കോലിക്കര മുനീബ് വധം: മുഖ്യപ്രതി അടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Update: 2021-02-13 09:12 GMT

കൊല്ലപ്പെട്ട മുനീബ്

ചങ്ങരംകുളം: കോലിക്കരയിയില്‍ പാവിട്ടപ്പുറം സ്വദേശിയായ യുവാവ് കുത്തേറ്റ് മരിച്ച സംഭവത്തില്‍ മുഖ്യപ്രതി അടക്കം മൂന്നുപേരെ അന്വേഷണ സംഘം അറസ്റ്റുചെയ്തു. കോലിക്കര സ്വദേശി ഷമാസ് (20), ചാലിശ്ശേരി കാട്ടുപാടം സ്വദേശി മഹേഷ് (18), കാഞ്ഞിരത്താണി കപ്പൂര്‍ സ്വദേശി അമല്‍ ബാബു(21) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റുചെയ്തത്. ചൊവ്വാഴ്ച വൈകീട്ട് ആറുമണിയോടെയാണ് പാവിട്ടപ്പുറം സ്വദേശി മുക്കുന്നത്ത് അറക്കല്‍ മുനീബ് (25) കുത്തേറ്റ് മരിച്ചത്.

സംഭവത്തില്‍ ഒളിവില്‍ കഴിഞ്ഞുവന്ന ഷമാസിനെയും മഹേഷിനെയും കോലിക്കരയില്‍ പണിതീരാത്ത വീട്ടില്‍നിന്നും അമല്‍ ബാബുവിനെ കാഞ്ഞിരത്താണിയിലെ വീട്ടില്‍നിന്നുമാണ് അന്വേഷണസംഘം പിടികൂടിയത്. സംഭവത്തില്‍ കൂട്ടുപ്രതികളുണ്ടെന്നാണ് വിവരം. അവര്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്. മുനീബും ഷമാസും തമ്മില്‍ ഏറെ നാളായി നില നിന്നിരുന്ന തര്‍ക്കങ്ങളാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലിസ് പറയുന്നത്.

എസ്പി സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം തിരൂര്‍ ഡിവൈഎസ്പി സുരേഷ് ബാബുവിന്റെയും പ്രത്യേക സ്‌ക്വഡ് അംഗങ്ങളായ എസ്‌ഐ എം പി മുഹമ്മദ് റാഫി, എസ്‌ഐ പ്രമോദ്, എഎസ്‌ഐ ജയപ്രകാശ്, സീനിയര്‍ സിപിഒ രാജേഷ്, ചങ്ങരംകുളം സിഐ സജീവിന്റെ നേതൃത്വത്തില്‍ എസ്‌ഐ വിജിത്ത്, ഹരിഹര സൂനു, ആന്റോ, എഎസ്‌ഐ സജീവ്, സിപിഒ മധു എന്നിവരടങ്ങുന്ന സംഘമാണ് കേസില്‍ അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്

Tags:    

Similar News