ചരിത്രം സംരക്ഷിച്ച് കോഴിക്കോടിനെ മൊഞ്ചാക്കാന്‍ ഐഐഐ
കാലിക്കറ്റ് ട്രേഡ് സെന്ററിലും സ്വപ്‌ന നഗരിയിലെ ഓപ്പണ്‍ സ്‌റ്റേജിലുമായി ഒരുക്കുന്ന നാലുവേദികളിലായാണ് മൂന്നു ദിവസത്തെ പരിപാടികള്‍ നടക്കുക. വിദേശത്തേയും സ്വദേശത്തെയും പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍, ക്യൂറേറ്റര്‍മാര്‍, ചിന്തകന്‍മാര്‍, എഴുത്തുകാര്‍ സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി 1500ലേറെ പേര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട്ടെത്തും.
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐഐഎ) കാലിക്കറ്റ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ യങ് ആര്‍ക്കിടെക്റ്റസ് ഫെസ്റ്റിവെലും 'ക്രോസ് റോഡ്‌സ് 2022ഉം ഒക്ടോബര്‍ 27,28,29 തിയ്യതികളില്‍ കോഴിക്കോട് നടക്കും. കാലിക്കറ്റ് ട്രേഡ് സെന്ററിലും സ്വപ്‌ന നഗരിയിലെ ഓപ്പണ്‍ സ്‌റ്റേജിലുമായി ഒരുക്കുന്ന നാലുവേദികളിലായാണ് മൂന്നു ദിവസത്തെ പരിപാടികള്‍ നടക്കുക. വിദേശത്തേയും സ്വദേശത്തെയും പ്രമുഖ ആര്‍ക്കിടെക്റ്റുകള്‍, ക്യൂറേറ്റര്‍മാര്‍, ചിന്തകന്‍മാര്‍, എഴുത്തുകാര്‍ സിനിമാ പ്രവര്‍ത്തകര്‍ തുടങ്ങി 1500ലേറെ പേര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോഴിക്കോട്ടെത്തും. അവരിലൂടെ ഉരുത്തിരിയുന്ന ചിന്തകള്‍ പൊതു ജനങ്ങളുമായി പങ്കുവയ്ക്കും. ഇന്ത്യയിലെ വാസ്തുവിദ്യയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും വെളിച്ചം വീശുന്നതാവും 'വൈഎഎഫ് ക്രോസ് റോഡ്്‌സ് 2022'.
ലോകപ്രശസ്ത വാസ്തു ശില്‍പ്പികളാല്‍ രൂപകത്പ്പന ചെയ്ത് കോഴിക്കോടിനെ ഒരു മാതൃകാ നഗരമായി മാറ്റുക എന്ന ലക്ഷ്യം കൂടി ഫെസ്റ്റ് മുന്നോട്ടു വയ്ക്കുന്നുണ്ടെന്ന് ഐഐഎ കോഴിക്കോട് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ ആര്‍ക്കിടെക്റ്റ് പി പി വിവേക് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഈ ഉദ്യമത്തിനായി രാജ്യാന്തര ദേശീയ തലത്തില്‍ പ്രമുഖരായ വാസ്തുശില്‍പ്പികള്‍ പങ്കെടുക്കുന്ന വര്‍ക്ക് ഷോപ്പുകള്‍, ദേശീയ ഡിസൈന്‍ മത്സരങ്ങള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. പൊതു ജനങ്ങള്‍ക്കു വേണ്ടി പബ്ലിക് എക്‌സിബിഷന്‍ എന്നിവയും ഒരുക്കുന്നുണ്ട്. കോഴിക്കോട് നഗരത്തിനു വേണ്ടിയുള്ള മൂന്നു വര്‍ക്ക്‌ഷോപ്പുകളാണ് ഇതില്‍ പ്രധാനം.
റീവീവ് കോഴിക്കോട്
'റീവീവ് കോഴിക്കോട്' എന്ന പേരില്‍ നാഷണല്‍ ഡിസൈനിംഗ് കോമ്പറ്റീഷനാണ് ഒന്ന്. കോഴിക്കോടിന്റെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ് മാനാഞ്ചിറയും അതിന്റെ തീരത്തെ കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും. പ്രവര്‍ത്തനം നിലച്ച് ജീര്‍ണതയെ നേരിടുന്ന കോംട്രസ്റ്റ് നെയ്ത്തു ഫാക്ടറിയും സമീപത്തെ മാനാഞ്ചിറയും അതിനു ചുറ്റുമുള്ള റോഡുകളും വൈക്കം മുഹമ്മദ് ബഷീര്‍ റോഡും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളെ സംയോജിപ്പിച്ചുള്ള ആര്‍ക്കിടെക്ച്വര്‍ ഡിസൈനിംഗാണ് റീവീവ് കോഴിക്കോട് വിഭാവനം ചെയ്യുന്നത്. മികച്ച ഡിസൈനിംഗിന് അഞ്ചു ലക്ഷം രൂപയും. രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് മൂന്നു ലക്ഷം ഒരു ലക്ഷം വീതം സമ്മാനമായി നല്‍കും. ലോക പ്രശസ്ത ആര്‍ക്കിടെക്റ്റുകളായ പീറ്റര്‍ റിച്ച്, സൗമിത്രോ ഘോഷ്, കെ ടി രവീന്ദ്രന്‍, ആര്‍ക്കിടെക്ചര്‍, അര്‍ബന്‍ ഡിസൈന്‍, കണ്‍സര്‍വേഷന്‍ എന്നീ മേഖലകളിലെ മറ്റ് പ്രതിനിധികള്‍ എന്നിവര്‍ ഉള്‍പ്പെട്ട ജൂറി പാനലായിരിക്കും എന്‍ട്രികള്‍ വിലയിരുത്തുക.
