സന്ദര്‍ശനവും കമ്മീഷന്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ചെല്ലാനം ബസാര്‍, കമ്പനിപ്പടി, വേളാങ്കണ്ണി ഭാഗത്ത 1100 മീറ്റര്‍ ദൂരത്തില്‍ അടിയന്തിരമായി റീട്ടെയിന്‍ഡ് കരിങ്കല്‍ ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണം . ഒറ്റമശ്ശേരിയില്‍ കടല്‍ക്ഷോഭത്തില്‍ രണ്ട് വീടുകള്‍ പൂര്‍ണ്ണമായും നശിച്ചു. യാതൊരു സംരക്ഷണവും ഇല്ലാത്ത 550 മീറ്റര്‍ സ്ഥലത്തും റീട്ടെയിന്‍ഡ് കരിങ്കല്‍ ഭിത്തിയും പുലിമുട്ടും നിര്‍മ്മിക്കണമെന്ന് കമ്മീഷന്‍ പറഞ്ഞു.
കടല്‍ക്ഷോഭം മൂലം തീരദേശം കടല്‍ എടുക്കുന്ന അവസ്ഥയാണ്. ജിയോ ബാഗിന് കടല്‍ക്ഷോഭത്തിന്റെ തീവ്രത കുറയ്ക്കാന്‍ സാധിക്കുന്നില്ല. കടല്‍ക്ഷോഭം മൂലം നിരവധി വീടുകളിലും മുറ്റത്തും മണല്‍ നിറഞ്ഞ അവസ്ഥയിലാണ്. കടല്‍ക്ഷോഭമുള്ളപ്പോള്‍ വീടുകളില്‍ താമസിക്കുന്നത് സുരക്ഷിതമല്ലാത്തതിനാല്‍ ഇവര്‍ക്ക് വീടുകളില്‍ നിന്ന് കുട്ടികളുമായി ഒഴിഞ്ഞ് പോകേണ്ട അവസ്ഥയാണ്. കൂടാതെ കക്കൂസ് മാലിന്യങ്ങള്‍ മൂലം കുടിവെള്ളവും മലിനമാണ്. വീടുകളില്‍ വെള്ളം കയറുമ്പോള്‍ ജന്തുജീവികളുടെ ശല്യം ഭീതിയുണര്‍ത്തുകയാണെന്നും പ്രദേശവാസികള്‍ കമ്മീഷനോട് പറഞ്ഞു. വെള്ളം കയറിയാല്‍ ചെളി നീക്കം ചെയ്യുന്നതിന് സര്‍ക്കാര്‍ തലത്തില്‍ യാതൊരു നടപടികളും എടുക്കുന്നില്ലെന്ന് പ്രദേശത്തെ സ്ത്രീകള്‍ കമ്മീഷനോട് പരാതിപ്പെട്ടു. കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് കപ്പല്‍ ചാനലിനായി ആഴം കൂട്ടിയതും വൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിനലും ചെല്ലാനം മിനി ഫിഷിങ് ഹാര്‍ബര്‍ വന്നതും കടല്‍ക്ഷോഭത്തിന്റെ തീവ്രത വര്‍ദ്ധിക്കാന്‍ കാരണമായതായി പ്രദേശവാസികള്‍ കമ്മീഷനോട് പറഞ്ഞു. കടലില്‍ നിന്നുള്ള ശക്തമായ തിരമാലകള്‍ വീടുകളിലും വഴികളിലും വെള്ളം കയറുന്നതിന് കാരണമാകുന്നു. പഞ്ചായത്ത് മാലിന്യങ്ങളും മണ്ണും നീക്കം ചെയ്യാത്തതും തോടിന്റെ ആഴം വര്‍ദ്ധിപ്പിക്കാത്തതും വെള്ളക്കെട്ടിന് കാരണമാകുന്നതായും പ്രദേശവാസികള്‍ പറഞ്ഞു. ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി കെ ഹനീഫയെക്കൂടാതെ കമ്മീഷന്‍ അംഗങ്ങളായ അഡ്വ. ബിന്ദു എം തോമസ്, അഡ്വ. മുഹമ്മദ് ഫൈസല്‍ എന്നിവരും സന്ദര്‍ശക സംഘത്തിലുണ്ടായിരുന്നു