യൂത്ത് കോണ്‍ഗ്രസുകാരെ കൊലപ്പെടുത്തിയത് പാര്‍ട്ടിയുടെ അറിവോടെയല്ല: കോടിയേരി

കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കുണ്ടെന്ന് സമ്മതിക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയത്. പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായിഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ല. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും കോടിയേരി പറഞ്ഞു.

Update: 2019-02-19 06:35 GMT

തിരുവനന്തപുരം: കാസര്‍കോട് കല്ല്യോട്ട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് പാര്‍ട്ടിയുടെ അറിവോടെയല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ പങ്കുണ്ടെന്ന് സമ്മതിക്കുന്ന പ്രസ്താവനയാണ് കോടിയേരി നടത്തിയത്. പാര്‍ട്ടി തീരുമാനത്തിനു വിരുദ്ധമായി ഏതെങ്കിലും പാര്‍ട്ടി പ്രവര്‍ത്തകന്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കില്ലെന്ന് കോടിയേരി വ്യക്തമാക്കി. പ്രതികള്‍ ആരായാലും നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അക്രമ രാഷ്ട്രീയത്തിനെതിരെ സിപിഎം മുമ്പെങ്ങുമില്ലാത്ത രീതിയിലാണ് നിലപാട് എടുത്തിട്ടുള്ളത്. പ്രവര്‍ത്തകര്‍ യാതൊരു അക്രമങ്ങളിലും പങ്കെടുക്കരുതെന്നത് പാര്‍ട്ടി തീരുമാനമാണ്. അത് ഉള്‍കൊള്ളാന്‍ കഴിയാത്തവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. അത്തരക്കാര്‍ക്ക് പാര്‍ടി ഒരു സ്ഥാനവും കൊടുക്കില്ല. ആക്രമങ്ങള്‍ ആര് നടത്തിയാലും അത് ഒഴിവാക്കണം. തൃശ്ശൂര്‍ സംസ്ഥാന സമ്മേളനത്തിന്റെ ലംഘനമാണ് കാസര്‍കോട് നടന്നിരിക്കുന്നത്. അതിനാലാണ് ബന്ധപ്പെട്ടയാളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നും കോടിയേരി പറഞ്ഞു.

ഈ കൊലപാതകം നടന്ന സ്ഥലത്ത് മുമ്പ് പല അക്രമങ്ങളും നടന്നിട്ടുണ്ട്. അതേപ്പറ്റിയൊന്നും ഇപ്പോള്‍ പറയുന്നില്ല. അതൊന്നും കൊലപാതകത്തിന് ന്യായീകരണമല്ല. കൊടി സുനിയൊന്നും പാര്‍ട്ടി നേതാവല്ല. അവരാരും പാര്‍ട്ടി അംഗം പോലുമല്ലെന്നും കൊടിസുനിയുടെ പേരിലുള്ള കേസുകളേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ടി പി വധക്കേസില്‍ കുഞ്ഞനന്തനെ തെറ്റായി പ്രതിചേര്‍ത്തതാണ്. ആ സംഭവത്തിലും ബന്ധമുണ്ടെന്ന് കണ്ടവര്‍ക്കെതിരെയും പാര്‍ട്ടി നടപടിയെടുത്തിട്ടുണ്ട്. അവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ടി പി കേസില്‍ കുഞ്ഞനന്തനെതിരെ ഗൂഢാലോചന കുറ്റം ചുമത്തിയാണ് കേസെടുത്തത്. കുഞ്ഞനന്തനെ ആ കേസില്‍ ബോധപൂര്‍വം പ്രതിചേര്‍ത്തതാണെന്നാണ് പാര്‍ട്ടി കണ്ടെത്തിയത്. അത്തരത്തില്‍ തെറ്റായ ഒരാളെ പ്രതിചേര്‍ത്താല്‍ അത് പാര്‍ട്ടി അംഗീകരിക്കില്ല. സംഭവത്തില്‍ ഉള്‍പ്പെട്ടവരെ പ്രതിചേര്‍ത്താല്‍ അവര്‍ക്കെതിരെ പാര്‍ട്ടി നടപടി സ്വീകരിക്കും. അതാണ് പാര്‍ട്ടി നിലപാട്. ഒരു കേസില്‍ പോലിസ് പിടിക്കുന്നവരെല്ലാം യഥാര്‍ഥ പ്രതികളായിരിക്കണമെന്നില്ല. പ്രതികള്‍ സിപിഎമ്മുകാരായാലും പോലിസ് നടപടിയെടുക്കണം. വാര്‍ത്തയുടെ അടിസ്ഥാനത്തിലല്ല വസ്തുതയുടെ അടിസ്ഥാനത്തിലാണ് കാര്യങ്ങള്‍ കാണേണ്ടതെന്നും കോടിയേരി വ്യക്തമാക്കി.

കൊലപാതക രാഷ്ട്രീയത്തോട് ഞങ്ങള്‍ക്ക് യോജിപ്പേയില്ല. രാഷ്ട്രീയത്തിന്റെ പേരില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട പാര്‍ട്ടിയാണ് സിപിഎം. കേരളത്തില്‍ ഇതിനകം എഴുന്നൂറില്‍ പരം സിപിഎം പ്രവര്‍ത്തകര്‍ തന്നെ കൊല ചെയ്യപ്പെട്ടിട്ടുണ്ട്. ഇവരില്‍ ഇരുന്നൂറിലേറെ പേരെ കൊന്നത് ആര്‍എസ്എസാണ്. ബാക്കി ഭൂരിപക്ഷം പേരെയും കൊന്നത് കോണ്‍ഗ്രസുകാരാണ്. ചില മാധ്യമങ്ങളുടെ സമീപനം ഇടപതുപക്ഷ വിരുദ്ധമാണ്. രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കണമെന്ന് പാര്‍ട്ടി ഒറ്റകെട്ടായി തീരുമാനിച്ചാലും സിപിഎം മാറാന്‍ പാടില്ലെന്ന ചില മാധ്യമങ്ങളുടെ രീതി അംഗീകരിക്കാന്‍ കഴിയില്ല. പാര്‍ട്ടി ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും ആക്രമിക്കുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കുന്ന വകുപ്പില്‍ കേസെടുക്കുമെന്നും കോടിയേരി പറഞ്ഞു. മോദിയെയും അമിത് ഷായെയും പറ്റി പറയാന്‍ മുല്ലപ്പള്ളിക്ക് പേടിയാണ്. സിപിഎമ്മിനെ പറയുന്നതില്‍ വിരോധമില്ല. അവര്‍ക്കെതിരെക്കൂടി പറയാന്‍ ധൈര്യം മുല്ലപ്പള്ളി കാണിക്കണമെന്നും കോടിയേരി പറഞ്ഞു.








Tags:    

Similar News