കൂടത്തായി കൊലപാതക പരമ്പര: കേസിലെ മൂന്നാംപ്രതിക്ക് ജാമ്യം
50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, ജില്ലവിട്ട് പോവരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം.
കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരയിലെ മൂന്നാംപ്രതി പ്രജികുമാറിന് കോടതി ജാമ്യം അനുവദിച്ചു. ടോം തോമസ്, മഞ്ചാടി മാത്യു എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ജാമ്യം. നേരത്തെ മറ്റ് മൂന്ന് കേസുകളില്‍ പ്രജികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇതോടെ പ്രതിചേര്‍ക്കപ്പെട്ട അഞ്ച് കേസുകളിലും പ്രജികുമാറിന് ജാമ്യം കിട്ടി. നടപടികള്‍ പൂര്‍ത്തിയായാല്‍ പ്രജികുമാറിന് ജയില്‍ മോചിതനാവാം.
കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ പ്രജികുമാറിന് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ട്, രണ്ട് ആള്‍ ജാമ്യം, ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാവണം, ജില്ലവിട്ട് പോവരുത് തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം. സിലി, റോയ്, ആല്‍ഫൈന്‍ കേസുകളില്‍ പ്രജികുമാറിന്റെ ജാമ്യാപേക്ഷ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു.
ഹൈക്കോടതിയെ സമീപിച്ചാണ് ജാമ്യം നേടിയത്. മൂന്ന് കേസുകളില്‍ ജാമ്യം ലഭിച്ചത് പരിഗണിച്ച് മറ്റ് കേസുകളിലും ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് പ്രജികുമാര്‍ കോടതിയെ സമീപിച്ചത്. 2019 ഒക്ടോബര്‍ അഞ്ചിനാണ് താമരശേരി തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാറിനെ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തത്. കുടുംബാംഗങ്ങള കൊല്ലാന്‍ രണ്ടാംപ്രതി എം എസ് മാത്യു വഴി ജോളിക്ക് സയനൈഡ് കൈമാറിയത് പ്രജികുമാറിലൂടെയാണെന്നാണ് കേസ്.