കോടഞ്ചേരിയിലെ ദുരന്തത്തിന് പിന്നില്‍ വിഷമദ്യമല്ലെന്ന് പോലിസ്
പാലക്കല്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പന്‍ (68) മരിച്ചത് മദ്യം കഴിച്ചതുമൂലമല്ലെന്ന് താമരശേരി ഡിവൈഎസ്പി പറഞ്ഞു.
കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ എസ്‌റ്റേറ്റ് തൊഴിലാളി മരിക്കാനിടയായത് വിഷമദ്യം മൂലമല്ലെന്ന് പോലിസ്. പാലക്കല്‍ ചെമ്പിലി ആദിവാസി കോളനിയിലെ കൊളമ്പന്‍ (68) മരിച്ചത് മദ്യം കഴിച്ചതുമൂലമല്ലെന്ന് താമരശേരി ഡിവൈഎസ്പി പറഞ്ഞു. പരിശോധനയില്‍ കോളനിയില്‍നിന്നും മദ്യം കണ്ടെത്താനായില്ലെന്നും അദ്ദേഹം അറിയിച്ചു. വിഷം ഉള്ളില്‍ ചെന്നതാകാം മരണകാരണമെന്നാണ് പോലിസ് പറയുന്നത്. മദ്യത്തിന്റെ മണം ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികളെയും ആശുപത്രി അധികൃതരെയും ഉദ്ധരിച്ച് പോലിസ് വ്യക്തമാക്കുന്നു.
വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. കൊളമ്പനൊപ്പമുണ്ടായിരുന്ന നാരായണന്‍(60), ഗോപാലന്‍ (50) എന്നിവര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വായില്‍നിന്നു നുരയും പതയും വന്ന് അവശനായ നിലയിലാണ് കൊളമ്പനെ ആശുപത്രിയിലെത്തിച്ചത്. കോയപ്പതൊടി എസ്‌റ്റേറ്റിലെ തൊഴിലാളികളായ മൂന്നു പേരും വെള്ളിയാഴ്ച രാത്രി ഏഴോടെ പണി കഴിഞ്ഞ് വരുന്നവഴി ഒരു കുപ്പി ലഭിച്ചെന്നും മൂവരും അത് കഴിച്ചെന്നുമുള്ള വിവരമാണ് ലഭിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. ദ്രാവകം കഴിച്ച ഉടനെ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ നാട്ടുകാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടു പോകവേ കൊളമ്പന്‍ മരിച്ചു.