കോട്ടയത്ത് മഴയ്ക്ക് അല്‍പം ശമനം; പലയിടങ്ങളിലും വെള്ളക്കെട്ട്, കെടുതികള്‍ തുടരുന്നു
കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായ മീനിച്ചിലാറ്റിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ മഴ കാര്യമായി പെയ്യാതിരുന്നതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.
കോട്ടയം: ജില്ലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി പെയ്തുകൊണ്ടിരുന്ന മഴയ്ക്ക് അല്‍പം ശമനം. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍പ്രകാരം ഇന്നലെ രാത്രി 8.30 മുതല്‍ ഇന്ന് രാവിലെ 8.30 വരെ ജില്ലയിലെ അഞ്ച് സ്റ്റേഷനുകളിലായി 123.3 മില്ലീമീറ്റര്‍ മുതല്‍ 190 മില്ലീമീറ്റര്‍ വരെ മഴയാണ് ലഭിച്ചത്. മഴ അല്‍പം മാറിനിന്നതോടെ ജലാശയങ്ങളിലെ വെള്ളത്തിന്റെ അളവ് കുറഞ്ഞു.
പല സ്ഥലത്തും പാലങ്ങളിലും റോഡുകളിലും കയറിയ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ചില മേഖലകളില്‍ ഇപ്പോഴും വെള്ളക്കെട്ടാണ്. കനത്ത മഴയില്‍ വെള്ളപ്പൊക്കമുണ്ടായ മീനിച്ചിലാറ്റിലെ ജലനിരപ്പില്‍ കുറവ് രേഖപ്പെടുത്തി. ശനിയാഴ്ച പുലര്‍ച്ചെ മഴ കാര്യമായി പെയ്യാതിരുന്നതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.
പുലര്‍ച്ചെ രണ്ടുമണിക്ക് ഉണ്ടായിരുന്നതിനേക്കാള്‍ രണ്ടടി കുറവാണ് ഇപ്പോള്‍ ജലനിരപ്പെന്നാണ്് ജില്ലാ ഭരണകൂടം അറിയിച്ചത്. പാലാ- ഏറ്റുമാനൂര്‍ റോഡില്‍ വെള്ളാപ്പാട് (പാലാ അരമന) ജങ്ഷന്‍ ഭാഗങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ടുണ്ട്. തൊടുപുഴ റൂട്ട് ഒഴികെ വാഹനഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. പാലായില്‍ കഴിഞ്ഞ രാത്രി വൈകിയും വെള്ളപ്പൊക്കം രൂക്ഷമായിരുന്നു. ഈരാറ്റുപേട്ട- പാലാ റോഡില്‍ മൂന്നാനി, ഇടപ്പാടി ഭാഗത്തെ റോഡിലെ വെള്ളം പൂര്‍ണമായും മാറിയിട്ടില്ല. പാലാ ടൗണിലും പലയിടങ്ങളിലും റോഡില്‍ വെള്ളം രണ്ട് അടി മുതല്‍ നാലടി വരെ ഉണ്ട്.
മീനിച്ചിലാറ്റിലെ ജലനിരപ്പ് 2018ലെ പ്രളയത്തേക്കാള്‍ വലിയ രീതിയിലാണ് രേഖപ്പെടുത്തിയത്. തീക്കോയി, ചേരിപാട്, മുണ്ടക്കയം തുടങ്ങിയ ഇടങ്ങളിലും വെള്ളം കുറഞ്ഞിട്ടുണ്ട്. മുണ്ടക്കയത്ത് 58.895 മീറ്ററാണ് മുന്നറിയിപ്പ് ലെവല്‍. എന്നാല്‍, ഇപ്പോള്‍ ഇത് 57.345 മീറ്റര്‍ ആണ്.
ചേരിപ്പാട് മുന്നറിയിപ്പ് ലെവല്‍ 11.58 മീറ്റര്‍ ആണ്. നിലവിലെ ജലനിരപ്പ് 10.93 മീറ്റര്‍ ആണ്. ജില്ലയില്‍ ഇപ്പോള്‍ മഴയ്ക്ക് അല്‍പം ശമനമുണ്ടായെങ്കിലും കെടുതികള്‍ തുടരുകയാണ്.
പഴയിടം കോസ് വേ മലവെള്ളപ്പാച്ചിലില്‍ തകര്‍ന്നു. റോഡ് പൂര്‍ണമായും ഇടിഞ്ഞ് താണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റോഡില്‍നിന്ന് വെള്ളമിറങ്ങിയെങ്കിലും ചെറിയ മഴ പെയ്താല്‍ വീണ്ടും ഉയരുമെന്ന രീതിയിലാണ്. മൂക്കന്‍പെട്ടി പാലവും തകര്‍ന്ന് ഗതാഗതയോഗ്യമല്ലാതായി. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്നത് പുനസ്ഥാപിച്ച പാലമാണിത്.
കടപ്ലാമറ്റം വില്ലേജിലെ വയല- വെമ്പള്ളി റൂട്ടില്‍ കല്ലോലി പിഡബ്യുഡി പാലം തകര്‍ന്നു ഗതാഗതം മുടങ്ങി. താഴത്തങ്ങാടി ഭാഗത്തും റോഡില്‍ വെള്ളക്കെട്ടാണ്. വൈക്കം മേഖലയിലും ജലനിരപ്പ് അല്‍പം താണുവെങ്കിലും ആശ്വാസകരമായ രീതിയിലായിട്ടില്ലെന്നാണ് റിപോര്‍ട്ടുകള്‍. കോട്ടയം - കുമരകം റോഡില്‍ ആലൂമ്മൂട്, അറവുപുഴ (താഴത്തങ്ങാടി) എന്നീ സ്ഥലങ്ങളില്‍ മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി.
മഴയ്ക്ക് ശമനമുണ്ടായിരുന്നില്ല എങ്കില്‍ കനത്ത പ്രളയത്തിന് കോട്ടയം വീണ്ടും സാക്ഷ്യം വഹിക്കേണ്ടിവന്നേനെയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ തുടങ്ങിയ താലൂക്കുകളിലായി 37 ദുരിതാശ്വാസ ക്യാംപുകളാണ് തുറന്നത്. 280 കുടുംബങ്ങളില്‍നിന്നായി 801 പേരെയാണ് പാര്‍പ്പിച്ചിരിക്കുന്നത്. ഇതില്‍ 325 പുരുഷന്‍മാരും 365 സ്ത്രീകളും ഉള്‍പ്പെടുന്നു.
124 കുട്ടികളുമുണ്ട്. 65 പേര്‍ 60 വയസിന് മുകളിലുള്ളവരാണ്. ക്യാംപുകളില്‍ 32 എണ്ണം ജനറല്‍ ക്യാംപാണ്. 60 വയസിന് മുകളിലുള്ളവര്‍ക്കായി നാലും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്ക് ഒന്നും വേര്‍തിരിച്ചിട്ടുണ്ട്.