ബീച്ചിലെ പൈതൃക സംരക്ഷണം
പഴയ കോഴിക്കോട് കോര്‍പറേഷന്‍ ഓഫിസും ചരിത്രമുറങ്ങുന്ന പട്ടുതെരുവും പരിസരങ്ങളും സംരക്ഷിച്ചു നിര്‍ത്തി അവിടെ ആകര്‍ഷകമായ ഒരു സ്‌ക്വയര്‍ ഉള്‍പ്പടെ എങ്ങിനെ വിഭാവനം ചെയ്യാമെന്നന്വേഷിക്കുന്ന രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വര്‍ക്ക്‌ഷോപ്പാണ് രണ്ടാമത്തേത്. ശ്രീലങ്കയില്‍ നിന്നുള്ള ആര്‍ക്കിടെക്റ്റ് പലിന്ത കണ്ണങ്കര ക്യൂറേറ്റ് ചെയ്യുന്ന ഈ വര്‍ക് ഷോപ്പില്‍ ആര്‍ക്കിടെക്റ്റുകളായ ബിജോയ് രാമചന്ദ്രന്‍, ബിജു കുര്യാക്കോസ്, വിജു ദാര്യയവ് തുടങ്ങി രാജ്യത്തെ പ്രമുഖരായ അഞ്ച് വാസ്തു ശില്‍പ്പികള്‍ പങ്കെടുക്കും.
ലയണ്‍സ് പാര്‍ക്ക് കുട്ടികള്‍ ഡിസൈന്‍ ചെയ്യും
കോഴിക്കോട് ബീച്ചിലെ കാടുകയറിയ ലയണ്‍സ് പാര്‍ക്ക് തിരിച്ചു പിടിച്ച് പുനരുദ്ധാരണത്തിനൊരുങ്ങുകയാണ് കോഴിക്കോട് കോര്‍പറേഷന്‍. തങ്ങളുടെ പാര്‍ക്ക് എങ്ങിനെ വേണമെന്ന് കുട്ടികള്‍ തന്നെ ഡിസൈന്‍ ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ഐഐഎ. കോഴിക്കോട് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ലയണ്‍സ് പാര്‍ക്കിനെ തങ്ങളുടെ ഭാവനയില്‍ ചാലിച്ച് ഡിസൈന്‍ ചെയ്യും. ആര്‍ക്കിടെക്റ്റ് മാധവ് രാമന്‍ ക്യൂറേറ്ററായിരിക്കും. കേരളത്തിലെ പ്രമുഖ വാസ്തുശില്‍പ്പികള്‍ പങ്കാളികളാവും.
വാര്‍ത്താ സമ്മേളനത്തില്‍ ഐഐഎ കേരള ചാപ്റ്റര്‍ വൈസ് ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് വിനോദ്് സിറിയക്, വൈഎഎഫ് 2022 നാഷണല്‍ കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് ബ്രിജേഷ് ഷൈജാള്‍, ഐഐഎ കാലിക്കറ്റ് സെന്റര്‍ ചെയര്‍പേഴ്‌സണ്‍ വിവേക് പി.പി, വൈഎഎഫ് കോ. കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് ശ്യാം സലീം, പ്രോഗ്രാം കണ്‍വീനര്‍ ആര്‍ക്കിടെക്റ്റ് നിമിഷ ഹക്കീം, കണ്‍വീനര്‍ (പിആര്‍) കീര്‍ത്തി സുവര്‍ണ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
വൈഎഫ് അവാര്‍ഡ്: അവസാന തീയതി സെപ്റ്റംബര്‍ 30
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ക്കിടെക്ട്‌സ് കേരള ചാപ്റ്റര്‍ ആതിഥേയത്വം വഹിക്കുന്ന ദേശീയ ഡിസൈന്‍ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വൈഎഎഫ് അവാര്‍ഡിന് ( YAF AWARDS 2022) എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം സെപ്തംബര്‍ 30 ആണ്. ഐഐഎ അംഗങ്ങളായ വാസ്തുവിദ്യാ മേഖലയിലെ യുവാക്കളുടെ ക്രിയാത്മക സംഭാവനകള്‍, ചിന്തകള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടിയാണ് അവാര്‍ഡ്.
'അവാര്‍ഡുകള്‍ക്കായി എട്ടു വിഭാഗങ്ങളുണ്ട്. ലഭിച്ച പ്രാരംഭ ഓണ്‍ലൈന്‍ എന്‍ട്രികളില്‍ നിന്ന് വൈഎഎഫ് ക്രോസ് റോഡ്‌സ് 2022 (YAF-Crossroads 2022) ഇവന്റില്‍ തത്സമയം അവതരിപ്പിക്കേണ്ട മികച്ചവയെ ജൂറി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യും. ആര്‍ക്കിടെക്റ്റുകളായ കമല്‍ മാലിക്, ടോണി ജോസഫ്, അപര്‍ണ നരസിംഹന്‍, അലന്‍ എബ്രഹാം, അബിന്‍ ചൗധരി, ക്യൂറേറ്റര്‍ റിയാസ് കോമു, ജയകൃഷ്ണന്‍ കെ ബി, മഞ്ജു സാറ രാജന്‍, പ്രകാശ് വര്‍മ്മ എന്നിങ്ങനെ പ്രമുഖര്‍ ഉള്‍പ്പെടുന്നതാണ് ജൂറി. വിവരങ്ങള്‍ക്ക് www.indianinstituteofarchitects.com-ല്‍ ലോഗിന്‍ ചെയ്യുക.