കൂടത്തായി കൊലപാതകം: തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപെടുമെന്ന് റോയിയുടെ സഹോദരിയും മകനും
കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങള്‍ അല്ല പുറത്തു വരുന്നതെന്ന് റോയി തോമസിന്റെ മകന്‍ റെമോയും റോയിയുടെ സഹോദരി റെഞ്ചി തോമസും.ഒരിക്കലും മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് സംശയം ഉണ്ടായിരുന്നില്ല. സഹോദരന്‍ റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടാണ് തന്നെ പുറകോട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നും സഹോദരി റെഞ്ചി. താനും സഹോദരനായ റോജോയും മാത്രമാണ് ഇതിനെതിരെ പൊരുതിയത്. പോലിസും ഇപ്പോള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഒപ്പം നിന്നതിനാലാണ് കേസ് ഇത്രയധികം മുന്നോട്ട് പോയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ട്
കൊച്ചി:തെറ്റു ചെയ്തവര്‍ ആരായാലും ശിക്ഷിക്കപെടുമെന്ന് കൂടത്തായിയില്‍ കൊല്ലപ്പെട്ട റോയി തോമസിന്റെ മകന്‍ റെമോയും റോയിയുടെ സഹോദരി റെഞ്ചി തോമസും. കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും. കേസില്‍ ഒരിക്കലും താങ്ങാനാവുന്ന കാര്യങ്ങള്‍ അല്ല പുറത്തു വരുന്നത്.ഒരിക്കലും മാതാപിതാക്കളുടെ മരണം കൊലപാതകമാണെന്ന് സംശയം ഉണ്ടായിരുന്നില്ല. സഹോദരന്‍ റോയിയുടെ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ടാണ് തന്നെ പുറകോട്ട് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. താനും സഹോദരനായ റോജോയും മാത്രമാണ് ഇതിനെതിരെ പൊരുതിയത്. പോലിസും ഇപ്പോള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചും ഒപ്പം നിന്നതിനാലാണ് കേസ് ഇത്രയധികം മുന്നോട്ട് പോയത്. ഇപ്പോള്‍ നടക്കുന്ന അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയുണ്ട്. അമ്മയായ അന്നമ്മയെ കൊല്ലാന്‍ സമാനമായ രീതിയില്‍ ജോളി നേരത്തെ ശ്രമിച്ചിരുന്നതായും റെഞ്ചി പറഞ്ഞു.
ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ കഴിച്ച ആയുര്‍വേദ മരുന്നില്‍ അസ്വഭാവികതകയുള്ളതായി തന്നോട് പറഞ്ഞിരുന്നു. കൈകാലുകള്‍ കുഴയുകയും കാലുകള്‍ മടക്കാനാകാത്ത അവസ്ഥ നേരിട്ടതായും അമ്മ പറഞ്ഞിരുന്നു. സ്വത്ത് തട്ടിയെടുക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന പ്രചാരണം ശരിയല്ല. മാതാപിതാക്കളുടെ സ്വത്തുക്കള്‍ എന്നായാലും മക്കള്‍ക്ക് തുല്യമായി ഉള്ളതാണ്. അത് മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലെങ്കിലും കോടതി ചെയ്ത് തരും. ഒസ്യത്ത് വ്യാജമാണ്. ആദ്യ ഒസ്യത്തില്‍ തീയതിയും സ്റ്റാമ്പും സാക്ഷികളും ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ഇതൊക്കെ ഉണ്ടായത്. എത്ര വര്‍ഷം കഴിഞ്ഞാലും സത്യം പുറത്തു വരുമെന്നും റെഞ്ചി പറഞ്ഞു. അന്വേഷത്തില്‍ ഇരിക്കുന്ന കാര്യമായതിനാല്‍ കൂടുതല്‍ ആളുകള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കാനില്ലെന്നും റെഞ്ചി പറഞ്ഞു. തെറ്റ് ചെയ്തവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടുമെന്ന് മകന്‍ റെമൊ പറഞ്ഞു. ഇത് ചെറിയ വികൃതിയല്ല. കൊലപാതകമാണ്. സത്യം എന്നായാലും പുറത്തു വരുമെന്നും അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും റെമൊ പറഞ്ഞു.