കോഴിക്കോട്-ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനുകള്‍ സര്‍വീസ് നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍; ഇടപെടാതെ സ്ഥലം എംപിമാര്‍

മറ്റെല്ലാ സ്ഥലത്തും പാസഞ്ചര്‍ ട്രെയിന്‍ പുനസ്ഥാപിച്ചപ്പോള്‍ ഷെര്‍ണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ മാത്രം ട്രെയിനുകള്‍ പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധം ശക്തം.

Update: 2022-02-14 00:55 GMT

തിരൂര്‍: ഷൊര്‍ണൂര്‍ മുതല്‍ കോഴിക്കോട് വരെ ദൈനംദിന യാത്രക്കായി ഏറ്റവും അധികം ആളുകള്‍ ആശ്രയിച്ചിരുന്ന പാസഞ്ചര്‍ ട്രെയിനുകള്‍ ഈ റൂട്ടില്‍ നിര്‍ത്തിയിട്ട് വര്‍ഷങ്ങള്‍. മറ്റെല്ലാ സ്ഥലത്തും പാസഞ്ചര്‍ ട്രെയിന്‍ പുനസ്ഥാപിച്ചപ്പോള്‍ ഷെര്‍ണ്ണൂര്‍ കോഴിക്കോട് റൂട്ടില്‍ മാത്രം ട്രെയിനുകള്‍ പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധം ശക്തം.

നിലവില്‍ രാവിലെ തൃശ്ശൂരില്‍ നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ മുതല്‍ വൈകുന്നേരമുള്ള കണ്ണൂര്‍ ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ വരെയുള്ള ലോക്കല്‍ ട്രെയിനുകളെ ആയിരക്കണക്കിന് യാത്രക്കാരാണ് നിത്യവും ഉപയോഗിച്ചിരുന്നത്. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇന്ത്യന്‍ റെയില്‍വേ മുഴുവന്‍ ട്രെയനുകളും നിര്‍ത്തിയ ശേഷം എക്‌സപ്രസ് ട്രെയിനുകള്‍ മാത്രമാണ് പുനസ്ഥാപിച്ചത്. എക്‌സപ്രസ് ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ നിര്‍ബന്ധമാണ്. കൂടാതെ നേരത്തെ ഉണ്ടായിരുന്ന കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ട്രെയിനുകള്‍ ഇപ്പോള്‍ എക്‌സപ്രസ് ആയാണ് ഓടുന്നത്. ഈ റൂട്ടിലുള്ള മെമു സര്‍വ്വീസ് ആകട്ടെ പുലര്‍ച്ചെയും രാത്രിയുമാണ് കടന്നുപോകുന്നത്.


കേരളത്തില്‍ എല്ലായിടത്തും പഴയ പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിച്ചു. ജില്ലയില്‍ തന്നെ യാത്രക്കാര്‍ കുറവുള്ള നിലമ്പൂര്‍ റൂട്ടില്‍ വരെ പാസഞ്ചര്‍ ട്രയിന്‍ ഓടാന്‍ തുടങ്ങി

കേന്ദ്ര റെയില്‍വേ മന്ത്രാലയവുമായി ബന്ധപ്പെട്ട നടപടികള്‍ സ്വീകരിക്കാത്തതാണ് പാസഞ്ചര്‍ ട്രെയിനുകള്‍ പുനസ്ഥാപിക്കാത്തതെന്നാണ് സ്ഥിരം യാത്രക്കാരുടെ പരാതി.

കോഴിക്കോടിനും ഷെര്‍ണ്ണൂരിനുമിടയിലുള്ള കോഴിക്കോട്, മലപ്പുറം, പൊന്നാനി, പാലക്കാട് തുടങ്ങിയ ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന നാല് എംപിമാരാണ് ഉള്ളത്. ഇവര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപെടണമെന്ന് താനൂര്‍ പൗരവലി ആവിശ്യപ്പെട്ടു.

ദൈനംദിന തൊഴിലുകള്‍ക്കടക്കം കോഴിക്കോട് നഗരത്തെ ആശ്രയിക്കുന്ന നൂറുകണക്കിന് സ്ഥിരം യാത്രക്കാരുടെ ആശ്രയമാണ് ഈ ലോക്കല്‍ ട്രെയിനുകള്‍.

Similar News