84 വയസുകാരന്റെ ജീവന്‍ രക്ഷിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്; രോഗമുക്തിക്കു പിന്നില്‍ വിദഗ്ധചികില്‍സയും മികച്ച പരിചരണവും
കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയെ പിന്നീട് രണ്ടുതവണ പരിശോധിച്ച് നെഗറ്റീവായാലാണ് രോഗമുക്തി ഉറപ്പാക്കുന്നതെങ്കില്‍ ഇദ്ദേഹത്തിന്റെ സ്രവസാംപിള്‍ മൂന്നുതവണ പരിശോധിച്ച് ഉറപ്പുവരുത്തിയതായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.കെ സജീത്ത് കുമാര്‍ പറഞ്ഞു.
തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 84 കാരനായ കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശി ഇന്ന് രോഗമുക്തനായതിനു പിന്നില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വിദഗ്ധഡോക്ടര്‍മാരും നഴ്സുമാരും അടങ്ങിയ സംഘത്തിന്റെ സമര്‍പ്പണബോധത്തോടെയുള്ള വിദഗ്ധചികില്‍സയും നിരന്തരശ്രദ്ധയും മികച്ച പരിചരണവും. ഒരുവര്‍ഷം മുമ്പ് സ്ട്രോക്ക് വന്ന ഇദ്ദേഹം കൊവിഡ് 19ന് പുറമെ കിഡ്നി തകരാറും കടുത്ത ന്യൂമോണിയയും ബാധിച്ച് അതീവഗുരുതരാവസ്ഥയിലാണ് മെഡിക്കല്‍ കോളജിലെത്തിയത്. വീട്ടില്‍ വീണ് കാലിന്റെ എല്ലുപൊട്ടിതിനെത്തുടര്‍ന്ന് കണ്ണൂരിലെ സ്വകാര്യാശുപത്രിയില്‍ ചികില്‍സതേടിയ ശേഷം മറ്റ് അസുഖങ്ങള്‍ ഗുരുതരമായതോടെ ഇദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്ന് കൊവിഡ് കൂടി സ്ഥിരീകരിച്ചതോടെയാണ് വിദഗ്ധചികില്‍സയ്ക്കായി മെഡിക്കല്‍ കോളജിലേക്ക് വിട്ടത്.
മെഡിക്കല്‍ കോളജില്‍ വീണ്ടും കൊവിഡ് പരിശോധന നടത്തി പോസിറ്റീവാണെന്ന് ഉറപ്പിച്ച ശേഷം കിഡ്നി തകരാര്‍, ന്യൂമോണിയ, കാലിന്റെ എല്ലിലെ പൊട്ട് ഉള്‍പ്പെടെയുള്ള എല്ലാ അസുഖങ്ങള്‍ക്കും ഏറ്റവും മികച്ച ചികില്‍സയും പരിചരണവും നല്‍കി. ഇതിനിടെ അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനവും തകരാറിലായി. പ്രായാധിക്യത്തോടൊപ്പം ഇത്രയേറെ പ്രയാസങ്ങള്‍ ഒന്നിച്ചുവന്നിട്ടും അതെല്ലാം ഭേദമാക്കിയാണ് 84 കാരനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നത്. മെഡിസിന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ ഡോക്ടര്‍മാരുടെ ഒരുസംഘത്തെ തന്നെ ഇദ്ദേഹത്തിന്റെ ചികില്‍സയ്ക്കായി നിയോഗിക്കുകയും എല്ലാ ദിവസവും മെഡിക്കല്‍ ബോര്‍ഡ് ചേര്‍ന്ന് വിദഗ്ധശ്രദ്ധയും പരിചരണവും ഉറപ്പാക്കുകയും ചെയ്തതായി ആശുപത്രി സൂപ്രണ്ട് ഡോ.കെ സജീത്ത് കുമാര്‍ പറഞ്ഞു.
24 മണിക്കൂറും അടുത്തുനിന്ന് നിരീക്ഷിക്കുകയും നിരന്തരം രക്തപരിശോധനയും മറ്റും നടത്തുകയും തീവ്രപരിചരണവിഭാഗത്തില്‍ തന്നെ വിദഗ്ധപരിചരണം ഉറപ്പാക്കുകയും ചെയ്തു. കാന്റീനിലെ ഭക്ഷണം കഴിക്കാന്‍ പറ്റാത്തതിനാല്‍ നഴ്സിങ് സൂപ്രണ്ടുമാരും നഴ്സുമാരും മറ്റും അവരുടെ സ്വന്തം വീടുകളില്‍ പ്രത്യേകം ഭക്ഷണം തയ്യാറാക്കിക്കൊണ്ടുവന്നാണ് ഇദ്ദേഹത്തിന് ട്യൂബ് വഴി ഭക്ഷണം നല്‍കിയത്. എല്ലാ അര്‍ഥത്തിലും പൂര്‍ണസമര്‍പ്പണത്തോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാരും നഴ്സുമാരും പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് 84 കാരന്റെ രോഗമുക്തി.
കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയെ പിന്നീട് രണ്ടുതവണ പരിശോധിച്ച് നെഗറ്റീവായാലാണ് രോഗമുക്തി ഉറപ്പാക്കുന്നതെങ്കില്‍ ഇദ്ദേഹത്തിന്റെ സ്രവസാംപിള്‍ മൂന്നുതവണ പരിശോധിച്ച് ഉറപ്പുവരുത്തിയതായി മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.കെ സജീത്ത് കുമാര്‍ പറഞ്ഞു. ഗുരുതരാവസ്ഥയില്‍ നിന്നും മികച്ച ചികിത്സയിലൂടെ അബൂബക്കറെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍ തുടങ്ങി എല്ലാ ജിവനക്കാരെയും ആരോഗ്യമന്ത്രി അഭിനന്ദിച്ചു.