പ്രവാചക പത്‌നി ആയിശയെ കുറിച്ച് സിനിമ; സംവിധായകന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ നോട്ടിസ്

ദശലക്ഷ കണക്കിന് മുസ്‌ലിംകളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയെന്നും കലാപത്തിന് ഇടയാക്കുമെന്നും രാജ്യത്തെ സമാധാനന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സിനിമയുമായി മുന്നോട്ട് പോകരുതെന്നും കമ്മീഷന്‍ നോട്ടിസില്‍ ഉത്തരവിട്ടു.

Update: 2019-09-20 13:11 GMT

ന്യൂഡല്‍ഹി: പ്രവാചക പത്‌നി ആയിശയെ കേന്ദ്ര കഥാപാത്രമാക്കി സിനിമയെടുക്കുന്ന വസീം റിസ്‌വിക്ക് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ നോട്ടിസ് അയച്ചു. പ്രവാചക പത്‌നിയെ അവഹേളിക്കുന്ന തരത്തില്‍ സിനിമയെടുക്കുന്നതായുള്ള പത്ര റിപ്പോര്‍ട്ടുകളുടേയും ഡല്‍ഹി സ്വദേശികള്‍ നല്‍കിയ പരാതിയുടേയും അടിസ്ഥാനത്തിലാണ് കമ്മീഷന്റെ നടപടി. കഴിഞ്ഞ ദിവസം സിനിമയുടെ ട്രെയിലര്‍ റിസ്‌വി പുറത്തിറക്കിയിരുന്നു. ഇതേ തുടര്‍ന്നാണ് ന്യൂനപക്ഷ കമ്മീഷന്റെ നടപടി.

സിനിമയുടെ ഉള്ളടക്കം, ഷൂട്ടിങ് പുരോഗതി, സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയുണ്ടോ? തുടങ്ങിയ കാര്യങ്ങള്‍ രേഖാമൂലം അറിയിക്കാനാണ് കമ്മീഷന്‍ ഉത്തരവിട്ടിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനകം മറുപടി നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമയുടെ സിഡി, സിബിഎഫ്‌സി സര്‍ട്ടിഫിക്കേഷന്റെ അല്ലെങ്കില്‍ അപേക്ഷയുടെ പകര്‍പ്പ്, തിരക്കഥയുടെ പകര്‍പ്പ് എന്നിവ മറുപടിയോടൊപ്പം സമര്‍പ്പിക്കണമെന്നും നോട്ടിസില്‍ ആവശ്യപ്പെട്ടു.

ദശലക്ഷ കണക്കിന് മുസ്‌ലിംകളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയെന്നും കലാപത്തിന് ഇടയാക്കുമെന്നും രാജ്യത്തെ സമാധാനന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സിനിമയുമായി മുന്നോട്ട് പോകരുതെന്നും കമ്മീഷന്‍ നോട്ടിസില്‍ ഉത്തരവിട്ടു.

പ്രവാചക പത്‌നി ആയിശയുടെ കഥാപാത്രത്തെ കാണിക്കുന്ന ചിത്രം ലോകമെമ്പാടുമുള്ള വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ഡല്‍ഹി കേന്ദ്ര സെന്‍സര്‍ ബോര്‍ഡിന് അയച്ച കത്തില്‍ ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള മുസ്‌ലിംകള്‍ ആദരിക്കുന്ന പ്രവാചക പത്‌നി എന്ന നിലയില്‍ ആയിശയെ ഒരു സിനിമയിലോ കാരിക്കേച്ചറിലോ പോലും കാണിക്കാന്‍ പാടില്ല. ഇത് രാജ്യത്തെ തെരുവുകളെ കലാപത്തിലേക്ക് തള്ളിവിടും. ഈ സാഹചര്യത്തില്‍ സിനിമക്ക് സര്‍ട്ടിഫിക്കേഷന്‍ നിരസിക്കണമെന്നും ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സെന്‍സര്‍ ബോര്‍ഡിന് അയച്ച കത്തില്‍ അഭ്യര്‍ത്ഥിച്ചു.

Tags:    

Similar News